ഒരു സുഹൃത്തിന്റെ മരണശേഷം ചെയ്ത പിയാനോ പീസാണ് ട്രാഫിക്കിന്റെ തീം മ്യൂസിക്: മെജോ ജോസഫ്
Malayalam Cinema
ഒരു സുഹൃത്തിന്റെ മരണശേഷം ചെയ്ത പിയാനോ പീസാണ് ട്രാഫിക്കിന്റെ തീം മ്യൂസിക്: മെജോ ജോസഫ്
നന്ദന. ടി
Saturday, 4th July 2026, 9:31 am

രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ മലയാള സിനിമയിലെ ന്യൂ ജനറേഷൻ സിനിമകളുടെ വഴിത്തിരിവായി കണക്കാക്കപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, റഹ്മാൻ, വിനീത് ശ്രീനിവാസൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ കഥപോലെ തന്നെ പശ്ചാത്തല സംഗീതവും ‘കണ്ണെറിഞ്ഞാൽ കാണാ തീരം ‘ അടക്കമുള്ള ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഓർമകളിലുണ്ട്. ആ സിനിമയുടെ സംഗീതത്തിന് പിന്നിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ മെജോ ജോസഫ്. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെജോ ജോസഫ്. screen grab/variety media

‘ട്രാഫിക്’ സിനിമയിലെ ‘കണ്ണെറിഞ്ഞാൽ കാണാ തീരം’ എന്ന പാട്ട് ആ സിറ്റുവേഷനുവേണ്ടി ഞാൻ കമ്പോസ് ചെയ്ത മൂന്നാമത്തെ പാട്ടായിരുന്നു. ആദ്യം ചെയ്ത പാട്ട് സംവിധായകന് ഇഷ്ടമായില്ല. പക്ഷേ അതേ പാട്ടാണ് പിന്നീട് തമിഴിൽ ‘ട്രാഫിക്’ റീമേക്ക് ആയ ‘ചെന്നൈയിൽ ഒരു നാൾ’ എന്ന സിനിമയിൽ ഉപയോഗിച്ചത്. അതൊക്കെ ഓരോ സംവിധായകന്റെയും പെർസ്‌പെക്ടീവ് ആണ്.

ട്രാഫിക്കിലെ ആ സിറ്റുവേഷനിൽ ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ മാത്രം വന്നാൽ  ഫീൽ കിട്ടില്ലായിരുന്നു. അതുകൊണ്ടാണ് അവിടെ ഒരു പാട്ട് വേണമെന്ന് രാജേഷേട്ടൻ പറഞ്ഞത്. അങ്ങനെയാണ് ‘കണ്ണെറിഞ്ഞാൽ കാണാ തീരം’ എന്ന പാട്ട് ചെയ്യുന്നത്. ‘ട്രാഫിക്’ ആയിരുന്നു ഞാൻ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ സംഗീത വിഭാഗവും കൈകാര്യം ചെയ്ത ചിത്രം. ‘നോട്ട്ബുക്ക്’, ‘സൈക്കിൾ’ എന്നീ സിനിമകളിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഞാൻ ചെയ്തിരുന്നില്ല. ഒരു സിനിമയുടെ A to Z മ്യൂസിക് ഡിപ്പാർട്ട്മെന്റ് മുഴുവൻ നമ്മുടെ കൈയിലൂടെ പോകുമ്പോഴാണ് നമ്മൾ ഒരു കമ്പ്ലീറ്റ് മ്യൂസിഷ്യനാണ് എന്ന ബോധ്യം നമുക്ക് തന്നെ വരുന്നത്. ആ അനുഭവം എനിക്ക് സമ്മാനിച്ചത് ‘ട്രാഫിക്’ ആണ്. പക്ഷേ അത് പലർക്കും അറിയില്ല.

പിന്നെ ‘ട്രാഫിക്’ സിനിമയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി വരുന്ന ആ പിയാനോ പീസ് വളരെ ഹോണ്ടിങ്ങാണെന്ന് പലരും പറയാറുണ്ട്. ആ മ്യൂസിക് യഥാർത്ഥത്തിൽ വർഷങ്ങൾക്കുമുമ്പ് ഞാൻ ചെയ്ത ഒരു പീസാണ്. അന്ന് പഠിച്ചുകൊണ്ടിരുന്ന സമയത്ത് എന്റെ വളരെ അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തിരുന്നു. ആ പെയിനിൽ ആ രാത്രി ഇരുന്ന് ചെയ്ത പീസായിരുന്നു അത്. പിന്നീട് ‘ട്രാഫിക്’ന്റെ ഡിസ്കഷൻ നടക്കുമ്പോൾ രാജേഷേട്ടന് ഞാൻ അത് വായിച്ചുകേൾപ്പിച്ചു കൊടുത്തു. അപ്പോൾ തന്നെ ‘ഇതാണ് നമ്മുടെ തീം’ എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ആ പിയാനോ പീസ് കേൾക്കുമ്പോഴെല്ലാം ആ കാലം എനിക്ക് ഓർമ വരും. ട്രാഫികിലെ ‘പകലിന്’ എന്ന പാട്ടാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം,’ മെജോ ജോസഫ് പറഞ്ഞു.

‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച മെജോ ജോസഫ്, ചിത്രത്തിലെ പതിനാലുകാരനായ ഫിറോസ് എന്ന കഥാപാത്രത്തിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. തുടർന്ന് ‘ട്രാഫിക്’, ‘സൈക്കിൾ’, ‘സി/ഒ സൈറാ ബാനു’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.

ട്രാഫിക്.screen grab/youtube

Content Highlight: Mejo Joseph talks about hsi song from traffic movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം