ബെര്‍ലിന്‍: ലെബനനില്‍ ജനവാസ മേഖലകള്‍ക്ക് മേല്‍ ഇസ്രഈല്‍ സൈന്യം പ്രയോഗിച്ച വൈറ്റ് ഫോസ്ഫറസ്, ഗ്ലൈ ഫോസ്‌ഫേറ്റ് എന്നിവ ജര്‍മന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നുള്ളതെന്ന് മനുഷ്യാവകാശ സംഘടനയായ മെഡിക്കോ ഇന്റര്‍നാഷനല്‍.
ജര്‍മനിയില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ മെഡിക്കോ ഇന്റര്‍നാഷനലും കോഡിനേഷന്‍ എഗെയ്ന്‍സ്റ്റ് ബയെര്‍ ഡേഞ്ചേഴ്‌സ് (സി.ബി.ജി) എന്ന സംഘടനയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്.
മെഡിക്കോ ഇന്റര്‍നാഷനല്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘കാര്‍ട്ടോഗ്രാഫീസ് ഓഫ് ഡിസ്ട്രക്ഷന്‍: ഇസ്രഈല്‍സ് വാര്‍ ക്രൈംസ് എഗെയ്ന്‍സ്റ്റ് ലെബനന്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഫോസ്ഫറസ് ആക്രമണത്തിന്റെ ജര്‍മന്‍ ബന്ധത്തെക്കുറിച്ച് പറയുന്നത്.
യു.എസില്‍ നിന്നുള്ള വളം നിര്‍മാതാക്കളായ മൊണ്‍സാന്റോയില്‍ നിന്നാണ് ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ്, ഗ്ലൈ ഫോസ്‌ഫേറ്റ് എന്നീ രാസവസ്തുക്കള്‍ ലഭ്യമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജര്‍മന്‍ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബയെര്‍ ഗ്രൂപ്പ് 2018ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തിരുന്നു.
യു.എസിലെ സോഡ സ്പ്രിങ്‌സിലുള്ള ബയെറിന്റെ ഗ്ലൈഫോസ്‌ഫേറ്റ് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് പശ്ചിമേഷ്യന്‍ യുദ്ധത്തിലുപയോഗിച്ച ഫോസ്ഫറസ് ലഭ്യമാക്കിയതെന്ന് ശക്തമായ തെളിവുള്ളതായി സി.ബി.ജി പ്രതിനിധി ജോണ്‍ പെഹ്ര്‍കെ പറഞ്ഞു,
രാസവസ്തു പ്രയോഗങ്ങളടക്കം ലെബനനില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളെ കുറിച്ചുള്ളതാണ് മെഡിക്കോ ഇന്റര്‍നാഷനലിന്റെ പഠനം. ലെബനനിലെ പബ്ലിക് വര്‍ക്‌സ് എന്ന സംഘടനയും പഠനത്തില്‍ മെഡിക്കോ ഇന്റര്‍നാഷണലിനൊപ്പം പങ്കാളികളായിരുന്നു.
ലെബനനില്‍ ജനവാസ മേഖലകള്‍ക്ക് മേല്‍ ഇസ്രഈല്‍ സൈന്യം പല തവണ രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ജൂണ്‍ ആദ്യ വാരം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വിദഗ്ധരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചുമായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
തെക്കന്‍ ലെബനനിലെ ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രഈല്‍ ഫോസ്ഫറസ് പ്രയോഗം നടത്തിയതായി അന്ന് കണ്ടെത്തിയത്. സിവിലിയന്‍മാര്‍ക്ക് നേര്‍ക്കോ ജനവാസ മേഖലകള്‍ക്ക് നേര്‍ക്കോ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ച ശേഷം തെക്കന്‍ ലെബനനിലെ വിവിധ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൈര്‍ നഗരത്തിന് സമീപവും നബാതിയെ നഗരത്തിലും ഈ രാസ വസ്തു പ്രയോഗിച്ചു. ഖ്‌ലായ, ഖിയാം, യോഹ്‌മോര്‍ പട്ടണങ്ങള്‍ക്ക് സമീപവും വൈറ്റ് ഫോസ്ഫറസ് പ്രയോഗം നടന്നതായും അന്നത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പ്രദേശങ്ങളില്‍ രാസവസ്തു പ്രയോഗം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും യു.എസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നബാതിയെ മേഖലയിലുള്ള ബ്യൂഫോര്‍ട്ട് കോട്ട പിടിച്ചടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രഈലി സൈന്യം പകര്‍ത്തിയിരുന്നു. മേയ് 30നുള്ള ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നബാതിയെ നഗരത്തില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗം കാരണമുള്ള പുക അന്തരീക്ഷത്തിലുയര്‍ന്നതായി കണ്ടെത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലെബനനില്‍ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രഈല്‍ തള്ളിയിരുന്നു.
ലെബനനില്‍ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഈ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രസ്താവന ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്ത് വന്നിരുന്നു. മാര്‍ച്ച് മൂന്നിന് യോഹ്‌മോര്‍ പട്ടണത്തില്‍ ഈ രാസവസ്തു പ്രയോഗിച്ചെന്നായിരുന്നു മനുഷ്യാവകാശ സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
Content Highlight: Medico International Says Israel’s white phosphorus and glyphosate point back to Germany’s Bayer group’s Monsanto