ചെന്നൈ സൂപ്പര് കിങ്‌സ് ആരാധകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഐ.പി.എല്‍ സീസണായിരിക്കും 2025ലേത്. പരാജയങ്ങള്‍ക്ക് പിന്നാലെ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തിന് മാത്രമല്ല, തങ്ങള്‍ കോട്ടയായി കരുതിയ ചെപ്പോക് സ്‌റ്റേഡിയത്തിന്റെ ആണിക്കല്ലുകള്‍ ഇളകുന്ന കാഴ്ചയ്ക്കും ആരാധകര്‍ക്ക് നെഞ്ചുലഞ്ഞ് സാക്ഷിയാകേണ്ടി വന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നെയിലെത്തി വിജയം സ്വന്തമാക്കിയതും, എല്ലാ ടീമുകളും വിജയിക്കുന്ന ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തി പരാജയപ്പെട്ടതും സൂപ്പര്‍ കിങ്‌സിന്റെ ഈ ഐ.പി.എല്‍ യാത്രയിലെ കറുത്ത അധ്യായങ്ങളായി മാറി.
റണ്‍സെടുക്കാന്‍ പാടുപെടുന്ന സീനിയര്‍ ബാറ്റര്‍മാരും റണ്‍സ് വിട്ടുകൊടുക്കാന്‍ പരസ്പരം മത്സരിക്കുന്ന ബൗളര്‍മാരുമാണ് സീസണിലെ പ്രധാന കാഴ്ച. ഒപ്പം എക്‌സ്ട്രാസിലൂടെ അനാവശ്യമായി വഴങ്ങുന്ന റണ്ണുകളും!
വൈഡിലൂടെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം മതീശ പതിരാനയാണ് മുമ്പില്‍. ജൂനിയര്‍ മലിംഗ എന്ന വിളിപ്പേരുമായെത്തിയ സൂപ്പര്‍ താരത്തിന് ലൈനോ ലെങ്‌ത്തോ പാലിച്ച് കൃത്യമായി പന്തെറിയാന്‍ സാധിക്കാറില്ല. മത്സരത്തില്‍ ഒരു വൈഡെങ്കിലും എറിയാന്‍ താരം പ്രത്യേകം ‘ശ്രദ്ധിക്കാറമുണ്ട്’.
ഈ സീസണില്‍ ചെന്നൈ സൂപ്പര് കിങ്‌സ് ആകെയെറിഞ്ഞത് 89 വൈഡുകളാണ്. ഇതില്‍ 29ഉം പതിരാനയുടെ സംഭാവനയാണ്!
2023ലാണ് ചെന്നൈ സൂപ്പര് കിങ്‌സ് ഒരു സീസണില്‍ ഏറ്റവുമധികം വൈഡുകളെറിഞ്ഞത്. 90 എണ്ണം. ഈ സീസണില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ ഒരു വൈഡെറിഞ്ഞാല്‍ സൂപ്പര്‍ കിങ്‌സിന് 2023ലെ മോശം റെക്കോഡിനൊപ്പമെത്താനും മറ്റൊന്നുകൂടിയെറിഞ്ഞാല്‍ ആ അനാവശ്യ നേട്ടം തിരുത്താനും സാധിക്കും.
ഒരു സീസണില്‍ ഏറ്റവുമധികം വൈഡ് എറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍ മതിശ പതിരാനയാണ്. 2023ല്‍ 31 വൈഡാണ് ലങ്കന്‍ പേസര്‍ എറിഞ്ഞിട്ടത്. ഈ സീസണില്‍ ഇതിനോടകം തന്നെ 29 വൈഡുകളെറിഞ്ഞ താരത്തിന് കേവലം രണ്ട് വൈഡ് കൂടിയെറിഞ്ഞാല്‍ മോശം നേട്ടത്തില്‍ വീണ്ടും ഒന്നാമനാകാന്‍ സാധിച്ചേക്കും.
അതേസമയം, കളിച്ച 11 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട സൂപ്പര്‍ കിങ്‌സ് ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. രണ്ട് വിജയത്തോടെ നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്.
മെയ് ഏഴിനാണ് സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: Matheesha Pathirana need two wides to secure an unwanted record of most wides bowled in an IPL season