| Wednesday, 17th October 2018, 8:11 pm

നീയൊരു തുടക്കക്കാരിയാണ്, നീ സംസാരിക്കണ്ട, നിനക്ക് അതിനുള്ള അധികാരമില്ല; രാജേഷ് ടച്ച്റിവറിനെതിരെ മി ടൂ ആരോപണവുമായി യുവ നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവിധായകന്‍ രാജേഷ് ടച്ച്റിവറിനെതിരെ മി ടൂ വെളിപ്പെടുത്തലുമായി യുവ നടി. രാജേഷിന്റെ ബഹുഭാഷാ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച രേവതി സമ്പത്താണ് സംവിധായകനെതിരേ ഗുരുതരമായ ആരോപണവുമായി ഫേസ്ബുക്ക് ലൈവില്‍ വന്നത്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആരോപണം ലൈവില്‍ ആവര്‍ത്തിക്കുകയായിരുന്നു.

സംവിധായകന്‍ രാജേഷ് ടച്ച്റിവര്‍, സഹ നിര്‍മാതാവ് സുനിത കൃഷ്ണന്‍ നടന്‍ ഷിജു എന്നിവരില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്ന് രേവതി ആരോപിക്കുന്നു. സംവിധായകന്‍ പാതിരാത്രി തന്റെ ഫോണിലേയ്ക്ക് നിരന്തരമായി മിസ്ഡ് കോള്‍ അടിക്കുകയും മോശപ്പെട്ട മെസേജുകള്‍ അയക്കുകയും ചെയ്തുവെന്നും രേവതി പറഞ്ഞു. ഇതിനെയെല്ലാം ചോദ്യം ചെയ്ത തന്നെ ഒറ്റപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയുമാണ് സെറ്റിലുള്ള മൂന്നോ നാലോ പേര്‍ ഒഴികെയുള്ളവര്‍ ചെയ്തതെന്നും രേവതി പറഞ്ഞു.


“എല്ലാവര്‍ക്കും എന്റെ മുഖം പരിചിതമായിരിക്കില്ല. ഞാന്‍ ഈയിടെയാണ് എന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയത്. തെലുങ്കിലും ഒറിയയിലുമായി ചെയ്ത ഒരു ബഹുഭാഷാ ചിത്രമാണത്. രാജേഷ് ടച്ച്റിവറാണ് സംവിധായകന്‍. മി ടൂവിന്റെ ഭാഗമായി സംവിധായകന്‍ രാജേഷ് ടച്ച്റിവറിനെക്കുറിച്ച് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

ഭുവനേശ്വറില്‍ നടന്ന ഓഡിഷന്‍ വഴിയാണ് ഞാന്‍ ഈ സിനിമയിലെത്തുന്നത്. സംവിധായകന്‍ രാജേഷ് ടച്ച്റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നിട്ടുണ്ട്. ഇതില്‍ ഓരോന്നിനെയും കുറിച്ച് വിശദമായി സംസാരിക്കാനാണ് ഞാന്‍ വന്നത്.

ഷൂട്ടിംഗിനിടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ അയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനെതിരേ ഞാന്‍ പ്രതികരിച്ചു. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ ചോദിച്ചു. ആ പ്രതികരണമാണ് എന്നെ അഹങ്കാരിയാക്കിയത്. അതിന്റെ ലോജിക്ക് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല. അയാള്‍ ഒരു ഉളുപ്പുമില്ലാതെ ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ പറയുന്നതില്‍ വളരെ പുച്ഛം തോന്നിയിരുന്നു.

