കിങ് കോഹ്‌ലി 'ഡക്ക്'; പൊളിച്ചടുക്കിയത് അഗര്‍വാള്‍; ലീഡ് നേടി ഇന്ത്യ കുതിക്കുന്നു
Cricket
കിങ് കോഹ്‌ലി 'ഡക്ക്'; പൊളിച്ചടുക്കിയത് അഗര്‍വാള്‍; ലീഡ് നേടി ഇന്ത്യ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th November 2019, 12:51 pm

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് സെഞ്ചുറി. കരിയറിലെ മൂന്നാം സെഞ്ചുറിയാണ് അഗര്‍വാള്‍ റാഞ്ചിയില്‍ ഇന്നു നേടിയത്.

192 പന്തിലാണ് അഗര്‍വാള്‍ സെഞ്ചുറി തികച്ചത്. 15 ഫോറും ഒരു സിക്‌സറും അടക്കം ടീമിനെ മുന്നില്‍ നിന്നു നയിച്ചാണ് അഗര്‍വാള്‍ 103 റണ്‍സ് നേടിയത്.

അഗര്‍വാളിന്റെ സെഞ്ചുറിക്കരുത്തിലും പൂജാരയുടെ അര്‍ധസെഞ്ചുറിക്കരുത്തിലും ഇന്ത്യ ഇതുവരെ മൂന്ന് വിക്കറ്റിന് 211 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യക്ക് 61 റണ്‍സ് ലീഡുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സിനു തകര്‍ന്നടിഞ്ഞതിന്റെ ആനുകൂല്യം മുതലാക്കിയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പേസ് ബൗളിങ് പിച്ചായ ഹോള്‍ക്കറില്‍ ഇറങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ത്തന്നെ ഇന്നലെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു.

രണ്ടാം ദിവസം അഗര്‍വാളിന്റെയും ചേതേശ്വര്‍ പൂജാരയുടെയും (54) കളിമികവിന്റെ കരുത്തില്‍ 105 റണ്‍സ് വരെയെത്തി. അവിടെ മൂന്നോവറുകള്‍ക്കുള്ളില്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്.

പൂജാരയ്ക്കു പുറമേ റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്തായി. രണ്ടു പന്തുകള്‍ മാത്രമാണ് ക്യാപ്റ്റന് ആയുസ്സുണ്ടായിരുന്നത്. അബു ജയേദ് എറിഞ്ഞ പന്തില്‍ കോഹ്‌ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങിയെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. എന്നാല്‍ റിവ്യു നല്‍കിയ ബംഗ്ലാദേശ് അത് വിക്കറ്റായി മാറ്റുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്നാണ് അജിന്‍ക്യ രഹാനെ ക്രീസിലെത്തിയത്. 89 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന രഹാനെ അഗര്‍വാളിനു മികച്ച പിന്തുണയാണു നല്‍കിയത്. ഇന്ത്യക്കു നഷ്ടപ്പെട്ട മൂന്ന് വിക്കറ്റുകളും നേടിയത് അബു ജയേദാണ്.