| Saturday, 7th June 2025, 11:20 am

ആ ഒറ്റ കാരണം കൊണ്ട് മാത്രമാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തുന്നത്, അവര്‍ മൂന്ന് പേരും അടുത്ത സീസണിലും ഉണ്ടാകും; വ്യക്തമാക്കി മൈക്കല്‍ ക്ലാര്‍ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ എം.എസ്. ധോണി, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്. ഇവര്‍ കാരണമാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തുന്നതെന്നും ക്ലാര്‍ക് കൂട്ടിച്ചേര്‍ത്തു.

ധോണി ചെന്നൈയുടെ രാജാവാണെന്നും അദ്ദേഹം വിരമിക്കുന്നത് സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കുമെന്നും ക്ലാര്‍ക് വ്യക്തമാക്കി.

‘എം.എസ്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ ഇവര്‍ അടുത്ത സീസണിലും ഉണ്ടാകും. എം.എസ്. ധോണിയെന്നത് വളരെ വലിയ പേരാണ്. എവേ മത്സരങ്ങളില്‍ പോലും സ്‌റ്റേഡിയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ കൊണ്ട് നിറയുന്നുണ്ടെങ്കില്‍ അതിന് ഒരേയൊരു കാരണം ധോണി മാത്രമാണ്.

സ്‌പോണ്‍സര്‍മാര്‍ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ധോണി സൂപ്പര്‍ കിങ്‌സിനൊപ്പം ഉള്ളതുകൊണ്ടുമാത്രമാണ്. ആരാധകര്‍ അവിടെയെത്തുന്നതും ധോണിയുള്ളതുകൊണ്ട് മാത്രമാണ്,’ ബിയോണ്ട് 23 പോഡ്കാസ്റ്റില്‍ ക്ലാര്‍ക് വ്യക്തമാക്കി.

‘അദ്ദേഹം ചെന്നൈയുടെ രാജാവാണ്. ധോണി ടീമിനൊപ്പമുണ്ടാകണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഇംപാക്ട് എത്രത്തോളമുണ്ടെന്ന് ആരാധകര്‍ മനസിലാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം വിരമിക്കുമ്പോള്‍ അത് ടീമിന് വളരെ വലിയ നഷ്ടമായിരിക്കും,’ ക്ലാര്‍ക് വ്യക്തമാക്കി.

ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ ഹൈലറ്റായ ഇംപാക്ട് പ്ലെയര്‍ നിയമത്തെ വിമര്‍ശിച്ചും അദ്ദേഹം സംസാരിച്ചു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെയോ അന്താരാഷ്ട്ര ക്രിക്കറ്റിനെയോ ഒരു തരത്തിലും സഹായിക്കുന്നില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും ക്ലാര്‍ക് പറഞ്ഞു.

‘ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എങ്കിലും ഇത് എവിടെയും പോകില്ല. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെയോ അന്താരാഷ്ട്ര ക്രിക്കറ്റിനെയോ ഒരു തരത്തിലും സഹായിക്കുന്നില്ല. ഡിസിഷന്‍ മേക്കേഴ്‌സ് ഈ നിയമം എടുത്ത് കളയില്ല,’ ക്ലാര്‍ക് കൂട്ടിച്ചേര്‍ത്തു.

Content Highlight: Michael Clarke says MS Dhoni, Virat Kohli and Rohit Sharma will play IPL 2026

Latest Stories

We use cookies to give you the best possible experience. Learn more