| Thursday, 23rd January 2025, 5:00 pm

വിജയ്‌യുടെ ലുക്കുള്ള ആ മലയാളനടനെക്കുറിച്ചാണ് തമിഴ്‌നാട്ടുകാര്‍ ഇപ്പോള്‍ എന്നോട് സംസാരിക്കുന്നത്: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് മാത്യു തോമസ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മാത്യു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. വിജയ്- ലോകേഷ് കനകരാജ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്‍ മേല്‍ എന്നടീ കോപത്തിലും മാത്യു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും മലയാളസിനിമക്ക് കിട്ടുന്ന സ്വീകാര്യതയെക്കുറിച്ചും സംസാരിക്കുകയാണ് മാത്യു തോമസ്. ലിയോയില്‍ വിജയ്‌യുടെ മകനായി അഭിനയിച്ചതിന് ശേഷം തന്നെ പലരും പെട്ടെന്ന് തിരിച്ചറിയാറുണ്ടെന്ന് മാത്യു തോമസ് പറഞ്ഞു.

ചെന്നൈയില്‍ ഷൂട്ടിന്റെ സമയത്ത് തന്നോട് പലരും വന്ന സംസാരിച്ചെന്നും പ്രേമലു ട്രെന്‍ഡായി നില്‍ക്കുന്ന സമയത്തായിരുന്നു അതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് അതേ സമയത്താണ് വിജയ്‌യുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ പാട്ട് റിലീസായതെന്നും മാത്യു പറഞ്ഞു. ആ സിനിമയിലെ വിജയ്‌യുടെ ലുക്കും പ്രേമലുവിലെ സംഗീത് പ്രതാപിന്റെ ലുക്കും തമ്മില്‍ സാമ്യതയുണ്ടായിരുന്നെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് കാണാന്‍ വന്ന ആളുകള്‍ തന്നോട് ലിയോയെപ്പറ്റിയും പ്രേമലുവിനെപ്പറ്റിയും സംസാരിക്കാറുണ്ടായിരുന്നെന്നും മാത്യു തോമസ് പറഞ്ഞു. ആ സമയത്ത് അവര്‍ സംഗീത് പ്രതാപിനെപ്പറ്റി തന്നോട് ചോദിക്കാറുണ്ടായിരുന്നെന്നും ഗോട്ടിലെ വിജയ്‌യുടെ ലുക്കുള്ള നടന്‍ എന്നാണ് സംഗീതിനെ വിളിച്ചിരുന്നതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഹാപ്പി ഫ്രെയിംസിനോട് സംസാരിക്കുകയായിരുന്നു മാത്യു തോമസ്.

‘പ്രേമലുവിന്റെ തിരക്കൊക്കെ ഒതുങ്ങിയപ്പോഴാണ് ധനുഷ് സാറിന്റെ പടത്തിന്റെ വര്‍ക്ക് തുടങ്ങിയത്. ഷൂട്ട് മുഴുവന്‍ ചെന്നൈയിലായിരുന്നു. ലിയോ കാരണം എന്നെ ഒരുപാട് ആള്‍ക്കാര്‍ ആ സെറ്റില്‍ തിരിച്ചറിയുമായിരുന്നു. ആ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ പ്രേമലു തമിഴ്‌നാട്ടില്‍ ട്രെന്‍ഡായി മാറി. പിന്നെ ആ സിനിമയെപ്പറ്റിയും പലരും സംസാരിച്ചിരുന്നു.

ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്താണ് വിജയ് സാറിന്റെ ഗോട്ടിലെ പാട്ട് റിലീസായത്. അപ്പോള്‍ അവിടെ സംഗീതേട്ടന്‍ ഫേമസായി. പുള്ളിയെ കണ്ടാല്‍ ഗോട്ടിലെ വിജയ് സാറിന്റെ ചെറിയൊരു കട്ടുണ്ട്. അപ്പോള്‍ എന്റെയടുത്ത് സംസാരിക്കാന്‍ വരുന്നവരെല്ലാം ‘ഉങ്ക ഊറിലെ വിജയ് മാതിരി ഒരു ആക്ടര്‍ ഇരുക്കേ, അവര്‍ യാര്’ എന്ന് എന്നോട് ചോദിക്കുമായിരുന്നു,’ മാത്യു തോമസ് പറഞ്ഞു.

Content Highlight: Mathew Thomas about Sangeeth Prathap and Premalu movie

Latest Stories

We use cookies to give you the best possible experience. Learn more