മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് നടൻ മാത്യു തോമസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. അതിനുശേഷം ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ മാത്യുവിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ അടുത്തിടെ താരം ചെയ്ത ചില കഥാപാത്രങ്ങൾ വിമർശനങ്ങൾക്കും വിധേയമായിരുന്നു. കൂടാതെ മാത്യുവിന്റെ ചില സിനിമകൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയവും നേടാനായില്ല.
എന്നാൽ വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും അവയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും മാത്യു പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഫെയിലിയർ ആയിക്കോട്ടെ സക്സസ് ആയിക്കോട്ടെ, എല്ലാം പാർട്ട് ഓഫ് ദി ജേർണി ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഫെയിലിയർ ആയാലും സക്സസ് ആയാലും അത് നമ്മളെ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഫെയിലിയർ ആയാൽ ഇനി എന്തൊക്കെ നമ്മൾ ബെറ്റർ ആക്കണം എന്ന് നമുക്ക് മനസിലാകും. സക്സസ് എന്നത് നമ്മൾ ചെയ്ത വർക്കുകൾക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെയാണ് ഞാൻ കാണുന്നത്.
വ്യത്യസ്തമായ കഥകളെയാണ് ഞാൻ കൂടുതലായി ശ്രദ്ധിക്കുന്നത്. ഡിഫറന്റ് ആയിട്ടുള്ള കഥകളാണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്. പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം ആ സിനിമ. അതിനൊപ്പം അതിൽ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ചെയ്യാൻ കഴിയണം എന്നതാണ് എന്റെ ആഗ്രഹം.
ഇനി അങ്ങോട്ട് കുറച്ചുകൂടി എന്റർടൈൻമെന്റ് വാല്യൂ ഉള്ള സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെയുള്ള സിനിമകൾ ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷേ അടിപൊളിയായ ഒരു പടം ഇപ്പോൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിലൂടെ പുതിയൊരു മാത്യുവിനെ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സിനിമ നിങ്ങൾക്ക് കാണാൻ കഴിയും,’ മാത്യു പറഞ്ഞു.
അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സുഖമാണോ സുഖമാണ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഏകാന്തതയെ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ മാത്യുവിനൊപ്പം ദേവിക സഞ്ജയ്, ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.