മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് മാത്യു തോമസ്. ചിത്രത്തില്‍ മാത്യു അവതരിപ്പിച്ച ഫ്രാങ്കി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് നടന്‍ മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്.
പിന്നീട് മികച്ച സിനിമകളുടെ ഭാഗമായ താരത്തിന്റെ സമീപകാലത്ത് വന്ന സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. സുഖമാണോ സുഖമാണ് ആണ് മാത്യുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോള്‍ ഇന്‍ഡിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ എന്ന് മുതലാണ് തനിക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് നടന്‍ പറയുന്നു.
Photo: മാത്യു തോമസ്
കരിയറിന്റെ തുടക്കത്തില്‍ മികച്ച സംവിധായകരുടെ കൂടെയും നല്ല ടീമിന്റെ കൂടെയും വര്‍ക്ക് ചെയ്തത് കൊണ്ടാണ് തനിക്ക് സിനിമയോട് ഇത്ര ഇഷ്ടം തോന്നിയതെന്ന് താരം പറയുന്നു.
‘വളരെ ആത്മാര്‍ത്ഥമായി സിനിമയെ അവര്‍ സമീപിക്കുന്നത് കണ്ടപ്പോള്‍ സിനിമയോട് ഒരു ഇഷ്ടം തോന്നി. സിനിമ മേഖലയില്‍ ഞാന്‍ ഇപ്പോഴും നില്‍ക്കുന്നതിന്റെ ഒരു പ്രധാന കാരണം അതാണ്. ചിലപ്പോള്‍ മറ്റേതെങ്കിലും സിനിമയിലൂടെ ഞാന്‍ കരിയര്‍ തുടങ്ങിയതെങ്കില്‍ ഇപ്പോള്‍ സിനിമയോടുള്ള ഇഷ്ടമുണ്ടാകണമെന്നില്ല. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നിങ്ങനെ ഞാന്‍ ആദ്യം ഭാഗമായ രണ്ട് സിനിമകളിലും അത്രയും നല്ല ടീമായിരുന്നു.
സിനിമയ്ക്ക് വേണ്ടി പറ്റുന്നതെല്ലാം ചെയ്യുന്ന രണ്ട് ടീമുകളുടെയൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ആ ഇഷ്ടം എന്നിലുമുണ്ടായി. അതുകൊണ്ട് എനിക്കും ജെന്യുവിനായി തന്നെ ചെയ്യണം, സിനിമയ്ക്ക് പറ്റുന്നത്രയും എഫേര്‍ട്ട് എടുക്കണം എന്നൊക്കെ തോന്നി. അത് അവരില്‍ നിന്ന് കിട്ടിയ എനര്‍ജിയാണ്,’ മാത്യു പറയുന്നു.
താന്‍ നല്ല സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ആളുകളുമായി എന്താണ് കൂടുതല്‍ കണക്ട് ചെയ്യുന്നത് അത്തരം വിഷയങ്ങള്‍ തെരഞ്ഞെടുക്കാറുണ്ടെന്നും മാത്യു പറയുന്നു. റെലവെന്റായ വിഷയം നോക്കി എടുക്കാറുണ്ടെന്നും അത് ഒരോ സമയവും മാറികൊണ്ടിരിക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.