മലയാളികള്‍ക്ക് അത്രയെളുപ്പം ആളുമാറുന്നയാളോ ജയസൂര്യ? സര്‍കാസ്റ്റിക് കമന്റുകളെ സൈബര്‍ ആക്രമണമാക്കുന്ന മാധ്യമങ്ങള്‍
Kerala News
മലയാളികള്‍ക്ക് അത്രയെളുപ്പം ആളുമാറുന്നയാളോ ജയസൂര്യ? സര്‍കാസ്റ്റിക് കമന്റുകളെ സൈബര്‍ ആക്രമണമാക്കുന്ന മാധ്യമങ്ങള്‍
സഫ്‌വാന്‍ കാളികാവ്
Saturday, 2nd September 2023, 7:09 pm

കോഴിക്കോട്: നടന്‍ ജയസൂര്യയുടെ സോഷ്യല്‍ മീഡിയ പേജിന് പകരം ശ്രീലങ്കന്‍
ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേജില്‍ സൈബര്‍ ആക്രമണമെന്ന തരത്തില്‍ പ്രമുഖ മലയാള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സര്‍കാസ്റ്റിക് കമന്റുകളെ ഉദ്ധരിച്ച്. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനായ ജയസൂര്യയെ ആളുമാറി എന്ന തരത്തിലാണ് ജനം ടി.വിയും ചന്ദ്രികയും മനോരമ ന്യൂസും 24ന്യൂസും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.

എന്നാല്‍ വാര്‍ത്തക്ക് ആധാരമായി മാധ്യമങ്ങള്‍ ഉദ്ധരിച്ച സനത് ജയസൂര്യയുടെ പേജിന് താഴെവന്ന കമന്റുകളൊന്നും ഒരു സൈബര്‍ ആക്രമണത്തിന്റെ സ്വഭാവത്തിലുള്ളതോ, ഇടത് അനുകൂലികള്‍ അദ്ദേഹത്തെ ചീത്തവിളിക്കുന്നതോ അല്ല. മറിച്ച് വളരെ സര്‍കാസ്റ്റിക്കായി ആരോ തുടങ്ങിവെച്ച കമന്റ് എല്ലാവരും ഏറ്റടുക്കുകയാണുണ്ടായത്.

സാധാരണ ഇത്തരത്തില്‍ സൈബര്‍ അധിക്ഷേപ കമന്റുകള്‍ വരുമ്പോള്‍ കൂടുതലായും ഫേക്ക് ഐഡികളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ തങ്ങളുടെ നേതാക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളടക്കം പ്രദര്‍ശിപ്പിച്ച് രാഷ്ട്രീയ ഐഡന്റിറ്റി ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയുന്ന യു.ഡി.എഫ് അണികളും ബി.ജെ.പി പ്രവര്‍ത്തകരുമടക്കമുള്ളവരാണ് സനത് ജയസൂര്യയുടെ പോസ്റ്റിന് താഴെ തമാശരൂപേണെ കമന്റുകളിട്ടിരിക്കുന്നത്. ഇതിനെയാണ് ആളുമാറി ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന് നേരെ സൈബര്‍ ആക്രമണം എന്ന രീതിയില്‍ മുഖ്യധാര മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരും ഇടത് അനുകൂലികള്‍ക്ക് ആളുമാറി എന്ന തരത്തില്‍ പരിഹസിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. സനത് ജയസൂര്യയുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ വന്ന പ്രതികരണങ്ങളുടെ സ്വഭാവം മനസിലാക്കാതെ വായനക്കാരെ വിലകുറിച്ചുകണ്ടുവെന്നാണ് വിമര്‍ശനം.

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ ജയസൂര്യയുടെ സോഷ്യല്‍ മീഡിയ പേജിന് പകരം, മലയാളി ക്രക്കറ്റ് പ്രേമികള്‍ക്ക് ഒരുകാലത്ത്
നന്നായി അറിയുന്ന ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യയുടെ പേജിന് താഴെ ആളുമാറി കമന്റ് വരുന്നതിന്റെ യുക്തിയെക്കുറിച്ചും ആളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്.

Content Highlight: Media turning sarcastic comments into cyber attacks, Jayasurya issue

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.