മുതലാളിത്തത്തിന്റെ മഹാനരകങ്ങളെ തൊഴിലാളിവര്‍ഗ്ഗം അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസം. പ്രതികൂലതകളെയും കഠിനപരീക്ഷണങ്ങളെയും അതിജീവിക്കുന്ന വര്‍ഗ്ഗമാണ് തൊഴിലാളികളെന്ന ചരിത്രപാഠം അത് എന്നും തലമുറകളിലേക്ക് സന്ദേശിക്കുന്നു.
ഫലസ്തീനെതിരായ വംശീയ ഉന്മൂലനലക്ഷ്യത്തോടെയുള്ള ഇസ്രയേല്‍ ആക്രമണങ്ങളും ഉക്രൈന്‍ യുദ്ധവും തുടരുന്നതിനിടയിലാണ് ഈ വര്‍ഷം ലോകമാകെ മെയ്ദിനം ആചരിക്കുന്നത്. 2008-ലാരംഭിച്ച സാമ്പത്തിക പ്രതിസന്ധി പരിഹാരമേതുമില്ലാതെ തുടരുകയും അസംബന്ധപൂര്‍ണമായ താരിഫ് യുദ്ധത്തിലൂടെ ലോകവ്യാപാരത്തെയും സമ്പദ്ഘടനയെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.
1929 മുതല്‍ 1933 വരെ നീണ്ടുനിന്ന മുതലാളിത്ത പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെയും അന്തര്‍ സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളുടെയും ഫലമായിട്ടായിരുന്നു ഫാസിസത്തിന്റെ വളര്‍ച്ചയും രണ്ടാം ലോക മഹായുദ്ധവുമെല്ലാം സംഭവിച്ചത്.
ഇന്ന് മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ അനിവാര്യഫലമെന്നോണം ലോകമെമ്പാടും നവവലതുപക്ഷശക്തികള്‍ മേല്‍ക്കൈ നേടുകയും തൊഴിലാളി കര്‍ഷക ജനകീയ മുന്നേറ്റങ്ങള്‍ക്കെതിരെ കടുത്ത അടിച്ചമര്‍ത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്.
ഈയൊരു സാമ്പത്തികപ്രതിസന്ധിയുടെയും നിയോഫാസിസ്റ്റ് ഭീഷണിയുടെയും സാഹചര്യത്തിലാണ് മെയ് ദിനത്തിന്റെ ചരിത്രത്തെയും തൊഴിലാളിവര്‍ഗവും ജനങ്ങളും നേരിടുന്ന വര്‍ത്തമാന വെല്ലുവിളികളെയും ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നത്.
മുതലാളിത്ത ഉല്‍പാദനവും അതിന്റെ ദുരമൂത്ത ലാഭതാല്‍പര്യങ്ങളും സമ്പദ്ഘടനയിലും പ്രകൃതിയിലും സൃഷ്ടിച്ച ഗുരുതരമായ ആഘാതങ്ങളുടെ കൂടി സൃഷ്ടിയാണ് സാമ്പത്തിക പ്രതിസന്ധിയെന്ന പോലെ പാരിസ്ഥിതിക തകര്‍ച്ചയും അതിന്റെ ഫലമായ അപരിചിതങ്ങളായ നിരവധി സാംക്രമിക രോഗങ്ങളുടെ ഭീഷണിയുമെല്ലാമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
തൊഴിലാളിയെയും പ്രകൃതിയെയും കൊള്ളയടിച്ച് വളരുന്ന ലാഭാര്‍ത്തമായ ഒരു വ്യവസ്ഥയാണ് മുതലാളിത്തമെന്ന തിരിച്ചറിവില്‍ നിന്നാണ് ലോകതൊഴിലാളിവര്‍ഗത്തിന്റെ ഐതിഹാസികമായ ഉയര്‍ത്തെഴുന്നേല്‍പ്പുകളും പ്രക്ഷോഭങ്ങളും ലോകമെമ്പാടും വളര്‍ന്നുവന്നത്.
ചിക്കാഗോവിലെ ചോരയില്‍ കുതിര്‍ന്ന പോരാട്ടങ്ങളും ലോകതൊഴിലാളിവര്‍ഗത്തിന്റെ 8 മണിക്കൂറിനുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരചരിത്രവുമാണ് മെയ് ദിനം ഓര്‍മ്മിപ്പിക്കുന്നത്. മെയ്ദിനത്തിന്റെ ചരിത്രവും രാഷ്ട്രീയവും മുതലാളിത്തേതര സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മ്മിതിക്കുവേണ്ടിയുള്ള അനിവാര്യമായ വര്‍ത്തമാന കടമകളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.
