ഉയര്‍ത്തിയടിച്ച് പൊള്ളാര്‍ഡ്, ബൗണ്ടറി ലൈനില്‍ കാത്തിരുന്ന് കൂളായി പിടികൂടി മയാങ്ക്, വീഡിയോ
IPL 2019
ഉയര്‍ത്തിയടിച്ച് പൊള്ളാര്‍ഡ്, ബൗണ്ടറി ലൈനില്‍ കാത്തിരുന്ന് കൂളായി പിടികൂടി മയാങ്ക്, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2019, 7:16 pm

മൊഹാലി: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി മയാങ്ക് അഗര്‍വാളിന്റെ അസാമാന്യ ഫീല്‍ഡീംഗ് പ്രകടനം. മുംബൈ താരം കിറോണ്‍ പൊള്ളാര്‍ഡ് ഉയര്‍ത്തിയടിച്ച പന്ത് മയാങ്ക് അഗര്‍വാള്‍ കൈപ്പിടിയിലൊതുക്കിയത് ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്ന്.

17ാം ഓവറിലെ ആദ്യ പന്തിലായിരുന്നു മയാങ്കിന്റെ അവിസ്മരണീയ ക്യാച്ച്. ആന്‍ഡ്രൂ ടൈ എറിഞ്ഞ പന്ത് ഉയര്‍ത്തിയടിച്ച പൊള്ളാര്‍ഡും ആരാധകരും സിക്‌സെന്നുറപ്പിച്ച ഷോട്ടാണ് മയാങ്ക് കൈപ്പിടിയിലാക്കിയത്. പുറത്താകുമ്പോള്‍ ഒമ്പത് പന്തില്‍ ഏഴ് റണ്‍സായിരുന്നു പൊള്ളാര്‍ഡിന്റെ സമ്പാദ്യം.


ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 176 റണ്‍സാണ് നേടിയത്. ക്വിന്റണ്‍ ഡികോക്കിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് മുംബൈ ഇന്നിങ്‌സിനു കരുത്തായത്. ഡികോക്ക് 39 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 60 റണ്‍സെടുത്തു. രോഹിത് ശര്‍മ (18 പന്തില്‍ 32), ഹാര്‍ദിക് പാണ്ഡ്യ (19 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

പഞ്ചാബ് നിരയില്‍ സീസണിലാദ്യമായി അവസരം കിട്ടിയ സ്പിന്നര്‍ മുരുകന്‍ അശ്വിന്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദൂസ് വിന്‍ജോയന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കും രണ്ടു വിക്കറ്റു വീതം ലഭിച്ചെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ ധാരാളിത്തം കാണിച്ചു.

പൊള്ളാര്‍ഡിനെ പുറത്താക്കിയ മയാങ്ക് അഗര്‍വാളിന്റെ ക്യാച്ച് കാണാം

ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ- ഡികോക്ക് സഖ്യം മുംബൈയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 5.2 ഓവര്‍ ക്രീസില്‍നിന്ന ഇവരുടെ സഖ്യം 51 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ആരാധകരെ ആവേശത്തിലാഴ്ത്തി എത്തിയ യുവരാജിനു പക്ഷേ പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച യുവരാജ് 22 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 18 റണ്‍സെടുത്ത കൂടാരം കയറി.

അവസാന ഓവറുകളില്‍ പാണ്ഡ്യ സഹോദരന്‍മാര്‍ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് മുംബൈയെ 170 കടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എടുത്തിട്ടുണ്ട്. 40 റണ്‍സെടുത്ത ഗെയ്‌ലാണ് പുറത്തായത്.