ഒരു പാതിരാ നോമ്പോര്‍മ
Discourse
ഒരു പാതിരാ നോമ്പോര്‍മ
എം.എസ് ഷൈജു
Monday, 16th March 2026, 6:55 pm
അഭയം തന്ന മനുഷ്യരോടുള്ള മര്യാദ ഒരു ഭാഗത്തും മുജാഹിദ് ആശയത്തിന്റെ വ്യഗ്രത മറു ഭാഗത്തുമായി യുദ്ധം ചെയ്തു. ഒടുവില്‍ മര്യാദ തന്നെ വിജയിച്ചു.എം.എസ് ഷൈജു ഡൂള്‍ ന്യൂസില്‍ എഴുതുന്നു

ആദ്യമായി ഒരു നോമ്പ് പിടിച്ചത് മൂന്നാം ക്ലാസില്‍ വെച്ചായിരുന്നുവെന്നാണ് ഓര്‍മ. ഇന്നത്തെയത്രയില്ലെങ്കിലും ചൂട് കത്തുന്ന ഒരു മാര്‍ച്ച് മാസമായിരുന്നു അതും.

ക്ലാസില്‍ അടുത്തിരിക്കുന്ന സമീര്‍ നോമ്പ് പിടിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും പൂതി തോന്നിയത്.

chat gpt

മുസ്‌ലിം കുട്ടി പ്രതീകാത്മക ചിത്രം

കുഴഞ്ഞ ശരീരവും വരണ്ട തൊണ്ടയുമായി മഹ്‌രിബ്‌ ബാങ്കൊന്ന് കേട്ട് കിട്ടിയാല്‍ മതിയെന്ന മട്ടില്‍ സമയം തള്ളി നീക്കുമ്പോ വല്ലപ്പോഴും ഒരിറുക്ക് വെള്ളമൊക്കെ ആരും കാണാതെ കുടിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫത്‌വ നല്‍കിയതും സമീര്‍ തന്നെയായിരുന്നു.

നീയെന്താ തുപ്പാത്തത്? നോമ്പ് പിടിക്കുന്നവര്‍ ഇടക്കിടക്ക് തുപ്പണം – എനിക്ക് നോമ്പാണ് എന്നറിഞ്ഞപ്പോള്‍ അടുത്ത ബെഞ്ചിലിരുന്ന ജനീദ ബീഗം ഓര്‍മ്മിപ്പിച്ചു.

പിന്നെ അടിക്കടി തുപ്പിക്കൊണ്ടേയിരുന്നു. സ്‌കൂള്‍ വിടുമ്പോള്‍ തുപ്പിതുപ്പിക്കുഴഞ്ഞിരുന്നു. നോമ്പിനേക്കാള്‍ തൊണ്ട വരട്ടിയത് ഈ തുപ്പലായിരുന്നു. എന്നിട്ടും ഇടക്കിടക്ക് തുപ്പി നോമ്പ് സ്ഥാപിച്ച് കൊണ്ടിരുന്നു.

കാലത്തിന്റെ കുസൃതിയെന്നോണം സമീര്‍ പിന്നീടൊരു മൗലവിയായി മാറി. ഇപ്പോഴവന്‍ എന്ത് ഫത്‌വയാകും നല്‍കിക്കൊണ്ടിരിക്കുന്നത്? – ഞാന്‍ ആലോചിച്ച് നോക്കി.

ഒരിറുക്ക് വെള്ളം പോലും കുടിക്കാതെ നോമ്പ് പിടിക്കുന്ന കുഞ്ഞുങ്ങളുടെ മഹത്വത്തെയും അവരുടെ മാതാപിതാക്കള്‍ക്ക് ലഭിക്കാന്‍ പോകുന്ന കനത്ത പ്രതിഫലത്തെയും പറ്റിയാകണം ഇപ്പോഴവന്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. പാവം കുഞ്ഞുങ്ങള്‍! ആദ്യമായി പറഞ്ഞ ഫത്വയെ പറ്റി ഇപ്പോഴവന്‍ ഓര്‍ക്കുന്നു പോലുമുണ്ടാവില്ല.

