മധു.സി.നാരായണന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മാത്യു തോമസ്. ചിത്രത്തില്‍ ഫ്രാങ്കി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജെയ്‌സണായും ഓപ്പറേഷന്‍ ജാവയിലെ ജെറിയായും പ്രേമലുവില്‍ തോമസായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.

എന്നാല്‍ തണ്ണീര്‍ മത്തനുശേഷം താരത്തിന്റെ കരിയറില്‍ പറയത്തക്ക ഹിറ്റുകളില്ലാത്തതും അവസാനമായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ സുഖമാണോ സുഖമാണിന് ശരാശരിയില്‍ താഴെ മാത്രമുള്ള അഭിപ്രായം ഉയരുകയും ചെയ്തതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. ചിത്രത്തിന്റെ തിരക്കഥ ശ്രദ്ധിക്കാതെ മുന്നില്‍ വരുന്ന എല്ലാ ചിത്രങ്ങളും വാരിവലിച്ച് ചെയ്യുന്നു എന്നതാണ് മാത്യൂവിനെതിരെയുള്ള പ്രധാന വിമര്‍ശനം.

Photo: Reddit

അരുണ്‍ലാല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്ത് ഫെബ്രുവരി 13 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ തിയോ എന്ന കഥാപാത്രമായാണ് മാത്യൂ വേഷമിട്ടത്. പ്രധാനകഥാപാത്രമായി മാത്യൂ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അഭിനയത്തില്‍ സ്വാഭാവികതയില്ലെന്നും തോന്നുന്നില്ലെന്നും സ്‌ക്രിപ്റ്റ് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുമാണ് ഭൂരിഭാഗം കമന്റുകളും.

മാത്യൂ തോമസ് കേന്ദ്രകഥാപാത്രമായെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ അമ്പത് കോടിയിലധികം നേടി വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ ഇതിന് ശേഷം സോളോ ഹീറോയായി വേഷമിട്ട മാത്യൂവിന്റെ ഒറ്റ ചിത്രം പോലും രക്ഷപ്പെട്ടിട്ടില്ല എന്നത് പരിപാതകരമാണ്. വിജയ്‌ക്കൊപ്പം ലിയോയിലും നസ്‌ലിനൊപ്പം പ്രേമലുവിലും താരം വമ്പന്‍ വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും ഒറ്റക്ക് ഒരു ചിത്രം വിജയത്തിലെത്തിക്കാന്‍ സാധിക്കാത്തത് താരത്തിന് തലവേദനയാണ്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച വണ്‍ എന്ന ചിത്രത്തിന് ശേഷം മാത്യൂ നായകനായ ജോ ആന്‍ഡ് ജോ, പ്രകാശന്‍ പരക്കട്ടെ, വിശുദ്ധ മെജോ, ക്രിസ്റ്റി, നെയ്മര്‍, ലവ്‌ലി തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ കരിയറിലെ സോളോ ഹീറോയായെത്തിയ പരാജയ ചിത്രങ്ങളായിരുന്നു. ബോക്‌സ് ഓഫീസിലോ ഒ.ടി.ടിയിലോ യാതൊരു വിധ ചലനവും സൃഷ്ടിക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളുടെ ഏറ്റവും വലിയ പോരായ്മ അതിന്റെ തിരക്കഥയായിരുന്നു. ഇതോടെയാണ് മലയാളത്തില്‍ അര്‍ജുന്‍ അശോകനും ധ്യാന്‍ ശ്രീനിവാസനും ചെയ്ത പോലെ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Photo: The Indian Express

ചത്താ പച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്തതെന്നും ഇപ്പോള്‍ ബാധ്യതകളെല്ലാം തീര്‍ന്നുവെന്നും ഇനി നല്ല കഥകള്‍ നോക്കി മാത്രമേ സിനിമ ചെയ്യൂവെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞിരുന്നു. തന്റെയടുത്ത് ആളുകള്‍ കഥ പറയാന്‍ വരുമ്പോള്‍ ചിത്രം വിജയിക്കില്ലെന്ന് മുന്‍കൂട്ടി അറിയിക്കുമെന്ന ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെപോലെ യാതൊരു മുന്‍കരുതലുമില്ലാതെ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നത് താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കുമെന്നാണ് പലരുടെയും നിരീക്ഷണം.

Content Highlight: Mathew Thomas being part of being continuous flop films