റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം കുത്തകയും മെസി തകർത്തു; പ്രതിഫലക്കണക്കിൽ ബഹുദൂരം മുന്നിൽ
football news
റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം കുത്തകയും മെസി തകർത്തു; പ്രതിഫലക്കണക്കിൽ ബഹുദൂരം മുന്നിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th January 2023, 9:48 am

ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഖത്തറിന്റെ മൈതാനത്ത് നിന്നും ചിരിച്ച് കൊണ്ട് തിരിച്ച് കയറിയത് മുതൽ വെച്ചടി കയറ്റമാണ് സാക്ഷാൽ മിശിഹക്ക്.

നീണ്ട കാലത്തെ കിരീട വരൾച്ചക്കും കിരീടം വെക്കാത്ത രാജാവ് എന്ന വിളിപ്പേരുകൾക്കുമൊടുവിൽ കോപ്പാ, ഫൈനലിസിമ, ലോകകപ്പ് മുതലായ മേജർ ടൈറ്റിലുകൾ തുടർച്ചയായി നേടി തന്റെ കരിയറിൽ സമ്പൂർണത കൈ വരിച്ചിരിക്കുകയാണ് സാക്ഷാൽ മിശിഹ.

ഇതിനൊക്കെ പുറമെ നിലവിൽ ഏഴ് ബാലൻ ഡി ഓർ കരസ്ഥമാക്കി ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നേടിയ താരം എന്ന റെക്കോർഡ്‌ സ്വന്തമാക്കി മെസിക്ക് തന്നെയാണ് 2023ലെ ബാലൻ ഡി ഓർ പുരസ്കാരവും ലഭിക്കാൻ സാധ്യത എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

അതേസമയം ഇൻസ്റ്റഗ്രാമിൽ നിന്നുള്ള വരുമാന കണക്കിൽ റൊണാൾഡോയെ മറികടന്നിരിക്കുകയാണ് മെസി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ലോകകപ്പിന് ശേഷമുള്ള വരുമാനത്തിന്റെ കണക്കുകളിലാണ് റൊണാൾഡോയെ മെസി പിന്തള്ളിയത് എന്നാണ് ഡെയ്ലി മെയ്ൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ലോകകപ്പ് വിജയത്തിന് ശേഷം ബുഡ്വൈസർ, കാൾ ഓഫ് ഡ്യൂട്ടി, ഇ-ഫുട്ബോൾ, ബിറ്റ്ഗിറ്റ്, ഓർക്കം മുതലായ ബ്രാൻഡുകൾ മെസിയുമായി ഇൻസ്റ്റഗ്രാം പ്രൊമോഷൻ പോസ്റ്റുകൾ ചെയ്യാനുള്ള കരാർ ഒപ്പുവെച്ചിരുന്നു.

എന്നാൽ ലോകകപ്പിന് ശേഷം റൊണാൾഡോക്ക് ഇത്തരത്തിൽ ഒരു ഇൻസ്റ്റഗ്രാം പ്രൊമോഷൻ പോസ്റ്റുകളും ലഭിച്ചിരുന്നില്ല എന്നാണ് ഡെയ്ലി മെയ്ൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കൂടാതെ ലോകകപ്പിന് ശേഷം മെസി ഒമ്പത് മില്യൺ പൗണ്ട് വരുമാനമായി ഇൻസ്റ്റഗ്രാമിലൂടെ നേടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നിലവിൽ 414മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള മെസിയുടെ ഫോളോവേഴ്സിന്റെ എണ്ണം ദിനം പ്രതി വർധിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

റൊണാൾഡോയാണ് നിലവിൽ ഇൻസ്റ്റഗ്രാമിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കായിക താരം. 528മില്യണാണ് റോണോയെ പിന്തുടരുന്നവരുടെ എണ്ണം.

റൊണാൾഡോ പ്രതിവർഷം 2.4 മില്യൺ യൂറോയാണ് ഇൻസ്റ്റഗ്രാമിലൂടെ സ്വന്തമാക്കുന്നത്. മെസിയുടെ പ്രതിവർഷ ഇൻസ്റ്റഗ്രാം വരുമാനം 1.8 മില്യൺ യൂറോയാണ്.

അതേസമയം മെസി ലോകകപ്പ് വിജയാഹ്ലാദത്തിന് ശേഷം പി.എസ്.ജിയിലേക്ക് തിരിച്ചുപോയിട്ടുണ്ട്.
റൊണാൾഡോ സൗദി ക്ലബ്ബ് അൽ-നസറിലാണ് കളിക്കുന്നത്. 200 മില്യൺ യൂറോക്കാണ് റോണോ അൽ-നസറിൽ എത്തിയത്.

 

Content Highlights: Messi also broke Ronaldo’s Instagram monopoly; Far ahead in the pay scale