റമദാനിന്റെ ആദ്യവും അവസാനവുമുള്ള ചില ദിവസങ്ങളില്‍ മാത്രം പരിമിതമായിരുന്ന എന്റെ നോമ്പുകള്‍ പൂര്‍ണ വളര്‍ച്ചയെത്തിയത് ഞാന്‍ മുജാഹിദ് ആശയക്കാരനായതിന് ശേഷമായിരുന്നു. അക്കാലത്ത് നിര്‍ബന്ധ നോമ്പുകള്‍ മാത്രമല്ല, ഐച്ഛിക നോമ്പുകളും ഞാന്‍ അനുഷ്ഠിച്ചു. രീതിയും ക്രമവും ഒന്നും തെറ്റാതെ ചിട്ടകള്‍ പാലിച്ചു.

ഒരിക്കല്‍ എറണാകുളത്തെ പഠന കാലത്ത് ഒരു നോമ്പ് രാത്രിയില്‍ നിരാലംബനായി വഴിയില്‍ പെട്ട് പോയത് മറ്റൊരു നോമ്പോര്‍മയാണ്. നക്കിത്തിന്നാന്‍ നല്ലുപ്പില്ലാതെയെന്ന പോലെ അലയുന്ന കാലമാണ്.

കടവന്ത്രയിലാണ് ഹോസ്റ്റല്‍. ചോറും സാമ്പാറും പുളിശേരിയും കൂട്ടിയുള്ള സ്ഥിരം നോമ്പ് പിടുത്തം. അതിനിടയിലാണ് പുല്ലേപ്പടി പള്ളിയിലെ നോമ്പ് തുറക്ക് ആരോ വിളിച്ചത്. നേരെ കൂടെ പോയി.

ഹോസ്റ്റലിലെ വരണ്ട നോമ്പുകളില്‍ നിന്നോരാശ്വാസമാണ് ഇടക്കിടക്കുള്ള ഇത്തരം നോമ്പ് തുറകള്‍. നോമ്പ് തുറക്ക് ശേഷം നടന്ന ഒരു പ്രഭാഷണവും കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല.

AI IMAGE

പള്ളിയിലെ നോമ്പുതുറ പ്രതീകാത്മക ചിത്രം

രാത്രിയില്‍ ആരുടെയോ ബൈക്കില്‍ കയറി ബസ് സ്റ്റാന്‍ഡ് വരെയെത്തി. കടവന്ത്രയിലെ ഹോസ്റ്റലില്‍ കൊണ്ടാക്കാണോയെന്ന ചോദ്യത്തെ സ്‌നേഹപൂര്‍വം നിരസിച്ചു. രാത്രിയില്‍ എന്തായാലും ബസ് കാണുമല്ലോ എന്നാണാലോചിച്ചത്.

പിന്നെ എന്തിനയാളെ ബുദ്ധിമുട്ടിക്കണം? പക്ഷെ കടവന്ത്രക്ക് പോകുന്ന ബസെല്ലാം പോയിക്കഴിഞ്ഞിരുന്നു. ഇനി ബസില്ല എന്നറിഞ്ഞ ആധിയില്‍ ഓടി സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കൊണ്ട് വന്ന് വിട്ടയാളും പോയിക്കഴിഞ്ഞു.

ചെറിയ വെട്ടത്തില്‍ കത്തുന്ന വഴി വിളക്കുകളൊഴിച്ചാല്‍ പുറത്ത് ഇരുട്ട് മാത്രമേയുള്ളൂ. സമ്പൂര്‍ണമായ ഇരുട്ട്.

ഇരുട്ടിനെ ഭേദിച്ച് ദൂരെ നിന്ന് ഇടക്കിടക്ക് പ്രത്യക്ഷമാകുന്ന ബസുകളുടെ കണ്ണുകളില്‍ നിന്നുള്ള വെട്ടത്തെ പ്രതീക്ഷയോടെ നോക്കിയും പിന്നെ നിരാശനായും ഞാന്‍ ബസ്റ്റാന്റില്‍ തന്നെ തുടര്‍ന്നു.
നഗരത്തിലോടുന്ന ബസുകള്‍ ഓടി സ്റ്റാന്‍ഡിലെത്തി അന്നത്തെ ഓട്ടം അവസാനിപ്പിക്കുകയാണ്.

ദീര്‍ഘ ദൂര വണ്ടികള്‍ മാത്രം സ്റ്റാന്‍ഡില്‍ വന്നും പോയുമിരുന്നു. സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ടെലിഫോണ്‍ ബൂത്തിന് മുന്നിലെ തടി സ്റ്റൂളില്‍ ഇടക്കിടക്ക് വന്നിരുന്നും അല്പം കഴിഞ്ഞ് എഴുന്നേറ്റ് നടന്നും എന്റെയുള്ളിലെ ആധി സ്വയമറിയാതെ ഞാന്‍ പ്രകടിപ്പിച്ച് കൊണ്ടുമിരുന്നു. ഇത് രണ്ടും ഏറെ നേരം തുടര്‍ന്നു.

AI IMAGE

ബസ്റ്റാന്റില്‍ നില്‍ക്കുന്ന യുവാവ്‌

എങ്ങോട്ട് പോകും, ആരെ വിളിക്കും? ഞാന്‍ ആലോചിച്ചു. മൊബൈല്‍ ഫോണുകളില്ലാത്ത കാലമാണ്.
എറണാകുളം നഗരത്തില്‍ പോലും മൊബൈല്‍ ഫോണുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടേയുള്ളൂ.

സൗത്ത് പാലത്തിന് മുകളില്‍ വെച്ച് ആന്റിന വലിച്ച് നീട്ടി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന മനുഷ്യരെ ഞാന്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്.

ലാന്‍ഡ് ഫോണില്‍ വിളിക്കാനും പറയാനും ആരുമില്ല. ഹോസ്റ്റലില്‍ വിളിക്കാനും പറ്റില്ല. അരക്ഷിതബോധവും ആശങ്കയും കൊണ്ട് ഞാന്‍ ആകെ വിവശനായി.

‘ഇനി നോക്കണ്ട. ബസൊന്നും ഇല്ല ‘
കുറെ നേരമായി എന്റെ പരവേശം കണ്ട് കൊണ്ടിരുന്ന ടെലിഫോണ്‍ ബൂത്ത്കാരന്‍ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

ദയനീയമായി ഞാനയാളെ നോക്കി. അത്രയും പറഞ്ഞ് നിര്‍ത്തിയ അയാള്‍ പിന്നെയൊന്നും മിണ്ടിയില്ല. ഞാന്‍ കൈയിലെ വാച്ചിലേക്ക് നോക്കി. സമയം ഏതാണ്ട് പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്. ഇനിയിവിടെ നിന്നിട്ട് കാര്യമില്ല.

പുറത്തേക്ക് നടന്നു. പുറത്തെ കടകളെല്ലാം അടച്ച് കഴിഞ്ഞിരിക്കുന്നു. ഒന്ന് രണ്ട് ലോഡ്ജുകളുടെ വെട്ടം മാത്രം കാണുന്നുണ്ട്.

AI IAMGE

ലോഡ്ജിന് മുന്നിലുടെ നടന്ന് പോവുന്ന യുവാവ

ഒരു മാസത്തെ വട്ട ചെലവിന്റെ പണം വേണം ലോഡ്ജില്‍ ഒരു ദിവസത്തേക്ക് മുറിയെടുക്കാന്‍. ഹോസ്റ്റലില്‍ എത്താനുള്ള ബസ് കൂലി മാത്രം പോക്കറ്റിലുള്ളവന് ലോഡ്ജില്‍ തങ്ങുക എന്നത് അപ്രാപ്യമായ ഒരാഡംബരമാണ്.

അത് കൊണ്ട് ലോഡ്ജില്‍ തങ്ങലെന്നത് ഒരു വിദൂര സാധ്യതയായ് പോലും മനസിലേക്ക് വന്നില്ല. കടകളുടെ മറുഭാഗത്ത് ഒരു പള്ളിയുണ്ട്.

