കിവീസിന്റെ ചീറ്റപ്പുലി സ്വന്തമാക്കിയത് മിന്നല്‍ റെക്കോഡ്; ഇവന് മുന്നില്‍ സാക്ഷാല്‍ ബോള്‍ട്ട് അണ്ണന്‍ മാത്രം!
Sports News
കിവീസിന്റെ ചീറ്റപ്പുലി സ്വന്തമാക്കിയത് മിന്നല്‍ റെക്കോഡ്; ഇവന് മുന്നില്‍ സാക്ഷാല്‍ ബോള്‍ട്ട് അണ്ണന്‍ മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 12:58 pm

ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ഈഡന്‍ പാര്‍ക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് ആണ് ടീം നേടിയത്.

മത്സരത്തില്‍ ലങ്കയ്ക്കുവേണ്ടി ഓപ്പണര്‍ പാത്തും നിസംഗ 42 പന്തില്‍ നിന്ന് 66 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് 54 റണ്‍സ് നേടിയപ്പോള്‍ ജനിത് ലിയാനങ്കെ 53 റണ്‍സും നേടി തിളങ്ങി.

ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മാറ്റ് ഹെന്റിയാണ്. 10 ഓവറില്‍ നിന്ന് 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.50 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരത്തിന്റെ വിക്കറ്റ് വേട്ട. കാമിന്ദു മെന്‍ഡിസ് (46), ജനിത് ലിയാനങ്കെ (53), ചാമിന്തു വിക്രമസിന്‍ഗെ (19), വനിന്ദു ഹസരങ്ക (15) എന്നിവരെയാണ് താരം പുറത്താക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മാറ്റ് ഹെന്റി സ്വന്തമാക്കിയത് ന്യൂസിലാന്‍ഡിന് വേണ്ടി ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ ആകാനാണ് താരത്തിന് സാധിച്ചത്. 83 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിന്റെ തകര്‍പ്പന്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവികള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസില്‍ തുടരുന്നത് നഥാന്‍ സ്മിത്തും (15) മാര്‍ക്ക് ചാമ്പ്മാനുമാണ്. 73 റണ്‍സ് നേടിയാണ് മാര്‍ക്ക് മത്സരം മുന്നോട്ട് കൊണ്ടുപോകുന്നത്.

Content Highlight: Matt Henry In Great Record Achievement