ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്. കൂടാതെ, പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നുവെന്നതും ആരാധകരെ ആവേശത്തിലാക്കുന്നു.
ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്ലിയെ കുറിച്ച് സംസാരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. കോഹ്ലി ഫെരാരിയെ പോലെയാണെന്നും ഊര്‍ജസ്വലനുമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ മീഡിയക്കാരുടെ ശ്രദ്ധ പോലും താരത്തിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ ഓവര്‍ ബാര്‍ ദി ക്രിക്കറ്റ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹെയ്ഡന്‍.
‘വിരാട് ഒരു ഫെരാരിയെ പോലെയാണ്. അവന്‍ വളരെ ഊര്‍ജസ്വലനുമാണ്. ഒപ്പം മത്സരത്തില്‍ അവന്‍ കാണികള്‍ക്ക് നേരെ ആംഗ്യം കാണിക്കും. മൈതാനത്ത് മിക്കവരുടെയും ശ്രദ്ധ അവനില്‍ തന്നെയാവും. അത്ര മികച്ച താരമായതിനാല്‍ തന്നെ അവനെതിരെ ആളുകള്‍ക്ക് നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.
അവന്‍ 302 മത്സരങ്ങളില്‍ കളിച്ച് 14000 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തിലെ കോഹ്ലിയുടെ ശരാശരി അവിശ്വസനീയമാണ്. ഫിറ്റ്‌നസിലും തയ്യാറെടുപ്പിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന ഒരാളാണ് എന്നതാണ് അവന്റെ പ്രത്യേകത. 2027 ലോകകപ്പില്‍ കളിക്കുകയെന്നാണ് അവന്റെ ലക്ഷ്യം എന്നാണ് എനിക്ക് തോന്നുന്നത്,’ ഹെയ്ഡന്‍ പറഞ്ഞു.
ഒക്ടോബര്‍ 19നാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 19ന് പുറമെ, 23, 25 തിയ്യതികളിലാണ് മറ്റ് രണ്ട് മത്സരങ്ങള്‍ നടക്കുക. ഇതിനായി ഇന്ത്യ നേരത്തെ തന്നെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടുണ്ട്.