ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടാത്ത ഒരു ടീമിനെയാണ് ധോണി നയിച്ചത്, വിരാട് ചെയ്തത് മറ്റൊന്ന്;തുറന്ന് പറഞ്ഞ് മൈക്കല്‍ വോണ്‍
Sports News
ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടാത്ത ഒരു ടീമിനെയാണ് ധോണി നയിച്ചത്, വിരാട് ചെയ്തത് മറ്റൊന്ന്;തുറന്ന് പറഞ്ഞ് മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th May 2025, 9:13 pm

രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല് പ്രഖ്യാപിച്ചത്. മെയ് 12ന് സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് താരം പടിയിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര മുന്നിലുള്ളപ്പോഴാണ് ഇരുവരും വിരമിക്കല്‍ അറിയിച്ചത്. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

ഇപ്പോള്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വിരാടിന്റെ വിരമിക്കല്‍ ഞെട്ടലുണ്ടാക്കിയെന്നും കഴിഞ്ഞ 30 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റിന് വലിയ സംഭാവന ചെയ്ത താരമാണ് വിരാടെന്നും വോണ്‍ പറഞ്ഞു. മാത്രമല്ല ധോണി ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടാത്ത ഒരു ടീമിനെ നയിച്ചപ്പോള്‍ വിരാട് ഫോര്‍മാറ്റിന് വേണ്ട രീതിയില്‍ വലിയ അഭിനിവേശത്തോടെ ടീമിനെ നയിച്ചെന്നും വോണ്‍ പറഞ്ഞു.

‘അദ്ദേഹം വിരമിച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി, അതില്‍ എനിക്ക് സങ്കടമുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു ക്രിക്കറ്റ് കളിക്കാരനെയും ഞാന്‍ കണ്ടിട്ടില്ല.

വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളായിരുന്നു എം.എസ്. ധോണി, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടാത്ത ടീമിനെയാണ് അദ്ദേഹം നയിച്ചത്. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് ഗെയിമിന് ആവശ്യമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് അതാണ് ചെയ്തത്.

ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശവും കഴിവുകളും, അദ്ദേഹം ഫോര്‍മാറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. ടെസ്റ്റ് ക്രിക്കറ്റിന് വലിയൊരു തിരിച്ചടിയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. പുതിയ തലമുറയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താത്പര്യം ഉണ്ടാക്കുന്നതില്‍ വലിയ പ്രചോതനമായിരുന്നു വിരാട്,’ വോണ്‍ ദ ടെലിഗ്രാഫിനോട് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്.

Content Highlight: Michael Vaughan Talking About Virat Kohli