മുതലാളിത്ത ചൂഷണത്തെയും അതു സൃഷ്ടിച്ച വൈയക്തികവല്‍ക്കരണത്തെയും സ്വാര്‍ത്ഥ മോഹങ്ങളെയും മറികടന്നു സമ്പദ്‌വ്യവസ്ഥകകളെയും സാമൂഹ്യ സംവിധാനങ്ങളെയും നമ്മളോരോരുത്തരെയും തന്നെ ഉയര്‍ന്ന സാമൂഹ്യ പരതയിലേക്ക് എത്തിച്ചു കൊണ്ടേ മനുഷ്യരാശിക്ക് പ്രതിസന്ധികളെ അതിജീവിക്കാനാവൂവെന്നാണ് ഈ കോവിഡു കാലം ലോകമെമ്പാടുമുള്ള ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ..
മെയ്ദിനത്തിന്റെ ചരിത്രവും ആഹ്വാനവും; ”മുതലാളിമാരെ കേട്ടോളൂ, നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദം ഞെരിച്ചമര്‍ത്താനായേക്കും. പക്ഷെ, ഞങ്ങളുടെ സ്വരം പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു. അത് അമേരിക്കയും കടന്ന് പ്രവഹിക്കുക തന്നെ ചെയ്യും”. കഴുമരത്തിലേറുന്നതിനുമുമ്പ് മെയ്ദിന രക്തസാക്ഷി പാര്‍സണ്‍ വിളിച്ചു പറഞ്ഞവാക്കുകളാണിത്.
Lucy Parsons
രക്തസാക്ഷിയുടെ അവസാന വചനങ്ങള്‍. മുതലാളിത്തത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുകുലുക്കിയ ആ ശബ്ദം ഇന്നും ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ട്. മുതലാളിത്തത്തിനെതിരെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ഭൂഖണ്ഡങ്ങളിലേക്ക് പടരുന്ന തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങള്‍ പാര്‍സെന്റെ വാക്കുകളെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന നൈരന്തര്യമായി ഇന്നും ഏതുപ്രതിസന്ധിഘട്ടത്തിലും ശുഭാപ്തിവിശ്വാസം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
മുതലാളിത്തത്തിന്റെ മഹാനരകങ്ങളെ തൊഴിലാളിവര്‍ഗ്ഗം അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസം. പ്രതികൂലതകളെയും കഠിനപരീക്ഷണങ്ങളെയും അതിജീവിക്കുന്ന വര്‍ഗ്ഗമാണ് തൊഴിലാളികളെന്ന ചരിത്രപാഠം അത് എന്നും തലമുറകളിലേക്ക് സന്ദേശിക്കുന്നു.
മെയ്ദിനാചരണ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിയ അമേരിക്കന്‍ കിരാതനീതിക്കെതിരായ പോരാട്ടത്തിന്റെ മുഖത്തുനിന്നാണ് പാര്‍സണ്‍ ഉള്‍പ്പെടെ നാല് തൊഴിലാളി സഖാക്കള്‍ തൂക്കുമരത്തിലേറുന്നത്. ജോലിസമയം 8 മണിക്കൂറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1886 മെയ് 1ന് ചിക്കോഗോവിലും മറ്റ് പ്രധാനനഗരങ്ങളിലും തൊഴിലാളികള്‍ പണിമുടക്ക് നടത്തി. ചിക്കാഗോവില്‍ പണിമുടക്കിയ തൊഴിലാളികളെ മുതലാളിമാരുടെ കൂലിപട്ടാളവും പോലീസും നിഷ്ഠൂരമായി കടന്നാക്രമിച്ചു. ക്രൂരവും ഭീകരവുമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കി.
തെരുവില്‍ തൊഴിലാളികളെ വെടിവെച്ചിട്ട ക്രൂര നടപടിക്കെതിരെ ചിക്കാഗോ ഉള്‍പ്പെടെ അമേരിക്കന്‍ നഗരങ്ങള്‍ പ്രതിേഷധം കൊണ്ട് പ്രക്ഷുബ്ധമായി. പ്രതിഷേധിക്കാനായി ഹേയ്മാര്‍ക്കറ്റ് സ്‌ക്വയറില്‍ യോഗം ചേര്‍ന്ന തൊഴിലാളികള്‍ക്കുനേരെ വീണ്ടും പോലീസിന്റെ നിഷ്ഠൂരമായ ആക്രമണമുണ്ടായി. പോലീസും മുതലാളിമാരുടെ ഗുണ്ടകളും തൊഴിലാളികളെ ഭീകരമായി കടന്നാക്രമിച്ചു.
