| Monday, 3rd March 2025, 6:50 pm

ഞാന്‍ ആരാണെന്ന് അറിഞ്ഞപ്പോള്‍ ജ്യോതിക ഓടിവന്ന് എന്റെ അടുത്ത് മാപ്പ് പറഞ്ഞു: മേനക സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ സിനിമയുടെ നിര്‍മാതാക്കളോട് ആര്‍ക്കും ബഹുമാനമില്ലെന്ന് പറയുകയാണ് നടിയും നിര്‍മാതാവുമായ മേനക സുരേഷ്. സീതാകല്യാണം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചുള്ള ഒരു അനുഭവത്തെ കുറിച്ചും മേനക പറഞ്ഞു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മേനക സുരേഷ്.

‘നിര്‍മാതാവിന് ഇപ്പോള്‍ ഒരു ബഹുമാനവും ഇല്ല. പ്രൊഡ്യൂസര്‍ ആരാണ് എന്നുപോലും ഇപ്പോഴുള്ള ആരും അറിയില്ല. സീതാകല്യാണം എന്ന സിനിമ നടക്കുന്ന സമയം, ഞാനും സുരേഷേട്ടനും (സുരേഷ് കുമാര്‍) കൂടെ ലൊക്കേഷനില്‍ പോയി. ഞങ്ങള്‍ പോയപ്പോള്‍ ഗീതു മോഹന്‍ദാസും ജ്യോതികയും കൂടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

ജ്യോതികയെ ഞാന്‍ ആദ്യമായാണ് അന്ന് കാണുന്നത്. ജ്യോതികയും എന്നെ ആദ്യമായി ആയിരിക്കും കാണുന്നത്. എന്നെ അറിയാനും വഴിയില്ല. അവര്‍ തമിഴിലാണ് കൂടുതലും അഭിനയിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇത്രയും വലിയ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നെന്ന് അവര്‍ക്ക് അറിയണം എന്നില്ല.

ഞങ്ങളെ കണ്ടപ്പോള്‍ ‘ഹായ് സുരേഷേട്ടാ, ഹായ് ചേച്ചി’ എന്ന് ഗീതു പറഞ്ഞു. ഹായ് എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ അകത്തേക്കും പോയി. അവിടെ സുകുമാരി ചേച്ചിയും മനോരമ ആച്ചിയും ഉണ്ടായിരുന്നു. സാധാരണ ഞാന്‍ അങ്ങനെ സിനിമയുടെ ലൊക്കേഷനില്‍ ഒന്നും പോകാറില്ല. ഇതുപിന്നെ മനോരമ ആച്ചി വന്നതുകൊണ്ട് പോയതാണ്. അത്രയും വലിയ സീനിയര്‍ ആര്‍ട്ടിസ്റ്റാണ് അവരൊക്കെ.

അവരോടൊക്കെ ഞാന്‍ കുറച്ച് നേരം സംസാരിച്ചുകൊണ്ടിരുന്നു. അതിനിടക്ക് ജ്യോതികയെന്തോ വന്ന് പോയെന്ന് തോന്നുന്നു. ഞാന്‍ സുകുമാരി ചേച്ചിയോടും മനോരമ ആച്ചിയോടുമെല്ലാം യാത്ര പറഞ്ഞ് പോകാന്‍ വേണ്ടി ഇറങ്ങി. പുറത്ത് വന്നപ്പോള്‍ ജ്യോതിക എന്റെ അടുത്ത് ഓടിവന്ന് കൈപിച്ച് ‘സോറി മാം, എനിക്ക് മാം ആരാണെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡ്രസ്സ് മാറാനായി അകത്ത് പോയപ്പോഴാണ് മാം ആരാണ്, എന്താണ് എന്നെല്ലാം സുകുമാരിയമ്മ പറഞ്ഞ് തന്നത്. സ്ട്രീമിലി സോറി. ഞാന്‍ മാം ആരാണെന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ ഇരുന്നത്’ എന്ന് എന്റെ അടുത്ത് പറഞ്ഞു.

സത്യത്തില്‍ അത് കേട്ട് ഞാന്‍ സുകുമാരിച്ചേച്ചിയെ ഓര്‍ത്ത് ഒരുപാട് സന്തോഷമായി. കാരണം അത്രയും വലിയ സീനിയറായ ചേച്ചിക്ക് എന്നെകുറിച്ച് പറഞ്ഞ് കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ല. രണ്ട് കാര്യമാണ് ചേച്ചി അപ്പോള്‍ ചെയ്തത്, ഒന്ന് എനിക്ക് കിട്ടേണ്ട ബഹുമാനം വാങ്ങിത്തന്നു, രണ്ട് ജ്യോതികയ്ക്ക് ഞാന്‍ ആരാണെന്ന് പറഞ്ഞഞ്ഞും കൊടുത്തു,’ മേനക സുരേഷ് പറയുന്നു.

Content highlight: Menaka Suresh talks about Jyothika

We use cookies to give you the best possible experience. Learn more