ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് ശേഷം ഇന്ത്യ സമ്മര്‍ദത്തിലാണെന്ന് തുറന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ആര്‍തര്‍ട്ടണ്‍. ഐ.പി.എല്ലിന് ശേഷം പുതിയ വേള്‍ ടെസ്റ്റ് ചമ്പ്യന്‍ഷിപ്പ് തുടങ്ങുമ്പോള്‍ വിരാടിന് പകരക്കാരനാകാന്‍ ഇന്ത്യയ്ക്ക് മറ്റൊരാള്‍ ഇല്ലെന്നും ഇതിന് മുമ്പ് സച്ചിനായിരുന്നു ആ സ്ഥാനത്തെന്നും ആതര്‍ട്ടണ്‍.
‘പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയോടെ ഇന്ത്യ അവരുടെ ടെസ്റ്റ് ടീമിനെ പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. അവര്‍ക്ക് നാലാം സ്ഥാനത്ത് ആരുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷേ നാലാം സ്ഥാനത്ത് വിരാട് കോഹ്‌ലിക്ക് പകരക്കാരനാകുന്നത് എളുപ്പമല്ല. അതിനാല്‍ അവര്‍ സമ്മര്‍ദത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിരാടിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ആ സ്ഥാനത്ത്,’ സ്‌കൈ സ്‌പോര്‍ട്‌സില്‍ ആതര്‍ട്ടണ്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്.
2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്.