| Tuesday, 10th June 2025, 2:31 pm

മോഹന്‍ലാലിന്റെ കൂടെ ആ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം മിസ്സായത് ജീവിതത്തിലെ നഷ്ടങ്ങളിലൊന്നായി തോന്നുന്നു: മേനക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹശേഹഷം സിനിമയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടി മേനക. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് താനായിരുന്നുവെന്നും കല്യാണശേഷം സ്ത്രീകള്‍ അഭിനയിക്കരുതെന്നായിരുന്നു തന്റെ ധാരണയെന്നും മേനക പറയുന്നു.

താന്‍ വീണ്ടും അഭിനയിക്കണമെന്ന് തന്റെ അമ്മായി അച്ഛന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ രണ്ടാം വരവ് മോഹന്‍ലാല്‍ നായകനായ വിഷ്ണുലോകം എന്ന സിനിമയിലൂടെ നടത്താമെന്ന് തീരുമാനിച്ചെന്നും മേനക പറഞ്ഞു. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ തനിക്ക് മകളെ കാണണം എന്നുള്ളതുകൊണ്ട് തിരിച്ച് പോന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. രണ്ടാംവരവില്‍ ആദ്യമായി മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം മിസ് ആയി എന്നതാണ് ജീവിതത്തിലെ നഷ്ടങ്ങളിലൊന്നായി തനിക്ക് തോന്നിയിട്ടുള്ളതെന്നും മേനക പറഞ്ഞു.

‘വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് ഞാനായിരുന്നു. കല്യാണശേഷം സ്ത്രീകള്‍ അഭിനയിക്കരുതെന്നായിരുന്നു എന്റെ ധാരണ. എനിക്ക് അത്ര വിവരമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുപ്രഭാതത്തില്‍ ഞാന്‍ സുരേഷ് ചേട്ടനോട് ചോദിച്ചു, ‘കല്യാണം കഴിഞ്ഞ് അഭിനയിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അന്ന് ചേട്ടന് ഒന്നും തോന്നിയില്ലേ?’ എന്ന്.

അഭിനയിക്കേണ്ട എന്ന് തീരുമാനിച്ച നിന്നോട് ഞാന്‍ എങ്ങനെയാണ് വീണ്ടും അഭിനയിക്കാന്‍ പറയുന്നതെന്നായിരുന്നു മറുചോദ്യം. സുരേഷേട്ടന്റെ അച്ഛന് ഞാന്‍ വീണ്ടും അഭിനയിക്കുന്നത് കാണാന്‍ വലിയ ആഗ്രഹമായിരുന്നു. കുറേക്കഴിഞ്ഞ് വിഷ്ണുലോകം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അത് ഞങ്ങള്‍ തന്നെ നിര്‍മിക്കുന്ന സിനിമയായിരുന്നു.

ഒരു സീനിലെങ്കിലും നീ ഉണ്ടാവണമെന്ന് അച്ഛന്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ ഞാന്‍ രണ്ടാംവരവിന് ഒരുങ്ങി. അന്നെനിക്ക് മൂത്ത മോള്‍ ജനിച്ച സമയമാണ്. അവളെ വീട്ടില്‍ നിര്‍ത്തി ഞാന്‍ സെറ്റില്‍ ചെന്നു. പക്ഷേ അല്‍പനേരം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മോളെ കാണണമെന്നായി. മറ്റൊന്നിലും ശ്രദ്ധിക്കാന്‍ പറ്റാതായി.

എന്റെ അവസ്ഥ സുരേഷേട്ടന് വേഗം മനസിലായി. ‘പറ്റുന്നില്ലെങ്കില്‍ വേണ്ട, നീ അഭിനയിക്കേണ്ടെ’ എന്ന് അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് പകരമാണ് ശാന്തികൃഷ്ണയെ കൊണ്ടുവന്നത്. രണ്ടാംവരവില്‍ ആദ്യമായി മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം മിസ് ആയി എന്നതാണ് ജീവിതത്തിലെ നഷ്ടങ്ങളിലൊന്നായി എനിക്ക് തോന്നിയിട്ടുള്ളൂ,’ മേനക പറഞ്ഞു.

Content Highlight: Menaka Talks About Why She Stoped Acting After Marriage

We use cookies to give you the best possible experience. Learn more