കടകളുടെ ഓരം ചേര്‍ന്നാണ് പള്ളിക്കുള്ളിലേക്ക് പോകുന്ന വഴി. വഴിയുടെ അങ്ങേയറ്റത്ത് പള്ളിയില്‍ നിന്നുള്ള വെളിച്ചം മാത്രം പുറത്ത് കാണുന്നു. മറ്റൊന്നും ചിന്തിച്ചില്ല. നേരെ പള്ളി ലക്ഷ്യമാക്കി നടന്നു.

Ai image

മുസ്‌ലിം പള്ളി

വഴിയുടെ പുറത്ത് കടകളുടെ തിണ്ണയില്‍ കുറെയാളുകള്‍ ചുരുണ്ട് കൂടി കിടക്കുന്നത് നിഴലുകള്‍ പോലെ കാണാം. അടുത്തേക്ക് നടന്ന് ചെല്ലുന്ന ശബ്ദം കേട്ടാകണം കൂട്ടത്തില്‍ നിന്ന് ആരോ തലയുയര്‍ത്തി നോക്കി.

ചെറുതായി മുരടനക്കിയിട്ട് അയാള്‍ തല താഴ്ത്തി. നേരിയ ഭയത്തോടെയാണ് അങ്ങോട്ട് നോക്കിയത്. ആരാണിവരൊക്കെ? യാചകരാണോ? അതോ എന്നെപ്പോലെ വഴിയില്‍ പെട്ട് പോയവരോ?

എന്റെ ഇന്നത്തെ രാത്രി ഇവര്‍ക്കൊപ്പമാകുമോ – ആശങ്ക ഒരു ഭീതിയായി ഉള്ളില്‍ വളരാന്‍ തുടങ്ങി. കാലുകള്‍ നീട്ടി വെച്ച് നടന്നു.ചെരുപ്പഴിച്ച് വെച്ച് കാലുകള്‍ കഴുകി പള്ളിയുടെ അകത്തേക്ക് കയറി.

പള്ളികള്‍ കാണുമ്പോള്‍ തന്നെയറിയാം, അത് മുസ്‌ലിങ്ങളിലെ ഏത് വിഭാഗക്കാരുടെയാണെന്ന്.

അടയാള വാക്യങ്ങള്‍ പോലെ ചില ചിഹ്നങ്ങള്‍ ഓരോരുത്തരും സ്ഥാപിച്ചിട്ടുണ്ടാകും. ചിലപ്പോ അതൊരു വഞ്ചിപ്പെട്ടിയാകാം. അല്ലെങ്കില്‍ ഒരു കലണ്ടറോ പോസ്റ്ററോ ആകാം. ഇതൊന്നുമല്ലെങ്കില്‍പള്ളിയുടെ പേര് തന്നെയുമാകാം.

ഇതൊരു സുന്നിപ്പള്ളിയാണ്. ഞാനാകട്ടെ ഒരു മുജാഹിദ്കാരനും! ഹിന്ദുവോ ക്രിസ്ത്യാനിയോ ആണെന്ന് പറഞ്ഞാലും ഒരു സുന്നി പള്ളിയില്‍ കിടത്തിയേക്കും.

ഒരു മുജാഹിദ് പള്ളിയിലെ നോമ്പ് തുറക്കും പ്രഭാഷണത്തിനും പോയി സമയം തെറ്റി ബസ് കിട്ടാതെ വന്ന ഒരു മുജാഹിദ്കാരനോട് ദയയുണ്ടാകുമോയെന്ന് സംശയമുണ്ട്.

അക്കാലത്തെ കക്ഷിത്വ വിരോധത്തിന്റെ തീവ്രത അത്രയ്ക്ക് വരും. അതില്‍ ഇന്നും വലിയ കുറവൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു.

ഒരു പതിറ്റാണ്ടിലേറെയായി മുസ്‌ലിം  മത സംഘടനകളുമായി കാര്യമായ ബന്ധങ്ങളൊന്നുമില്ലാത്തത് കൊണ്ട് അവര്‍ തമ്മിലുള്ള ആഭ്യന്തര കുന്നായ്മകളും നയതന്ത്ര ബന്ധങ്ങളും എങ്ങനെ പോകുവെന്നത് അവ്യക്തമാണ്.

