മെസിയെ എങ്ങനെയും ക്ലബ്ബിൽ പിടിച്ചു നിർത്തണം; കഴിയാവുന്നതെല്ലാം ചെയ്യാൻ പി.എസ്.ജി മാനേജ്മെന്റ്
football news
മെസിയെ എങ്ങനെയും ക്ലബ്ബിൽ പിടിച്ചു നിർത്തണം; കഴിയാവുന്നതെല്ലാം ചെയ്യാൻ പി.എസ്.ജി മാനേജ്മെന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 5:23 pm

ഈ സീസണോടെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്. ജിയിൽ മെസിയുടെ കരാർ അവസാനിക്കുകയാണ്. കരാർ അവസാനിച്ച ശേഷം താരം പുതിയ ക്ലബ്ബിലേക്ക്‌ ചേക്കേറാനുള്ള സാധ്യതകളുണ്ടെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ മെസിയെ പി.എസ്.ജിയിൽ പിടിച്ചുനിർത്തുന്നതിനായി കഴിയുന്നതെല്ലാം ചെയ്യാനാണ് പി. എസ്.ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലൈഫിയുടെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ എൽ എക്വപ്പെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെസിക്ക്‌ പി.എസ്.ജി മാനേജ്‍മെന്റ് തനിക്കായി ചെയ്തതിനെല്ലാം നന്ദിയുണ്ടെന്നും അതിനാൽ തന്നെ താരം ഫ്രഞ്ച് ക്ലബ്ബിൽ തുടരാൻ സാധ്യതയുണ്ടെന്നുമാണ് എൽ എക്വപ്പെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലേക്കെത്തിയ താരത്തെ തിരികേ ബാഴ്സയിലെക്ക്‌ എത്തിക്കാൻ കാറ്റലോണിയൻ ക്ലബ്ബിന് താൽപര്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ മെസി ഒരു കാരണവശാലും ബാഴ്സയിലേക്ക്‌ എത്തരുതെന്നും 2024 വരെയെങ്കിലും താരത്തെ പി.എസ്.ജിയിൽ പിടിച്ചു നിർത്തണമെന്നുമാണ് ക്ലബ്ബിന്റെ താല്പര്യമെന്നും നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.

34 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും 15 അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ് മെസി പി.എസ്.ജിയിൽ കളിക്കുന്നത്. അത് കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ മെസിയെ പി.എസ്.ജിക്ക്‌ അത്യാവശ്യമുണ്ടെന്നാണ് ക്ലബ്ബ്‌ അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ കരാർ അവസാനിക്കുന്നത്തോടെ ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക്‌ പുറമേ ഇന്റർമിയാമി, മാൻ സിറ്റി, അൽ ഹിലാൽ മുതലായ ക്ലബ്ബുകൾക്ക് താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

നിലവിൽ 35വയസുള്ള മെസിക്ക്‌ ഒരു ദീർഘകാല കരാർ നൽകാൻ പി.എസ്.ജി തയ്യാറായെക്കില്ല. അതിനാൽ തന്നെ മെസി പി.എസ്.ജി വിടാൻ സാധ്യതകൾ കൂടുതലാണെന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.

 

Content Highlights:Messi should be kept at the club anyway; PSG management to do everything possible