പരീക്ഷാക്കാലത്തിന് ശേഷം കേരള ബോക്‌സ് ഓഫീസില്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മാര്‍ച്ച് 27ന് എമ്പുരാനിലൂടെയാണ് മലയാളസിനിമയുടെ സമ്മര്‍ റിലീസുകള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാനായി കേരളക്കര ഒട്ടാകെ കാത്തിരിക്കുകയാണ്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയാണ് സമ്മര്‍ റിലീസിലെ മറ്റൊരു വമ്പന്‍ ചിത്രം. ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ബസൂക്കയില്‍ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. ഏപ്രില്‍ 10നാണ് ബസൂക്ക തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ ബസൂക്കക്ക് മുമ്പ് സര്‍പ്രൈസ് ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രവുമായി മാത്യു തോമസ് വരികയാണ്.
ദിലീഷ് കരുണാകരന്‍ ഒരുക്കുന്ന ലൗലി എന്ന ചിത്രവുമായാണ് മാത്യു തോമസ് എത്തുന്നത്. ടമാര്‍ പഠാറിന് ശേഷം ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ലൗലി ത്രീ.ഡി ഫോര്‍മാറ്റിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ഈച്ചയും യുവാവും തമ്മിലുള്ള ബന്ധം പറയുന്ന ഫാന്റസി ചിത്രമായാണ് ലൗലി ഒരുങ്ങുന്നത്.
ഉണ്ണിമായാ പ്രസാദ്, മനോജ് കെ. ജയന്‍, അശ്വതി രാമചന്ദ്രന്‍, പ്രശാന്ത് മുരളി, ബാബുരാജ്, ജോമോന്‍ ജ്യോതിര്‍ തുടങ്ങി വന്‍ താരനിരയാണ് ലൗലിയില്‍ അണിനിരക്കുന്ന്. കോമഡിക്കും ഫാന്റസിക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ലൗലി ഒരുങ്ങുന്നത്. അജയന്റെ രണ്ടാം മോഷണം, ബാറോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന ത്രീ.ഡി. ചിത്രം കൂടിയാണ് ലൗലി.
ആഷിക് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റൈഫിള്‍ ക്ലബ്ബിന് ശേഷം ആഷിക് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ ലൗലിയുടെ മുകളില്‍ പ്രതീക്ഷകളേറെയാണ്. വിഷ്ണു വിജയ്‌യും ബിജിബാലുമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. വെസ്‌റ്റേണ്‍ ഘട്ട്‌സ് പ്രൊഡക്ഷന്‍സും നെനി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയും സമ്മര്‍ റിലീസിനെ വമ്പനാണ്. നസ്‌ലെന്‍, ഗണപതി, ലുക്മാന്‍ അവറാന്‍, അനഘ രവി എന്നിവരാണ് ആലപ്പുഴ ജിംഖാനയിലെ പ്രധാന താരങ്ങള്‍. അജിത് കുമാര്‍ നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലിയും സമ്മര്‍ റിലീസുകളില്‍ കേരള ബോക്‌സ് ഓഫീസില്‍ വലിയം ഇംപാക്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Mathew Thomas starring Lovely 3d movie teaser released and release date announced