നിരവധി തൊഴിലാളികള്‍ വെടിയുണ്ടകള്‍ക്കിരയായി. തൊഴിലാളികളും മുതലാളിവര്‍ഗ്ഗത്തിന്റെ ഗുണ്ടാപ്പടയും തമ്മില്‍ അതിരൂക്ഷമായ സംഘട്ടനം നടന്നു. തൊഴിലാളികളുടെ പ്രതിരോധത്തിനിടയില്‍ ദേഗന്‍ എന്ന പോലീസുകാരന്‍ അടക്കം ഏതാനും പോലീസുകാരും മരണപ്പെട്ടു. ഈ സംഭവത്തിന്റെ പേരിലാണ് 4 തൊഴിലാളികള്‍ക്ക് വിചാരണപോലും നടത്താതെ വധശിക്ഷ നല്‍കിയത്.
അമേരിക്കയില്‍ മാത്രമല്ല ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം തൊഴിലുടമകള്‍ തൊഴിലാളികളെ മാടുകളെപോലെ പണിയെടുപ്പിച്ചു.
18ഉം 19ഉം നൂറ്റാണ്ടുകളിലെ യൂറോപ്പും അമേരിക്കയും തൊഴിലാളികളെക്കൊണ്ട് മൃഗങ്ങളെപോലെ പണിയെടുപ്പിച്ചിരുന്ന മുതലാളിത്തത്തിന്റെ കൊടുംക്രൂരതകളുടെ ചരിത്രമാണ് പറയുന്നത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ജീവിതനരകങ്ങള്‍ സൃഷ്ടിച്ച മുതലാളിത്തത്തിന്റെ മനുഷ്യത്വരാഹിത്യമാണ് ചാള്‍സ്ഡിക്കന്‍സ് തന്റെ കഥകളില്‍ ആവിഷ്‌കരിച്ചത്.
മാര്‍ക്‌സ് തന്റെ രചനകളില്‍ ഡിക്കന്‍സിന്റെ കഥാപരിസരത്തെ നിര്‍ണ്ണയിച്ചത് മുതലാളിത്തത്തിന്റെ അപമാനവീകരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റോമാസാമ്രാജ്യത്വകാലത്തെ അടിമയുടമകളെപോലെ, പണിയെടുക്കുന്ന മനുഷ്യരെ സംസാരിക്കുന്ന പണിയായുധങ്ങളായിട്ടാണ് മുതലാളിമാര്‍ കണ്ടത്.
18ഉം 20ഉം മണിക്കൂര്‍വരെ ജോലി ചെയ്യേണ്ട ദുസ്ഥിതി ആയിരുന്നു. ഫാക്ടറി മുതലാളിത്തം മനുഷ്യരെ വെറും കൂലി അടിമകളാക്കി. മാര്‍ക്‌സ് എഴുതിയതുപോലെ എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായി കഴിയേണ്ട അവസ്ഥയായിരുന്നു തൊഴിലാളിക്ക്.
എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായികഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ. മഹാനായ മാര്‍ക്‌സ് തന്റെ അപരിചിതനാക്കപ്പെട്ട മനുഷ്യന്‍ എന്ന ലേഖനത്തില്‍ മുതലാളിത്തം മനുഷ്യനെ എങ്ങനെയാണ് സമ്പത്തില്‍ നിന്നും ജീവിത ബന്ധങ്ങളില്‍ നിന്നും അന്യവല്‍ക്കരിച്ചിരിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍തന്നെ ജോലിസമയം 10 മണിക്കൂറായി കുറക്കണമെന്ന ആവശ്യം ലോകത്തിന്റെ പലകോണുകളില്‍ നിന്ന് മുഴങ്ങിയിരുന്നു. രോഷാകുലരായ തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പ്രഭാതം മുതല്‍ പ്രദോഷംവരെയൊന്നുമല്ല, രാപ്പകല്‍ ഭേദമില്ലാതെ തുടര്‍ച്ചയായി പണിയെടുക്കേണ്ടിവരുന്ന അവസ്ഥക്കെതിരായ രോഷപ്രകടനങ്ങളായിരുന്നു അതൊക്കെ.