ഞാന്‍ ഒത്തിരി ലിംഗവിവേചനം നേരിട്ട സെറ്റായിരുന്നു അത്. ഒരു തുടക്കക്കാരി എന്ന നിലയ്ക്കും ഒരു സ്ത്രീ എന്ന നിലയ്ക്കും നമുക്ക് നമ്മുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നത് എവിടുത്തെ ന്യായമാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്റെ അവസ്ഥ മനസ്സിലാക്കിയ മൂന്നോ നാലോ പേര്‍ മത്രമാണ് ആ സെറ്റിലുണ്ടായിരുന്നത്. രേവതീ… നീയൊരു തുടക്കക്കാരിയാണ്. നീ സംസാരിക്കേണ്ട, നിനക്ക് അതിനുള്ള അധികാരമില്ല എന്ന് എല്ലാവരും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

പുതുമുഖമായാലും പരിചയസമ്പന്നരായാലും നമ്മള്‍ ചെയ്യുന്നത് ഒരേ ജോലിയാണ്. എല്ലാവരും അഭിനേതാക്കളാണ്. പുതുമുഖങ്ങള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല എന്നു പറയുന്നതിന്റെ ന്യായം എനിക്ക് പിടികിട്ടുന്നില്ല. പുതുമുഖങ്ങള്‍ എന്ന് ഊന്നിപ്പറയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അടിമകളാണോ എന്നൊരു സംശയമുണ്ട്. ഇതിനെതിരേ ഞാന്‍ പ്രതികരിച്ചിരുന്നു. അതാണ് ഏറ്റവും കൂടുതല്‍ പ്രശ്നമായത്. എന്നെ സംബന്ധിച്ചിടത്തോളം പ്രതികരിക്കുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്.

രാത്രി പന്ത്രണ്ട് മണിയോ ഒരു മണിയോ രണ്ടു മണിയോ ആവട്ടെ, എനിക്ക് സംവിധായകന്‍ രാജേഷ് ടച്ച്റിവറില്‍ നിന്ന് നിരന്തരം മിസ്ഡ് കോളുകളുകളും മെസ്സേജുകളും വരുമായിരുന്നു. “നൃത്തം ചെയ്യാന്‍ തയ്യാറാണോ” എന്നൊരു സന്ദേശം തുടര്‍ച്ചയായി രണ്ട് ദിവസം ലഭിച്ചു. ഇത് പ്രൊഷണലിസമല്ല. ഇത്രയും മോശമായ പെരുമാറ്റം പരസ്യമായി പുറത്തുപറയേണ്ട സമയമാണിത്. ഇക്കാര്യത്തില്‍ എനിക്ക് ഒന്നിനെയും ആരെയും ഭയമില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഴിവ് എന്താണെന്ന് എനിക്കറിയാം.


ഈ അപമാനങ്ങള്‍ക്കെതിരേ പ്രതികരിച്ചതോടെ എനിക്കെതിരേ ബ്ലാക്ക് മെയിലിങ് ആരംഭിച്ചു. മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങളെ പ്രൊമോട്ട് ചെയ്യില്ല എന്നൊക്കെയാണ് സംവിധായകന്‍ രാജേഷ് ടച്ച്റിവറും സഹ നിര്‍മാതാവ് സുനിത കൃഷ്ണനും പറഞ്ഞത്. എന്താണ് എന്റെ പ്രശ്നം എന്നു കേള്‍ക്കാന്‍ അവിടെ ഒരാള്‍ പോലമുണ്ടായില്ല. സഹായത്തിനായി ഞാന്‍ പലരെയും സമീപിച്ചു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതുമുതല്‍ ഞാന്‍ ആളുകളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

സെറ്റില്‍ അധികാരപ്പെട്ട ഒരാള്‍ പോലും എന്താണ് എനിക്ക് പറയാനുള്ളത് എന്ന് ചോദിച്ചിട്ടില്ല. ഒരു മദ്യസത്കാരത്തിനിടെയുള്ള വേദി മാത്രമാണ് അവര്‍ എനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരുക്കിത്തന്നത്. അതില്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പ്രതികരിച്ചത് ഒരു വലിയ തെറ്റായിപ്പോയി എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ടച്ച്റിവര്‍, സുനിത കൃഷ്ണന്‍, നടന്‍ ഷിജു തുടങ്ങിയവരെല്ലാം നിരന്തരമായി എന്നെ മാനസികമായി തളര്‍ത്താന്‍ നോക്കുമായിരുന്നു”- രേവതി പറയുന്നു.

We use cookies to give you the best possible experience. Learn more