ഹോളിവുഡ് സിനിമാപ്രേമികളുടെ ഫേവറെറ്റില്‍ ഇടംപിടിച്ച ചിത്രമാണ് ഹീറ്റ്. അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൈക്കല്‍ മാന്‍ സംവിധാനം ചെയ്ത ചിത്രം ക്ലാസിക്കുകളുടെ പട്ടികയില്‍ ഇടംപിടിച്ച ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം തന്റെ പരിഗണനയിലുണ്ടെന്ന് അടുത്തിടെ സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ കാസ്റ്റ് ലിസ്റ്റ് ഹോളിവുഡ് സിനിമാപേജുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഹോളിവുഡിലെ അതികായരായ നടന്മാര്‍ ഹീറ്റ് 2വിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച അല്‍ പാച്ചിനോ രണ്ടാം ഭാഗത്തിലും പ്രധാനവേഷം കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്.
ഒപ്പം ക്രിസ്റ്റ്യന്‍ ബെയ്ല്‍, ലിയോനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ്‌ലി കൂപ്പര്‍, അനാ ഡെ ആര്‍മസ് എന്നിവരും ഹീറ്റ് 2വില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരനിരയാണ് ഹീറ്റ് 2വിലേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗംഭീര പെര്‍ഫോമര്‍മാര്‍ അണിനിരക്കുന്ന ചിത്രം സിനിമാപ്രേമികള്‍ക്ക് പുതിയൊരു ദൃശ്യാനുഭവമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഡ്യൂണ്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഓസ്റ്റിന്‍ ബട്‌ലര്‍, ഫോര്‍ഡ് vs ഫെരാരി, മാരേജ് സ്റ്റോറി എന്നീ സിനിമകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ആദം ഡ്രൈവര്‍, ദി ബെയര്‍ എന്ന സീരീസിലൂടെ എല്ലാവരെയും ഞെട്ടിച്ച ജെറെമി അലന്‍ എന്നിവരും ഹീറ്റ് 2വിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഔദ്യോഗികമായ കാസ്റ്റ് ലിസ്റ്റ് ഈ വര്‍ഷം അവസാനത്തോടെ പുറത്തുവിടുമെന്നാണ് വിവരം. ക്രിസ്മസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2026 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും 2027 സമ്മര്‍ റിലീസായി ഹീറ്റ് 2 തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ രീതിയില്‍ ഒരുങ്ങിയ ഹീറ്റ് 1995ലെ ഏറ്റവും മികച്ച ചിത്രമായാണ് പലരും കണക്കാക്കുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായ ചിത്രം ഷിക്കാഗോയിലെ ഒരു പൊലീസ് ഓഫീസറുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ എല്ലാവരുടെയും പ്രതീക്ഷ വാനോളമാണ്.
Content Highlight: Michel Mann’s Heat 2 cast list creating hype in cinephiles