സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങുന്ന മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഒക്ടോബര്‍ 19ന് തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് ഇരുവരും കളിക്കുക. ഫെബ്രുവരിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ആദ്യമാണ് ഇന്ത്യയ്ക്കായി ഒരു മത്സരത്തില്‍ ഇറങ്ങുന്നത്.
ഇപ്പോള്‍ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന താരങ്ങള്‍ കോഹ്‌ലി, രോഹിത് എന്നിവരില്‍ ഒരാളാകുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കോഹ്‌ലി രോഹിത്തിനെക്കാള്‍ റണ്‍സ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ബിയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.
‘വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ എന്നിവരില്‍ ഒരാളാകും പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാര്‍. ഇത് അവരിരുവരും ഓസ്ട്രേലിയയില്‍ കളിക്കുന്ന അവസാന മത്സരമാണെങ്കില്‍ തീര്‍ച്ചയായും മികച്ച ബാറ്റിങ് പുറത്തെടുക്കും.
രോഹിത്തിനെക്കാള്‍ കോഹ്‌ലിയായിരിക്കും കൂടുതല്‍ റണ്‍സ് നേടുക. അതിന് കാരണം ഓസ്ട്രേലിയയില്‍ ഓപ്പണ്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുക മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ്,’ ക്ലാര്‍ക്ക് പറഞ്ഞു.
ഓസ്ട്രേലിയന്‍ പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 19ന് പുറമെ, 23, 25 എന്നീ ദിവസങ്ങളിലാണ് മത്സരങ്ങളുള്ളത്. ഇതിനായുള്ള ടീമിനെ ബി.സി.സി.ഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയാണ് ഈ പര്യടനത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം മാനേജ്‌മെന്റ് ശുഭ്മന്‍ ഗില്ലിനാണ് ക്യാപ്റ്റന്റെ ബാറ്റണ്‍ നല്‍കിയിരിക്കുന്നത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍സി കുപ്പായത്തിലുള്ളത്.