| Friday, 19th June 2026, 9:28 am

ആദ്യം ആതിഥേയര്‍; കൊറിയക്കെതിരെ ആഞ്ഞടിച്ച് മെക്‌സിക്കന്‍ തിരമാല

സുദേവ് എ

2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറുന്ന ആദ്യ ടീമായി മെക്‌സിക്കോ. സൗത്ത് കൊറിയയെ വീഴ്ത്തിയാണ് സഹ ആതിഥേയ രാജ്യം കൂടിയായ മെക്‌സിക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്‌സിക്കോ കൊറിയയെ വീഴ്ത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. 50ാം മിനിറ്റില്‍ ലൂയിസ് റൊമോയിലൂടേയാണ് മെക്‌സിക്കോ ലക്ഷ്യം കണ്ടത്. ഈ ഗോളിന്റെ പിന്‍ബലത്തില്‍ മെക്‌സിക്കോ സൗത്ത് കൊറിയന്‍ ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

57 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ സൗത്ത് കൊറിയ എട്ട് ഷോട്ടുകളാണ് മെക്‌സിക്കോയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലെത്തിയത്. മെക്‌സിക്കോയും എട്ട് ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ വീഴ്ത്തി തുടങ്ങിയ മെക്‌സിക്കോ ഇപ്പോള്‍ സൗത്ത് കൊറിയയെയും കീഴടക്കിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ആസ്റ്റെക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോ കീഴടക്കിയത്. ജൂലിയന്‍ ക്വിനോനസ്, ജിമിനെസ് എന്നിവരാണ് മെക്‌സിക്കോയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

ലോകകപ്പില്‍ ജൂണ്‍ 15നാണ് മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. ചെക്ക് റിപ്പബ്ലിക്കാണ് മെക്സിക്കോയുടെ എതിരാളികള്‍. 1970, 1986 മെക്‌സിക്കോ ആതിഥേയത്വം വഹിച്ച ലോകകപ്പുകളില്‍ മെക്‌സിക്കോ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. ഇപ്പോള്‍ സ്വന്തം മണ്ണില്‍ നടക്കുന്ന മറ്റൊരു ലോകകപ്പില്‍ മെക്‌സിക്കോ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Mexico advances to 2026 FIFA World Cup round of 32 after defeating South Korea

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more