ലോകകപ്പ് മാത്രം ലക്ഷ്യമിട്ട് മെസി നന്നായി കളിച്ചു; ഇപ്പോൾ പ്രകടനം മോശം; വിമർശിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ
football news
ലോകകപ്പ് മാത്രം ലക്ഷ്യമിട്ട് മെസി നന്നായി കളിച്ചു; ഇപ്പോൾ പ്രകടനം മോശം; വിമർശിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th January 2023, 11:15 am

ഫിഫ ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷനിൽ മികച്ച പ്രകടനമാണ് മെസി കാഴ്ച വെച്ചത്. മികച്ച ഫോമിൽ കളിച്ച മെസിയുടെ ചുമലിലേറിയാണ് അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെന്റിൽ നിന്നും ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.

ലോകകപ്പിന് ശേഷം തന്റെ ക്ലബ്ബായ പി. എസ്.ജിയിലേക്ക് തിരിച്ചെത്തിയ മെസി ഇതിനോടകം തന്നെ രണ്ട് മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ റെന്നെസിനെതിരെ പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് പി.എസ്.ജി കോച്ചിനും കളിക്കാർക്കുമെതിരെ ക്ലബ്ബ്‌ ആരാധകർ ഉയർത്തുന്നത്.

ലോകകപ്പിന് ശേഷം മെസി തന്റെ മികച്ച പ്രകടനം കാഴ്ച വെക്കുന്നില്ലെന്നും ഈ സീസണിന്റെ പകുതി സമയം ലോകകപ്പ് ലക്ഷ്യമിട്ട് മാത്രമാണ് മെസി നന്നായി കളിച്ചത് എന്ന ഗുരുതരമായ ആരോപണമാണ് ഫ്രഞ്ച് മാധ്യമങ്ങൾ മെസിക്കെതിരെ ഉയർത്തുന്നത്.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആർ.എം.സി സ്പോർട്ടാണ് ഈ സീസണിന്റെ ആദ്യപകുതിയിൽ ലയണൽ മെസി നന്നായി കളിച്ചുവെന്നും അത് ഖത്തർ ലോകകപ്പ് മാത്രം ലക്ഷ്യമിട്ടായിരുന്നുവെന്നുമെന്നും പറയുന്നത്.

 

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം തിരിച്ചു വന്ന മെസി പഴയതു പോലെയുള്ള ആത്മാർത്ഥത ക്ലബ്ബിലെ പരിശീലനത്തിലും ട്രൈയ്നിങ്ങിലും കാണിക്കുന്നില്ലെന്നും അവർ വിമർശനം ഉന്നയിച്ചു.സൗദിയിൽ കളിക്കുന്നതിലൂടെ പി.എസ്.ജി.ക്ക് ലഭിക്കുക വമ്പൻ തുക; പ്രതിഫലക്കണക്ക് പുറത്ത് വിട്ട് മാധ്യമങ്ങൾ

ആർ.എം.സി സ്പോർട്സിനെ കൂടാതെ എൽ എക്വിപ്പെ, ലെ പാരീസിയൻ തുടങ്ങിയ മാധ്യമങ്ങളും മെസിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുണ്ട്.

മെസി പി.എസ്.ജിയിൽ തിരിച്ചെത്തിയ ശേഷം നടന്ന മത്സരങ്ങളിൽ പഴയ നിലവാരത്തിലേക്ക് തിരിച്ചെത്തുന്നില്ല എന്ന് വിമർശനം ഉന്നയിച്ച എൽ എക്വിപ്പെ പത്തിൽ നാല് റേറ്റിങ്ങാണ് മെസിയുടെ പ്രകടനത്തിന് നൽകുന്നത്.

മെസിയുടെ പാസിങ് നിലവാരം മോശമായിട്ടുണ്ടെന്നും കളിക്കളത്തിലെ സ്വാധീനം പരിമിതപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ലെ പാരീസിയന്റെ വിമർശനം.

എന്നാൽ റെന്നിസിനെതിരെയുള്ള മത്സരത്തിൽ പി.എസ്.ജിക്ക് സമനില പിടിക്കാനുള്ള സുവർണാവസരം മെസി എംബാപ്പെക്ക് ഒരുക്കിക്കൊടുത്തിരുന്നെങ്കിലും താരം അത് നഷ്ടപ്പെടുത്തുകയായിരുന്നു.

സൗദി ഓൾ സ്റ്റാർസ് ഇലവനെതിരെ ജനുവരി 19നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന സൗദി ഓൾ സ്റ്റാർസ് ഇലവനെതിരായ മത്സരത്തിൽ മെസി കളിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

 

Content Highlights:Messi played well,only for the World Cup; now he is playing low level; Criticized by the French media