സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനം ലോര്‍ഡ്‌സില്‍ തുടരുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയ പ്രോട്ടിയാസ് രണ്ടാം മത്സരവും ഒപ്പം പരമ്പരയും ലക്ഷ്യമിട്ടാണ് ലോര്‍ഡ്‌സില്‍ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സില്‍ ഒരു ചരിത്രപ്പിറവിക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ലോര്‍ഡ്‌സില്‍ യുവതാരം മാത്യൂ ബ്രീറ്റ്‌സ്‌കി അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ഈ ചരിത്ര നേട്ടം പിറവിയെടുത്തത്.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്റെ ആദ്യ അഞ്ച് ഇന്നിങ്‌സിലും 50+ സ്‌കോര്‍ നേടുന്ന ആദ്യ ബാറ്ററെന്ന ഐതിഹാസിക റെക്കോഡാണ് ബ്രീറ്റ്‌സ്‌കി സ്വന്തമാക്കിയത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 150 റണ്‍സുമായാണ് ബ്രീറ്റ്‌സ്‌കി വരവറിയിച്ചത്. ലാഹോറില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍. പാകിസ്ഥാനെതിരെ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 84 പന്ത് നേരിട്ട താരം 83 റണ്‍സാണ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ അടുത്ത രണ്ട് മത്സരങ്ങളും. ക്രെയ്ന്‍സില്‍ 56 പന്തില്‍ 57 റണ്‍സടിച്ച താരം ഗ്രേറ്റ് ബാരിയര്‍ റീഫില്‍ 78 പന്ത് നേരിട്ട് 88 റണ്‍സും അടിച്ചെടുത്തു.
ഇപ്പോള്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ 77 പന്ത് നേരിട്ട താരം 85 റണ്‍സും സ്വന്തമാക്കി.
തന്റെ കരിയറിലെ ആദ്യ അഞ്ച് ഏകദിനത്തില്‍ നിന്നും 463 റണ്‍സാണ് താരം സ്വന്തമാക്കിയത്. 92.60 എന്ന അവിശ്വസനീയ ബാറ്റിങ് ശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ 73 റണ്‍സാണ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയത്.
33 പന്തില്‍ 35 റണ്‍സടിച്ച റിയാന്‍ റിക്കല്‍ടണെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ ആതിഥേയര്‍ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. പിന്നാലെയെത്തിയ തെംബ ബാവുമ നാല് റണ്‍സിനും പുറത്തായി.
ടീം സ്‌കോര്‍ 93ല്‍ നില്‍ക്കവെ ഏയ്ഡന്‍ മര്‍ക്രവും മടങ്ങി. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒറ്റ റണ്‍സകലെയാണ് താരം പുറത്തായത്.
എന്നാല്‍ നാല് വിക്കറ്റില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ഒപ്പം കൂട്ടി ബ്രീറ്റ്‌സ്‌കി സ്‌കോര്‍ ഉയര്‍ത്തി. 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 240ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ബ്രീറ്റ്‌സ്‌കി പുറത്തായി. അധികം വൈകാതെ സ്റ്റബ്‌സിനെയും പ്രോട്ടിയാസിന് നഷ്ടപ്പെട്ടു. 62 പന്തില്‍ 58 റണ്‍സുമായി നില്‍ക്കവെ റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.
Tristan Stubbs is showing his excellence at the Home of Cricket! 🌟 🇿🇦