അമേരിക്കയില്‍ മാത്രമല്ല ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം തൊഴിലുടമകള്‍ തൊഴിലാളികളെ മാടുകളെപോലെ പണിയെടുപ്പിച്ചു. മനുഷ്യോചിതമായ ഒരു പരിഗണനയും നല്‍കിയില്ല. ഇതിനെതിരായി പലരാജ്യങ്ങളിലും നടന്ന പ്രക്ഷോഭങ്ങളും മനുഷ്യസ്‌നേഹികളുടെ ഇടപെടലുകളും മൂലം പലരാജ്യങ്ങളിലും തൊഴില്‍ സമയം പത്ത് മണിക്കൂറായി നിജപ്പെടുത്തുകയുണ്ടായി. പക്ഷെ അതേല്ലാം ഔപചാരികമായ തീരുമാനങ്ങളിലും ധാരണകളിലും ഒതുങ്ങി.
1866ല്‍ അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ നടന്ന 60 തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് നാഷണല്‍ ലേബര്‍ യൂണിയന്‍ എന്ന കേന്ദ്ര സംഘടനക്ക് രൂപം നല്‍കിയത്. ഈ യോഗം ജോലിസമയം 8 മണിക്കൂറാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു.
1884ല്‍ അമേരിക്കയിലും കാനഡയിലുമുള്ള തൊഴിലാളി സംഘടനകള്‍ യോഗം ചേര്‍ന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്ന സംഘടനക്ക് രൂപംകൊടുത്തു. ഈ തൊഴിലാളി യൂണിയന്‍ സമ്മേളനമാണ് മെയ് 1ന് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. 1866ല്‍ മാര്‍ക്‌സും ഏംഗല്‍സും മുന്‍കൈയെടുത്ത് രൂപീകരിച്ച ഒന്നാം ഇന്റര്‍നാഷണലിന്റെ ജനീവ സമ്മേളനം 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം വളരെ പ്രാധാന്യത്തോടെ മുന്നോട്ടുവെച്ചു.
ഇന്റര്‍ നാഷണല്‍ അംഗീകരിച്ച പ്രമേയം ഇപ്രകാരം വിശദീകരിച്ചു; ”ജോലിസമയത്തിന് നിയമപരമായ പരിധി എന്ന മുന്നുപാധി ഇല്ലാത്തപക്ഷം തൊഴിലാളിവര്‍ഗ്ഗത്തിന്റെ അഭിവൃദ്ധിക്കും മോചനത്തിനും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നിഷ്ഫലമായിത്തീരും. ഈ കോണ്‍ഗ്രസ്സ് 8 മണിക്കൂര്‍ ജോലി നിയമപരമായ പരിധിയായി നിര്‍ദ്ദേശിക്കുന്നു”.
മാര്‍ക്‌സിന്റെ മുതലാളിത്ത വിമര്‍ശനത്തിന്റെ ക്‌ളാസിക് ആവിഷ്‌കാരം എന്ന് വിശേഷിപ്പിക്കുന്ന മൂലധനത്തിന്റെ ഒന്നാം വാള്യത്തില്‍ 8 മണിക്കൂര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും രാഷ്ട്രീയപ്രാധാന്യവും വിശദമാക്കിയിട്ടുണ്ട്. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം ഈ മൂന്ന് മുദ്രാവാക്യങ്ങളാണ് ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി തൊഴിലാളിവര്‍ഗ്ഗം മാറുന്നതിന്റെ മുന്നുപാധിയെന്ന് മാര്‍ക്‌സ് വ്യക്തമാക്കി.
ഈയൊരുചരിത്രപശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങളില്‍ 8 മണിക്കൂര്‍ ലീഗുകള്‍ സ്ഥാപിതമായത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയമായ ഉണര്‍വ്വിന്റെ അനുസ്യൂതിയിലാണ് ചിക്കാഗോയിലെ മെയ്ദിനാചരണവും ചോരയില്‍ കുതിര്‍ന്ന പ്രക്ഷോഭങ്ങളും നടന്നത്.
മെയ്ദിന പോരാട്ടങ്ങളുടെ രാഷ്ട്രീയം
ചിക്കാഗോയിലെ കൂട്ടക്കുരുതിക്കും മുതലാളിത്ത ഭരണകൂടങ്ങളുടെ കാട്ടാളനീതിക്കുമെതിരെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങള്‍ വിവിധരാജ്യങ്ങളിലേക്ക് പടര്‍ന്നു. തൊഴിലാളിവര്‍ഗ്ഗം അപ്രതിഹതമായ മുന്നേറ്റങ്ങളിലേക്ക് കുതിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. 1889 ജൂലായ് 14ന് സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഒന്നാം കോണ്‍ഗ്രസ്സ് 1890 മെയ് 1 സര്‍വ്വരാജ്യതൊഴിലാളികളുടെ പോരാട്ടദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു.
