ഹൈദരാബാദ്: ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്‌സിസ്റ്റ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് തെലങ്കാനയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളും അടച്ചിടുമെന്ന് തെലങ്കാന കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ (ടി.ടി.സി.ഡി.എ) അറിയിച്ചു.
മെയ് 20നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 12.40 ലക്ഷത്തോളം വരുന്ന രസതന്ത്രജ്ഞരും മരുന്ന് വിതരണക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് എ.ഐ.ഒ.സി.ഡി.എ അറിയിച്ചു.
ഓണ്‍ലൈന്‍ ഫാര്‍മസികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് പ്ലാറ്റ്ഫോമുകളുടെ അമിത വിലക്കിഴിവുകള്‍ക്കും എതിരെയുള്ള പ്രതിഷേധമാണിത്.
ഫാര്‍മസി മേഖലയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇത് രാജ്യത്തുടനീളമുള്ള രസതന്ത്രജ്ഞര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നും സംഘടന പറഞ്ഞു.
നിയന്ത്രണമില്ലാത്ത ഇ-ഫാര്‍മസികള്‍, വിലകുറവ്, കുറിപ്പടി ഒന്നിലധകം തവണ ഉപയോഗിക്കാനുള്ള അവസരമുണ്ടാവുന്നത് തുടങ്ങിയവയെല്ലാം മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ഏകദേശം 5 കോടി പേരുടെ ഉപജീവന മാര്‍ഗം അപകടത്തിലാക്കിയിട്ടുണ്ടെന്നും സംഘടന പറഞ്ഞു.
എ.ഐ നിര്‍മിത കുറിപ്പടികളിലൂടെ ആന്റിബയോട്ടിക്കുകള്‍ അനിയന്ത്രിതമായി ലഭിക്കുന്നത് ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുമെന്നും എ.ഐ.ഒ.സി.ഡി.എ
കൂട്ടിച്ചേര്‍ത്തു.
വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വന്‍തോതിലുള്ള വിലക്കിഴിവുകള്‍ നല്‍കി വിപണി സന്തുലിതാവസ്ഥ നശിപ്പിക്കുകയും ചെറുകിട മെഡിക്കല്‍ ഷോപ്പുകളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും സംഘടന പറഞ്ഞു.
കൊവിഡ് കാലത്ത് മരുന്നുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നതിന് അനുമതി നല്‍കുന്ന താത്ക്കാലിക വിജ്ഞാപനം ജി.എസ്.ആര്‍ 220 (ഇ) ഉടന്‍ പിന്‍വലിക്കണമെന്നും രസതന്ത്രജ്ഞരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ വ്യവസ്ഥ ഇനി ആവശ്യമില്ലെന്നും, ഡ്രഗ് റൂള്‍ 65 പ്രകാരമുള്ള നിയന്ത്രണങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുന്നുവെന്നും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഈ പഴുതുകള്‍ ചൂഷണം ചെയ്യാനും നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കാനും ഇത് അനുവദിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അധാര്‍മികമായ കിഴിവുകള്‍ തടയുന്നതിന് ഒരു ‘ലെവല്‍ പ്ലേയിങ് ഫീല്‍ഡ്’ നയം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 20നകം ഈ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അനിശ്ചിക കാല പ്രതിഷേധം ആരംഭിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന്
ടി.ടി.സി.ഡി.എ പ്രസിഡന്റ് കെ. ശ്രീനിവാസും ജനറല്‍ സെക്രട്ടറി ടി. രാജുവും മുന്നറിയിപ്പ് നല്‍കി.
അതേസമയം മെയ് 20ന് മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിടുമെങ്കിലും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലുളളവ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംഘടന അറിയിച്ചു.
Content Highlight: Medical shops to go on strike nationwide on May 20; AIOCDA says PM has not intervened in issues affecting pharmacy sector
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.