പള്ളിക്കകത്ത് രണ്ട് പേരുണ്ട്. രണ്ടും മുസല്യാക്കന്മാരാണ് എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുകയാണവര്‍. മട്ട് കണ്ടിട്ട് കിടക്കാനായി വട്ടം കൂട്ടുകയാണെന്ന് തോന്നുന്നു.

AI IMAGE

നീട്ടി ഒരു സലാം പറഞ്ഞ് കൊണ്ട് ഞാന്‍ അകത്തേക്ക് കയറി. എന്നെ കണ്ടതും പൊടുന്നനെ അവര്‍ സംസാരം നിര്‍ത്തി ചോദ്യ ഭാവത്തില്‍ നോക്കി. ഭാവത്താലും സ്വരത്താലും സാധ്യമാകുന്നത്ര ഭവ്യതയോടെയും ദയനീയമായും ഞാന്‍ കാര്യം പറഞ്ഞു.

കിടക്കാന്‍ ഒരിടം അഭ്യര്‍ത്ഥിച്ചു. എന്റെ ശബ്ദം കരച്ചിലിനോടടുത്തിരുന്നു. നോമ്പുകാരനായ ഒരു പയ്യനെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ മനസനുവദിക്കാത്തത് കൊണ്ട് മാത്രം അവരെനിക്ക് അകത്തേക്ക് പ്രവേശനം തന്നു.

സാധാരണയായി നഗരങ്ങളിലെ പള്ളികളില്‍ അപരിചിതരെ ആരെയും തങ്ങാന്‍ അനുവദിക്കാറില്ല. മുസല്യാക്കന്മാര്‍ക്ക് അതിനുള്ള അധികാരവുമില്ല. കമ്മിറ്റിക്കാര്‍ വിലക്കിയിട്ടുണ്ടാകും.

എന്നിട്ടും അവരെന്നെ കിടത്തിയല്ലോ. എനിക്ക് വലിയ ആശ്വാസം തോന്നി. നേരം വെളുക്കുന്നത് വരെ കിടക്കാന്‍ ഒരിടമായല്ലോ.

എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ചോദിച്ച് ബോധ്യപ്പെട്ടിട്ടാണ് കിടക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്റെ മുജാഹിദ് ബന്ധമൊഴിച്ച് മറ്റെല്ലാം ഞാനവരോട് പറഞ്ഞു.

രണ്ടില്‍ ഒരാള്‍ അവിടുത്തെ ഇമാമാണെന്ന് മനസിലായി. മറ്റെയാള്‍ അസിസ്റ്റന്റ് ഇമാമോ മുഅദ്ദിനോ ആകും.

ഇമാം ഒരു കട്ടിലിലാണ് കിടക്കുന്നത്. മറ്റേയാള്‍ താഴെ പായയിലും. മൂലയില്‍ ചാരി വെച്ചിരിക്കുന്ന മറ്റൊരു പായ ചൂണ്ടി ഇമാം എന്നോട് പറഞ്ഞു – അതെടുത്തിട്ട് കിടന്നോ.

ഞാനത് അനുസരിച്ചു. അവര്‍ക്ക് രണ്ട് പേര്‍ക്കും കൊതുകു വലയുണ്ട്. കൊതുകു വലയോ തിരിയോ ഇല്ലാതെ എറണാകുളം നഗരത്തില്‍ രാത്രി കിടക്കുന്നതിന്റെ അപകടം എനിക്കറിയാം.

പക്ഷേ ഇവിടെ അതൊന്നും ഒരു പ്രശ്‌നമല്ല. പെരുവഴിയിലെ കൂരിരുട്ടില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഒരഭയമാണിത്. അത് കൊണ്ട് ഏത് കൊതുക് കടിയും സഹിക്കാന്‍ ഞാന്‍ സജ്ജനായിരുന്നു.