1893ല്‍ മെയ്ദിന പോരാട്ടങ്ങളുടെ സാമൂഹ്യലക്ഷ്യത്തെ വിശദീകരിച്ചുകൊണ്ട് ഏംഗല്‍സ് എഴുതി; ”ജോലിസമയം 8 മണിക്കൂറാക്കുക എന്ന ആവശ്യത്തോടൊപ്പം സാമൂഹ്യപരിവര്‍ത്തനത്തിലൂടെ വര്‍ഗ്ഗഭേദങ്ങളില്ലാതാക്കുകയും അതുവഴി എല്ലാജനങ്ങളെയും ചൂഷണവിമുക്തമായ സമൂഹത്തിലേക്ക് നയിക്കുകയുംചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം”
Friedrich Engels
1917ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്‌ളവത്തോടെ ലോകമാകെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ശക്തിപ്പെട്ടു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇത് പുതിയൊരു ആവേശവും ദിശാബോധവും നല്‍കി. ഈയൊരു സാഹചര്യമാണ് വിവിധരാജ്യങ്ങളില്‍ തൊഴില്‍ നിയമങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിന് പ്രധാന പ്രേരണയായത്.
പല വികസിത രാജ്യങ്ങളിലും ജോലിസമയം 6 മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുവരികയാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയിലും അതുവഴി ഉല്‍പ്പാദനത്തില്‍ തന്നെയും വമ്പിച്ച വര്‍ദ്ധനവിന് വഴിതുറന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് ജോലിസമയം 5 മണിക്കൂറാക്കണമെന്ന ആവശ്യവും വികസിത രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവെച്ചിരുന്നു.
സോഷ്യലിസ്റ്റ് ബ്‌ളോക്കും ദേശീയവിമോചന പ്രസ്ഥാനങ്ങളും യൂറോപ്പിലെ ട്രേഡ് യൂണിയനുകളും ലോകത്തിന്റെ വികാസഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ചരിത്രഘട്ടത്തിലാണ് തൊഴിലാളികള്‍ക്കനുകൂലമായ നിയമനിര്‍മ്മാണങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ശക്തിപ്പെട്ടത്.
1866ല്‍ മാര്‍ക്‌സും ഏംഗല്‍സും മുന്‍കൈയെടുത്ത് രൂപീകരിച്ച ഒന്നാം ഇന്റര്‍നാഷണലിന്റെ ജനീവ സമ്മേളനം 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം വളരെ പ്രാധാന്യത്തോടെ മുന്നോട്ടുവെച്ചു.
സ്ഥിരം തൊഴിലുകള്‍ കുറഞ്ഞുവരുന്നു. കരാര്‍തൊഴിലും കാഷ്വല്‍വല്‍ക്കരണവും സര്‍വ്വവ്യാപകമാകുന്നു. ”ഹയര്‍ആന്റ്ഫയര്‍” സമ്പ്രദായം പുതിയ കൂലി അടിമകളെ സൃഷ്ടിക്കുന്നു. ഔട്ട്‌സോഴ്‌സിങ്ങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുറംതൊഴിലും കുടിയേറ്റതൊഴിലും വര്‍ദ്ധിച്ചുവരുന്നു.
മണിക്കൂറിനനുസരിച്ച് കൂലി നല്‍കി പലമേഖലകളിലും ജോലിസമയം കൂട്ടുന്നു. ഐ.ടി, ബി.ടി തുടങ്ങിയ ന്യൂജനറേഷന്‍ വ്യവസായമേഖലയില്‍ തൊഴില്‍ സുരക്ഷാനിയമങ്ങളില്ല. ഒരേ സ്ഥലത്ത് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്ത് തൊഴിലാളികള്‍ അവിടെതന്നെ മരിച്ചുവീഴുന്ന ദാരുണമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഒരു സാംക്രമികരോഗം പോലെ നവലിബറല്‍ മുതലാളിത്തത്തിനുകീഴില്‍ ഇത്തരം പ്രവണതകള്‍ പടരുകയാണ്. ജപ്പാന്‍ ഭാഷയില്‍ ഈ പ്രവണതയെ ‘കറോഷി’ എന്നാണ് വിളിക്കുന്നത്. ഓരോ വര്‍ഷവും തൊഴിലിടങ്ങളില്‍ കറോഷി ബാധിച്ചുമരിക്കുന്നവരുടെ എണ്ണം കൂടുകയാണ്‌പോലും. കോവിഡ് പോലുള്ള മഹാമാരികളുടെ വൈറസുകളേക്കാള്‍ ഭീകരമാംവിധം നിയോലിബറല്‍ വൈറസുകള്‍ സമ്പദ്ഘടനയെയും തൊഴിലാളികളുടെ അവകാശങ്ങളെയും കടന്നാക്രമിക്കുകയാണ്.
