ദായ്റയിൽ പൃഥ്വിരാജിന്റേത് ഗംഭീര പ്രകടനം, താരത്തെ പുകഴ്ത്തി മേഘ്ന ഗുൽസാർ
Malayalam Cinema
ദായ്റയിൽ പൃഥ്വിരാജിന്റേത് ഗംഭീര പ്രകടനം, താരത്തെ പുകഴ്ത്തി മേഘ്ന ഗുൽസാർ
അജ്മല്‍ കെ
Friday, 28th August 2026, 2:27 pm

മേഘ്ന ഗുൽസാറിന്റെ പുതിയ ചിത്രം ‘ദായ്റ’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ചിത്രത്തിലെ കരീന കപൂറും പൃഥ്വിരാജ് സുകുമാരനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഓഗസ്റ്റ് 31ന് ട്രെയിലർ പുറത്തിറങ്ങാനിരിക്കെ, ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള സംവിധായിക മേഘ്ന ഗുൽസാറിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു സംവിധായിക ചിത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ദായ്റയിൽ കരീന DCP അജൂനി കോഹ്‌ലിയായും പൃഥ്വിരാജ് ഡി.സി.പി രാമൻ കുമാറായുമാണ് എത്തുന്നത്. ഇരുവരും നിയമപാലകരാണെങ്കിലും നീതിയെയും നിയമത്തെയും സമീപിക്കുന്ന രീതിയിൽ വലിയ വ്യത്യാസമുണ്ട്. അജൂനി ശക്തമായ നീതിബോധമുള്ള, ശാന്തവും എളുപ്പത്തിൽ വായിച്ചെടുക്കാനാകാത്തതുമായ വ്യക്തിത്വമാണ്. പുഞ്ചിരിയിലൂടെ പോലും സാഹചര്യങ്ങളെയും ആളുകളെയും മനസ്സിലാക്കുന്ന സ്വഭാവമാണ് അവരുടേത്.

ദായ്റ.Photo: IMDb

അതേസമയം, രാമൻ കുമാർ അതിന്റെ നേർവിപരീതമാണ്. ഉള്ളിൽ അടക്കിവെച്ച രോഷവും പുറത്തേക്ക് പ്രകടിപ്പിക്കാത്ത തീവ്രതയുമാണ് രമണിന്റെ പ്രധാന സവിശേഷത. കഥാപാത്രം വളരെ അപൂർവമായേ പുഞ്ചിരിക്കുകയുള്ളൂ. അജൂനിയുടെ ശാന്തതയ്ക്ക് എതിരായി രമണിന്റെ ഉള്ളിൽ കെട്ടടങ്ങാത്ത കോപമാണ് നിലകൊള്ളുന്നത്.

അജൂനിയെയും രാമനെയും ‘ദായ്റ’യിലെ യിൻ-യാങ് എന്നാണ് മേഘ്ന ഗുൽസാർ വിശേഷിപ്പിക്കുന്നത്. പരസ്പരം വ്യത്യസ്തരായിരുന്നിട്ടും ഒരേ സങ്കീർണമായ ലോകത്തെയാണ് ഇരുവരും നേരിടുന്നത്. ചില ഘട്ടങ്ങളിൽ നിയമം അവർക്ക് വഴികാട്ടിയാകുമ്പോൾ മറ്റുചിലപ്പോൾ അതേ നിയമം അവരുടെ മുന്നിൽ പ്രതിസന്ധിയായി മാറുന്നു. ശരിയും തെറ്റും കറുപ്പും വെളുപ്പുമായി വേർതിരിക്കാൻ കഴിയാത്ത ഈ ലോകത്ത് ഇരുവരും തങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോകുന്നതാണ് സിനിമയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് എന്നാണ് സംവിധായിക പങ്കു വെച്ച സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറയുന്നത്.

മേഘ്ന ഗുൽസാറിന്റെ മുൻ ചിത്രങ്ങളായ തൽവാർ, റാസി, ചപ്പാക്ക്, സാം ബഹദൂർ എന്നിവയിലും കഥാപാത്രങ്ങളുടെയും സമൂഹത്തിന്റെയും സങ്കീർണമായ ‘ഗ്രേ ഏരിയകൾ’ സംവിധായിക അവതരിപ്പിച്ചിരുന്നു. ദായ്റ ആ സമീപനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്ന ചിത്രമാണെന്നാണ് മേഘ്നയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കറുപ്പും വെളുപ്പുമായി കാര്യങ്ങളെ വേർതിരിക്കുന്നതിനുപകരം അതിനിടയിലുള്ള സങ്കീർണതകളിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്.

ചിത്രത്തിലെ കരീനയുടെയും പൃഥ്വിരാജിന്റെയും പ്രകടനത്തിലും സംവിധായികയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. കഥാപാത്രങ്ങളുടെ തീവ്രതയും അവർക്കുള്ളിലെ വൈരുധ്യങ്ങളും ഇരുവരും പ്രകടനത്തിലൂടെ കൃത്യമായി അവതരിപ്പിച്ചെന്നാണ് മേഘ്ന പറയുന്നത്. പ്രത്യേകിച്ച് പൃഥ്വിരാജിന്റെ രാമനിലൂടെ താരത്തിന്റെ മറ്റൊരു പ്രകടനമാണ് പ്രേക്ഷകർക്ക് കാണാനാകുകയെന്നാണ് സംവിധായികയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

ദായ്റ.Photo: Screen grab/ Youtube.com

ഒരൊറ്റ സ്ഥലത്തുണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയല്ല ‘ദായ്റ’. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കഥയ്ക്ക് ഒരു പ്രത്യേക നഗരത്തിന്റെയോ സംസ്ഥാനത്തിന്റെയോ പരിമിതിയില്ലെന്നും ഇന്ത്യയിലെ എവിടെയും സംഭവിക്കാവുന്ന ഒരു ലോകമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും മേഘ്ന വ്യക്തമാക്കി.

കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദായ്റ’. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള വൈരുധ്യവും ഏറ്റുമുട്ടലും കഥയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സെപ്റ്റംബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. യാഷ് കേശ്വാനി, സിമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlight: Meghna Gulzar talks about the film Daayra and Prithviraj’s performance

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.