പ്രതീക്ഷിച്ചതിനേക്കാളും അതിരൂക്ഷമായിരുന്നു കൊതുകു കടി. ഇമാമും അസിസ്റ്റന്റും കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ ഞാന്‍ എഴുന്നേറ്റിരുന്നു കൊതുകിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

കൊതുകുകളും ഞാനും തമ്മില്‍ ഘോരയുദ്ധം തന്നെ അരങ്ങേറി.
മുറിയിലെ നേര്‍ത്ത വെളിച്ചത്തില്‍ എനിക്ക് ചുറ്റും മൂളിക്കറങ്ങുന്ന കൊതുകിന്റെ പടയെ ഞാന്‍ കണ്ടു. തരം കിട്ടിയാല്‍ എന്നെ റാഞ്ചിയെടുക്കാന്‍ അവ മത്സരിച്ചു.

AI IMAGE

പോരാട്ടത്തില്‍ പരാജയപ്പെട്ട കൊതുകകളുടെ ശവശരീരങ്ങള്‍ താഴെ വീണ് കൊണ്ടിരുന്നു. ഒന്നായി അഞ്ചായി പത്തായി മുപ്പതായി നൂറായി അത് കുമിഞ്ഞ് കൂടി. ഉറക്കമില്ലാത്ത മണിക്കൂറുകള്‍ മുന്നോട്ട് പോയി.

ഇരുന്നും കിടന്നും എന്റെ യുദ്ധം തുടര്‍ന്നു. ഇതൊന്നുമറിയാതെ രണ്ട് പേര്‍ എന്റെയടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അവരെ രണ്ടു പേരെയും കിട്ടാത്തതിന്റെ അമര്‍ഷം കൊതുകുകള്‍ എന്റെ മേല്‍ തീര്‍ക്കുന്നത് പോലെയായിരുന്നു അവയുടെ ആക്രമണം.

പാതിരാത്രിയില്‍ എപ്പോഴോ മുറിയില്‍ ലൈറ്റ് തെളിഞ്ഞു. ഉസ്താദുമാരില്‍ ഒരാള്‍ എഴുന്നേറ്റു മറ്റെയാളെ വിളിച്ചുണര്‍ത്തി. ഞാന്‍ എഴുന്നേറ്റ് പായിലിരുന്നു. എന്നെ നോക്കിയയാള്‍ ചോദിച്ചു – നന്നായി ഉറങ്ങിയോ?

ഒരു പൊടി കണ്ണടക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും അതെയെന്ന് മനസിലാക്കാന്‍ കഴിയുന്ന പോലെ ഞാന്‍ വെറുതെ തലയാട്ടി. എന്നാല്‍ എഴുന്നേറ്റോ. ഭക്ഷണം കഴിച്ച് വരാം. ഇമാം എന്നെയും കൂടി ക്ഷണിച്ചു.

അവര്‍ക്കൊപ്പം ഞാനും പല്ലു തേച്ചു. അത്താഴം കഴിക്കാനായി അധികം അകലെയല്ലാതെയുള്ള ഒരു കടയിലേക്ക് പോകുകയാണവര്‍. എന്നെയും കൂടെക്കൂട്ടി.

നടക്കുമ്പോള്‍ മുഴുവന്‍ നാട്ടില്‍ പെരുകി വരുന്ന മുജാഹിദ് ആശയക്കാരെ കുറിച്ചുള്ള ആവലാതികളായിരുന്നു സംസാരം. ഒന്നും മിണ്ടാതെ ഞാന്‍ അവര്‍ക്കൊപ്പം നടന്നു.

AI IMAGE

മുജാഹിദുകളോട് കടുത്ത അമര്‍ഷമുള്ള രണ്ട് പേരായിരുന്നു അവര്‍. ഞാനൊരു മുജാഹിദ് ആശയക്കാരനാണെന്നറിഞ്ഞാല്‍ ക്ഷണം അവരെന്നെ പായിച്ചേക്കും. ഉഴലുന്ന അസ്തിത്വ പ്രതിസന്ധിയിലാണ് അവര്‍ക്കൊപ്പം ഞാന്‍ നടക്കുന്നത്.

നടത്തം ഒരു കടയുടെ മുന്നിലെത്തി നിന്നു. ഒരു സ്ത്രീയും അവരുടെ മകനെന്ന് തോന്നുന്ന പയ്യനും ചേര്‍ന്നാണത് നടത്തുന്നത്.

നോമ്പുകാര്‍ക്ക് അത്താഴം നല്‍കുന്ന ഒരു കടയാണത്. കടയെന്ന് പറഞ്ഞാല്‍, വശങ്ങള്‍ ഇരുമ്പ് മൂടി കൊണ്ട് അടച്ച ഒരു പെട്ടിക്കട. മുന്നില്‍ ഒരു ബെഞ്ചും ഒരു ഡസ്‌ക്കും ഒന്നോ രണ്ടോ കസേരകളുമിട്ടിട്ടുണ്ട്.

തീനാളം അല്പം ഉയര്‍ന്ന് കത്തുന്ന ഒരു മേശവിളക്ക് മാത്രമാണ് വെളിച്ചമായുള്ളത്. പലയിടത്ത് നിന്നുള്ള മനുഷ്യര്‍ അവിടെയിരുന്ന് അത്താഴം കഴിക്കുന്നുണ്ട്.

AI IMAGE

നന്നായി വെന്ത വെള്ളച്ചോറും മീന്‍ കറിയും ഒരു കഷ്ണം അയല പൊരിച്ചതും തോരനോ അവിയലോ എന്ന് തിരിച്ചറിയാനാകാത്ത വിധം പാകം ചെയ്ത പച്ചക്കറിയുമാണ് നോമ്പത്താഴം.

ഭക്ഷണം കഴിഞ്ഞ് പൈസ നല്‍കാന്‍ ഞാന്‍ പോക്കറ്റില്‍ പരതി. വേണ്ട, ഞാന്‍ കൊടുത്തു. ആജ്ഞ പോലെയുള്ള കനത്ത ശബ്ദം കാതില്‍ മുഴങ്ങി. പൈസ ഇമാം കൊടുത്തിരിക്കുന്നു.

തിരിച്ചുള്ള യാത്രയിലും ചര്‍ച്ച മുജാഹിദ് തന്നെയായിരുന്നു. അന്യ മതക്കാരെ പ്രബോധനം ചെയ്ത് മതം മാറ്റാന്‍ മുജാഹിദുകള്‍ നടത്തുന്ന പരിപാടികളെപ്പറ്റി പറഞ്ഞ് അവര്‍ അമര്‍ഷം പൂണ്ടു.

സുന്നികളെ മുശ്‌രിക്കാകുന്ന പുത്തന്‍ വാദികളെ കണ്ടേടത്ത് വെച്ച് അടിക്കണമെന്ന് മുഅദ്ദിന്‍ ആത്മരോഷം കൊണ്ടു.

സമുദായത്തിനുള്ളില്‍ അവരുണ്ടാക്കുന്ന ഭിന്നതയെ പ്രതി പതം പറഞ്ഞു. ഇതെല്ലാം കേട്ട് എന്റെയുള്ളിലെ മുജാഹിദ് ആത്മസംഘര്‍ഷത്തിന്റെ തീച്ചൂളയില്‍ കിടന്ന് ഉരുകിക്കൊണ്ടിരുന്നു.

അഭയം തന്ന മനുഷ്യരോടുള്ള മര്യാദ ഒരു ഭാഗത്തും മുജാഹിദ് ആശയത്തിന്റെ വ്യഗ്രത മറു ഭാഗത്തുമായി യുദ്ധം ചെയ്തു. ഒടുവില്‍ മര്യാദ തന്നെ വിജയിച്ചു.

ഇന്നും എറണാകുളം ബസ്സ്റ്റാന്റിന്റെ മുന്നിലെത്തുമ്പോള്‍ കാല്‍ നൂറ്റാണ്ട് മുമ്പത്തെ നോമ്പനുഭവം ഒരു ചലച്ചിത്രത്തിലെ രംഗം പോലെ മനസിലേക്ക് ഓടിയെത്തും. ആത്മബോധങ്ങളുടെ വാര്‍ത്തെടുക്കലിന് പിന്നില്‍ അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍!

Content Highlight: memory of a ramadhan night