റയല്‍ മാഡ്രിഡിനേക്കാളും ബാഴ്‌സ താരങ്ങള്‍ വെറുത്തിരുന്ന ടീം; മെസി പറഞ്ഞത്
Sports News
റയല്‍ മാഡ്രിഡിനേക്കാളും ബാഴ്‌സ താരങ്ങള്‍ വെറുത്തിരുന്ന ടീം; മെസി പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th June 2025, 1:03 pm

ലാലിഗയില്‍ ഏറ്റവുമധികം സക്‌സസ്ഫുള്ളായതും ഫാന്‍ ഫോളോയിങ്ങുമുള്ള ടീമുകളാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. ഇരുടീമുകളും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത എല്‍ ക്ലാസിക്കോ മത്സരങ്ങളെല്ലാം ആവേശകരമായ നിമിഷങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൈവല്‍റികളിലൊന്നും ബാഴ്‌സ – റയല്‍ തന്നെയായിരുന്നു.

എന്നാല്‍ തങ്ങളുടെ എക്കാലത്തെയും മികച്ച എതിരാളികളായ റയല്‍ മാഡ്രിഡിനേക്കാള്‍ ബാഴ്സ താരങ്ങള്‍ വെറുത്തിരുന്ന ക്ലബ്ബിനെക്കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി മുമ്പ് സംസാരിച്ചിരുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയെ കുറിച്ചാണ് മെസി സംസാരിച്ചത്. 2006ല്‍ ന്യൂസ് ഓഫ് ദി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം പറഞ്ഞത്.

 

‘റയല്‍ മാഡ്രിഡിനേക്കാള്‍ ചെല്‍സിയെ വെറുക്കുന്ന ബാഴ്സലോണ താരങ്ങള്‍ ഉണ്ട്. ഒരിക്കലും ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുമെന്ന് കരുതിയിരുന്നില്ല. ബോക്ക ജൂനിയേഴ്സ് – റിവര്‍പ്ലേറ്റ് മത്സരത്തേക്കാളും അര്‍ജന്റീന – ബ്രസീല്‍ തമ്മിലുള്ള മത്സരത്തേക്കാളും ചെല്‍സിയുമായുള്ള മത്സരത്തില്‍ മോശമായ എന്തെകിലും സംഭവങ്ങള്‍ ഉണ്ടാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ചെല്‍സിക്കൊപ്പം കളിക്കുന്നതിനേക്കാള്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ മറ്റേതെങ്കിലും ടീമിനൊപ്പം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മെസി പറഞ്ഞു.

2004-05 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ അണ്ടര്‍ 16ല്‍ കറ്റാലന്‍മാരെ 5-4 എന്ന അഗ്രഗ്രേറ്റ് സ്‌കോറില്‍ മറികടന്നുകൊണ്ട് ചെല്‍സി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ഇതിന് ശേഷം ചെല്‍സിയും ബാഴ്സയും തമ്മിലുള്ള കളിക്കളത്തിലെ പോര് കൂടുതല്‍ മുറുകി.

പിന്നീട് 2005-06 സീസണില്‍ വീണ്ടും അണ്ടര്‍ 16ല്‍ ചെല്‍സിയും ബാഴ്സയും നേര്‍ക്കുനേര്‍ എത്തിയിരുന്നു. ഇരുപാദങ്ങളുമായി സ്പാനിഷ് വമ്പന്‍മാര്‍ 3-2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ജയിച്ചുകയറുകയായിരുന്നു.

തന്റെ കരിയറില്‍ പത്ത് തവണയാണ് മെസി ചെല്‍സിയെ നേരിട്ടത്. ചാമ്പ്യന്‍സ് ലീഗിലായിരുന്നു ഈ പോരാട്ടങ്ങളെല്ലാം. ബാഴ്സ വിട്ടതിന് ശേഷം മെസി ചെല്‍സിക്കെതിരെ കളിച്ചിട്ടില്ല.

മെസി തന്റെ കരിയറില്‍ ഏറെ കാലം ചെലവഴിച്ചതും ഏറ്റവുമധികം കിരീടം നേടിയതും ബാഴ്‌സയ്‌ക്കൊപ്പമാണ്. 35 കിരീടങ്ങളാണ് മെസി കറ്റാലന്‍മാര്‍ക്കൊപ്പം സ്വന്തമാക്കിയത്.

പത്ത് തവണ ലാലിഗ കിരീടം സ്വന്തമാക്കിയ മെസി നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, ഏഴ് കോപ്പ ഡെല്‍ റേ, എട്ട് സ്പാനിഷ് സൂപ്പര്‍ കപ്പ്. മൂന്ന് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും ബ്ലൂഗ്രാന ജേഴ്‌സിയില്‍ സ്വന്തമാക്കി.

അതേസമയം, 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഭാഗമാണ് മെസി ഇപ്പോള്‍. എന്നാല്‍ ചിലിക്കെതിരെ ഒടുവില്‍ അര്‍ജന്റീന കളത്തിലിറങ്ങിയ മത്സരത്തില്‍ മെസി ടീമിന്റെ ഭാഗമായിരുന്നില്ല. ജൂലിയന്‍ അല്‍വാരസിന്റെ ഗോളില്‍ അര്‍ജന്റീന 1-0 എന്ന മാര്‍ജിനില്‍ വിജയിച്ചു.

ഈ വിജയത്തോടെ 15 മത്സരത്തില്‍ നിന്നും 11 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 34 പോയിന്റോടെ അര്‍ജന്റീന ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള ഇക്വഡോറിനേക്കാള്‍ പത്ത് പോയിന്റിന്റെ ലീഡ് അര്‍ജന്റീനയ്ക്കുണ്ട്.

24 പോയിന്റുള്ള പരഗ്വായ് മൂന്നാമതും 22 പോയിന്റുള്ള ബ്രസീല്‍ നാലാമതുമാണ്. 21 പോയിന്റുമായി ഉറുഗ്വായാണ് അഞ്ചാമത്.

ജൂണ്‍ 11നാണ് അര്‍ജന്റീന അടുത്ത മത്സരത്തിനിറങ്ങുന്നത്. എസ്റ്റാഡിയോ മാസ് മോണുമെന്റലില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് എതിരാളികള്‍.

 

Content highlight: Messi talks about Chelsea