ഇന്ത്യയിലും ധീരോദാത്തമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. 1926-ലെ ട്രേഡ് യൂണിയന്‍ ആക്ട് തൊഴിലാളി വര്‍ഗത്തിന് നല്‍കിയ സംഘടിക്കാനും വിലപേശാനുമുള്ള അവകാശങ്ങള്‍ നവലിബറല്‍ മൂലധനശക്തികള്‍ ഇല്ലാതാക്കിക്കഴിഞ്ഞു.
നരേന്ദ്ര മോദി
കോവിഡിനെ അവസരമാക്കി 44 ഓളം തൊഴില്‍ വ്യവസായ നിയമങ്ങള്‍ നാലു കോഡുകളാക്കി ഭേദഗതിചെയ്തു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൊഴില്‍നിയമങ്ങളെല്ലാം മൂലധനശക്തികള്‍ക്കനുകൂലമായി പൊളിച്ചെഴുതാനുള്ള നീക്കമാണുണ്ടായത്. ഇതിനെയെല്ലാം പ്രതിരോധിക്കാനും തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും ഒരു സ്വതന്ത്രരാഷ്ട്രീയശക്തിയെന്ന നിലക്ക് തൊഴിലാളിവര്‍ഗത്തെയൊന്നാകെ ഏകോപിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ സാഹചര്യം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തോട് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ജാതിമതവര്‍ഗീയ വിഭജനങ്ങള്‍ക്കപ്പുറം ഒരു വര്‍ഗമെന്ന നിലയ്ക്ക് സംഘടിക്കാനും കൊളോണിയല്‍ കാലഘട്ടം മുതല്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് അധ്വാനിക്കുന്നവര്‍ഗം ഇന്ന് ഒന്നിച്ച് ഏറ്റെടുത്ത് നടത്തേണ്ടത്.
വര്‍ത്തമാന ലോകവും സോഷ്യലിസത്തിന്റെ പ്രസക്തിയും
യുദ്ധങ്ങളും വംശീയസംഘര്‍ഷങ്ങളും ലോകത്തെയാകെ അസമാനപൂര്‍ണമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. 2008-ലെ മുതലാളിത്ത പ്രതിസന്ധിയെ കൂടുതല്‍ തീഷ്ണമാക്കിക്കൊണ്ടാണ് കോവിഡ് മഹാമാരി ലോകത്തെയാകെ ഗ്രസിച്ചത്. മുതലാളിത്ത രാജ്യങ്ങളും ഭരണകൂടങ്ങളും കോവിഡ് പ്രതിസന്ധിക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്നതാണ് ലോകം കണ്ടത്. എന്നാല്‍ സ്റ്റേറ്റ് ഇടപെടലിന്റെയും സാമൂഹ്യനിയന്ത്രണത്തിന്റെയും തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനയിലെയും വിയറ്റ്‌നാമിലെയും വടക്കന്‍കൊറിയയിലെയും ക്യൂബയിലെയും ഭരണകൂടങ്ങള്‍ കോവിഡിനെ സമാശ്വാസകരമായ രീതിയില്‍ പ്രതിരോധിച്ചു.
ക്യൂബന്‍ ഡോക്ടര്‍മാര്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സമാശ്വാസം പകര്‍ന്നു. മഹാമാരിയും ലോക്ഡൗണും സാധാരണ ജീവിതം തന്നെ സാധ്യമല്ലാത്ത സാഹചര്യമാണ് ലോകത്തെല്ലായിടത്തും സൃഷ്ടിച്ചത്. അത് മുതലാളിത്ത പ്രതിസന്ധിയെ തീവ്രതരമാക്കിയിരിക്കുന്നു.
