യു.എ.ഇ ടി-20 ലീഗായ ഐ.എല്‍.ടി-20യില്‍ കിരീടപ്പോരിന് യോഗ്യത നേടി എം.ഐ എമിറേറ്റ്‌സ്. കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ തങ്ങളുടെ രണ്ടാം ഫൈനലിന് എമിറേറ്റ്‌സ് യോഗ്യത നേടിയത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു എം.ഐയുടെ വിജയം. അബുദാബി നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 23 പന്ത് ശേഷിക്കെ കെയ്‌റോണ്‍ പൊള്ളാര്‍ഡും സംഘവും മറികടക്കുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തില്‍ ഇത് 15ാം തവണയാണ് ടീമുമായി ബന്ധപ്പെട്ട ഫ്രാഞ്ചൈസി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും വനിതാ പ്രീമിയര്‍ ലീഗിനും പുറമെ ഐ.എല്‍.ടി-20, എസ്.എ-20, സി.എല്‍.ടി-20, മേജര്‍ ലീഗ് ക്രിക്കറ്റ് അടക്കം വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ ചാമ്പ്യന്‍മാരും രണ്ടാം സ്ഥാനക്കാരുമാകാന്‍ എം.ഐ ഫ്രാഞ്ചൈസികള്‍ക്ക് സാധിച്ചിട്ടുണ്ട്.
നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അബുദാബി വെറും 120 റണ്‍സിലൊതുങ്ങി. 40 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ അലിഷന്‍ ഷറഫുവാണ് ടോപ്പ് സ്‌കോറര്‍.
എമിറേറ്റ്‌സിനായി അള്ളാ ഘന്‍സഫര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് റോഹിദും ഫസല്‍ഹഖ് ഫാറൂഖിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി നൈറ്റ് റൈഡേഴ്‌സിനെ തളച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എമിറേറ്റ്‌സിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാരായ ആന്ദ്രേ ഫ്‌ളെച്ചര്‍ (ആറ് പന്തില്‍ അഞ്ച്), മുഹമ്മദ് വസീം (14 പന്തില്‍ പത്ത്) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ വണ്‍ ഡൗണായി കളത്തിലിറങ്ങിയ ടോം ബാന്‍ഡന്റെ അര്‍ധ സെഞ്ച്വറിയും നാലാം നമ്പറിലെത്തിയ ഷാകിബ് അല്‍ ഹസന്റെ പ്രകടനവും ടീമിന് വിജയം സമ്മാനിച്ചു.
ബാന്‍ഡന്‍ 53 പന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടി. 20 പന്തില്‍ 38 റണ്‍സാണ് ഷാകിബിന്റെ സമ്പാദ്യം. ഒടുവില്‍ 16.1 ഓവറില്‍ ടീം വിജയലക്ഷ്യം മറികടന്നു.
നാളെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗള്‍ഫ് ജയന്റ്‌സാണ് എതിരാളികള്‍. ടൂര്‍ണമെന്റിലെ രണ്ടാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.
Content Highlight: MI Franchise to play 15th Final