മഹാമാരിക്കുമുമ്പുതന്നെ ലോകസമ്പദ്ഘടന പതനഗതിയിലായിരുന്നു. ലോകബാങ്കിന്റെ 2021 ജനുവരിയിലെ കണക്കുകളനുസരിച്ച് 2020-ല്‍ ആഗോള സമ്പദ്ഘടന 4.3% ചുരുങ്ങിയിരിക്കുന്നു. ഒരാഗോളമാന്ദ്യത്തെയാണ് ലോകം നേരിടുന്നതെന്നാണ് ഇത് കാണിക്കുന്നത്. പല സാമ്പത്തിക വിദഗ്ധരും കഴിഞ്ഞ രണ്ട് ലോകമഹായുദ്ധങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലെ വന്‍ സാമ്പത്തികമാന്ദ്യത്തേക്കാള്‍ ആഴത്തിലുള്ള പ്രതിസന്ധിയിലേക്കാണ് ലോകസമ്പദ്ഘടനകളെ തള്ളിവിട്ടിരിക്കുന്നത് എന്നാണ് നിരീക്ഷിക്കുന്നത്.
പല വികസിത രാജ്യങ്ങളിലും ജോലിസമയം 6 മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുവരികയാണ്.
എല്ലാ കണക്കുകൂട്ടലുകളെയും ബൂര്‍ഷ്വാസിയുടെ ശുഭാപ്തിവിശ്വാസത്തെയും ഞെട്ടിച്ചുകൊണ്ട് മുതലാളിത്ത സമ്പദ്ഘടന പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ആഗോള വളര്‍ച്ച നെഗറ്റീവാവാനും ലോകമാകെ മഹാമാരിയെ അതിജീവിക്കാനുള്ള പ്രതിരോധമരുന്ന് നല്‍കുന്നതുള്‍പ്പെടെയുള്ള പലഘടകങ്ങളെയും ഇത് ബാധിക്കാനും ഇടയുണ്ട്.
2008-ലെ ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഉണ്ടായതിനേക്കാള്‍ മൂന്ന് മടങ്ങിലധികമാണ് അമേരിക്കന്‍ സമ്പദ്ഘടന പിറകോട്ടുപോയിരിക്കുന്നത്. ഉല്‍പാദന തകര്‍ച്ച പാരമ്യത്തിലാണ്. ചില റിപ്പോര്‍ട്ടുകള്‍ 2020-ലെ അമേരിക്കയിലെ ഉല്‍പാദനം 3.6% ആയി തകരുമെന്നാണ് കാണിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ 7.4%ന്റെ കടുത്ത ചുരുങ്ങലിലാണ് സമ്പദ്ഘടന. എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ താഴോട്ടുപോകുകയാണ്.
ഇതെല്ലാം ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിക്കൊണ്ടിരിക്കുന്നു. മഹാമാരി ദശലക്ഷക്കണക്കിന് ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. വരുമാനവും തൊഴിലുമില്ലാതാക്കി. 90%മാണ് വികസ്വര രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനം കുറയുന്നത്. അത് ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണ് 2020-ല്‍ ലോകം കണ്ടത്.
ചില പഠനങ്ങള്‍ പറയുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും ചുരുങ്ങിയത് 10 വര്‍ഷത്തെയെങ്കിലും പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ദ്ധനവ് ഇല്ലാതാക്കിയെന്നാണ്. ദാരിദ്ര്യവും തൊഴില്‍ നഷ്ടവും തീവ്രമാകുകയും നഷ്ടപ്പെട്ട തൊഴിലിന്റെയും വരുമാനത്തിന്റെയും വീണ്ടെടുപ്പ് നീണ്ടുപോകുകയും ചെയ്യും.
ലോകബാങ്കിന്റെ തന്നെ കണക്കുകളനുസരിച്ച് 100 ദശലക്ഷത്തിലധികം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിമാറ്റപ്പെടും. അസമത്വം വര്‍ദ്ധിക്കും. സമ്പന്നര്‍ അതിസമ്പന്നരായി തീരുകയും ദരിദ്രര്‍ അതിദരിദ്രരായി തീരുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
സ്ത്രീകള്‍, കുടിയേറ്റ തൊഴിലാളികള്‍, അല്‍പവരുമാനക്കാര്‍, അനൗപചാരികമേഖലയില്‍ പണിയെടുക്കുന്നവരൊക്കെ ഉള്‍പ്പെടുന്ന ദുര്‍ബലവിഭാഗങ്ങള്‍ കൂടുതലും ദുരിതത്തിലേക്ക് തള്ളിവിടപ്പെടുകയാണ്. വളരെ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളായിരിക്കും ഈ പ്രതിസന്ധി സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും സൃഷ്ടിക്കുക.
എന്നാല്‍ മുതലാളിത്തരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിലും ജനങ്ങള്‍ക്ക് സാമാശ്വാസകരമായ അവസ്ഥ ഉറപ്പുവരുത്തുന്നതിലും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ മുന്നോട്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Xi Jinping
ചൈനയുടെ സമ്പദ്‌മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കഴിഞ്ഞവര്‍ഷം കാഴ്ചവെച്ചത്. മഹാമാരിയെ കാര്യക്ഷമമായി നിയന്ത്രിക്കുകയും വലിയതോതിലുള്ള പൊതുനിക്ഷേപം നടത്തുകയും ചെയ്തതുകൊണ്ടാണ് ചൈനക്ക് ഈ അവസ്ഥ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. ചൈനയുടെ 2021-ലെ വളര്‍ച്ച 7.9% ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് നേരത്തെ കണക്കാക്കിയ 6%ലും കുറച്ചിട്ടുണ്ട്. പുതുതായി 12 ദശലക്ഷം തൊഴിലുകള്‍ നഗരങ്ങളില്‍ സൃഷ്ടിച്ചതുമൂലം തൊഴിലില്ലായ്മ വീണ്ടും കുറഞ്ഞ് 2020 അവസാനിക്കുമ്പോഴേക്കും 4.7% ആയി.
ലോകബാങ്കിന്റെ വിയറ്റ്‌നാമിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് കാണിക്കുന്നത് ആ രാജ്യത്തിന്റെ ജി.ഡി.പി വര്‍ദ്ധന 2.91% ആണെന്നാണ്. ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ നികുതികള്‍, ഭൂമിവാടക പിരിക്കുന്നത് നീട്ടിവെക്കുകയും പലിശനിരക്കുകള്‍ കുറക്കുകയും ചെയ്തു. ഇത് വാങ്ങലുകളും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമായി.
ക്യൂബയെന്ന സോഷ്യലിസ്റ്റ് രാജ്യം മഹാമാരിയെയും അമേരിക്കന്‍ ഉപരോധത്തെയും അതിജീവിച്ചുകൊണ്ടാണ് വിജയകരമായ മുന്നേറ്റം തുടരുന്നത്. മഹാമാരി ക്യൂബയുടെ ആരോഗ്യചെലവുകള്‍ കൂട്ടിയിട്ടുണ്ട്. അതേപോലെ ടൂറിസത്തിലെ സാമ്പത്തിക പ്രവര്‍ത്തനം പരിമിതമായതോടെ വരുമാനം കുറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ ആകുമ്പോഴും ലോകത്തിലെ 39 രാജ്യങ്ങളില്‍ മഹാമാരിക്കെതിരായി സ്വയം സമര്‍പ്പിതരായി വൈദ്യസഹായങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലതയോടെ അവര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.
ഇതെല്ലാം കാണിക്കുന്നത് മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് ഭക്ഷണവും ചികിത്സയും തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നത് മുതലാളിത്തേതര സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥകളാണെന്നാണ്.
മുതലാളിത്തലോകത്താകെ നിയോലിബറല്‍നയങ്ങള്‍ക്കെതിരായി കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും വലിയ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥക്ക് പരിഹാരമുണ്ടാക്കുന്നതിലും മുതലാളിത്ത ഭരണകൂടങ്ങള്‍ ശ്രദ്ധിക്കുന്നില്ല.
ഈ മഹാമാരിയെപോലും അവസരമാക്കി അവര്‍ കോര്‍പ്പറേറ്റുകളുടെ ലാഭം പരമാവധിയാക്കാനുള്ള നയങ്ങളാണ് അടിച്ചേല്‍പ്പിച്ചത്. ഇത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുകയും തൊഴിലാളിവര്‍ഗത്തിനുമേല്‍ വര്‍ഗപരമായ കടന്നാക്രമണങ്ങള്‍ തീവ്രമാക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരെ ഒട്ടുമിക്ക മുതലാളിത്ത രാജ്യങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
തൊഴില്‍സമയം വര്‍ദ്ധിപ്പിച്ചതിനെതിരെയും സാമൂഹ്യസുരക്ഷാപദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും ഗ്രീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സമരങ്ങളാണ് വളര്‍ന്നുവന്നത്. ഇന്ത്യയില്‍ കോവിഡിനെ അവസരമാക്കി അടിച്ചേല്‍പ്പിച്ച ഫാംനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയെ വളഞ്ഞുകൊണ്ടുള്ള കര്‍ഷകസമരം തുടരുകയാണ്. മുതലാളിത്തത്തിനെതിരെ സ്റ്റേറ്റ് ഇടപെടലിന്റെയും സാമൂഹ്യനിയന്ത്രണത്തിന്റെയും തത്വങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങള്‍ക്കേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവ് ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളില്‍ ശക്തിപ്പെടുകയാണ്.