| Sunday, 14th December 2025, 11:06 pm

ശനി - എകിറ്റികെ, ഞായര്‍ - ഫെര്‍ണാണ്ടസ്; പ്രീമിയര്‍ ലീഗ് 2025ന്റെ ചരിത്രം തിരുത്താന്‍ എടുത്തത് വെറും 23 മണിക്കൂര്‍!!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ 2025ലെ ഏറ്റവും വേഗത കൂടിയ ഗോള്‍ കഴിഞ്ഞ ദിവസം (ഡിസംബര്‍ 13) ലിവര്‍പൂളും ബ്രൈട്ടണും തമ്മിലുള്ള മത്സരത്തില്‍ കുറിക്കപ്പെട്ടിരുന്നു. ലിവര്‍പൂള്‍ താരം ഹ്യൂഗോ എകിറ്റിക്കെയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ശനിയാഴ്ച്ച നടന്ന മത്സരത്തിന്റെ 46ാം സെക്കന്‍ഡില്‍ പന്ത് വലയിലെത്തിച്ചായിരുന്നു താരത്തിന്റെ ഈ നേട്ടം.

 നവംബറില്‍ ന്യൂകാസ്റ്റില്‍ താരം മാലിക് തിയാവ് കുറിച്ച റെക്കോഡ് തിരുത്തി എഴുതിയായിരുന്നു എകിറ്റികെ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. എന്നാല്‍, അതിന് വെറും 23 മണിക്കൂറിന്റെ ആയുസ് മാത്രമാണുണ്ടായത്. ഇതാകട്ടെ തകര്‍ത്തത് വെസ്റ്റ്ഹാം താരം മാറ്റിയസ് ഫെര്‍ണാണ്ടസാണ്.

ഹ്യൂഗോ എകിറ്റിക്കെ. Photo: Liverpool/x.com

ഇന്ന് ഞായര്‍ (ഡിസംബര്‍ 14) ആസ്റ്റണ്‍ വില്ലയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് ഫെര്‍ണാണ്ടസ് ഈ സീസണിലെ അതിവേഗ ഗോള്‍ വലയിലെത്തിച്ചത്. അതിനായി പോര്‍ച്ചുഗല്‍ താരത്തിന് വേണ്ടി വന്നത് വെറും 29 സെക്കന്‍ഡുകളാണ്.

എകിറ്റികെയുടെ റെക്കോഡ് പിറന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫെര്‍ണ്ടാസിന്റെയും ഗോള്‍ എത്തിയത് എന്നതാണ് ശ്രദ്ധേയം. എന്നാല്‍, അതിലേറെ കൗതുകമുണര്‍ത്തുന്നത് ഈ സീസണിലെ ആദ്യ ആറ് അതിവേഗ ഗോള്‍ പിറന്നത് അവസാന 16 ദിവസങ്ങളിലാണ് എന്നതാണ്.

മാറ്റിയസ് ഫെര്‍ണാണ്ടസ്. Photo: Onefootball/x.com

2025 – 26 പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുകള്‍

(സമയം – താരം – ടീം – എതിരാളി – തീയതി എന്നീ ക്രമത്തില്‍)

00.29 – മാറ്റിയസ് ഫെര്‍ണാണ്ടസ് – വെസ്റ്റ്ഹാം – ആസ്റ്റണ്‍ വില്ല – 14/12/2025

00.46 – ഹ്യൂഗോ എകിറ്റികെ – ലിവര്‍പൂള്‍ – ബ്രൈട്ടണ്‍ – 13/12/2025

00.52 – മാലിക്ക് തിയാവ് – ന്യൂകാസില്‍ – എവര്‍ട്ടണ്‍ – 29/11/2025

00.59 – ഫില്‍ ഫോഡന്‍ – മാഞ്ചസ്റ്റര്‍ സിറ്റി – ലീഡ്‌സ് – 29/11/2025

01.02 – ബ്രയാന്‍ എംബ്യൂമോ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ലിവര്‍പൂള്‍ – 19/10/2025

01:23 – നിക്കോള മിലെന്‍കോവിച്ച് (സെല്‍ഫ് ഗോള്‍) – എവര്‍ട്ടണ്‍ – നോട്ടിങ്ഹാം ഫോറസ്റ്റ് – 06/12/2025

ഈ ലിസ്റ്റില്‍ നാല് താരങ്ങള്‍ ഒരു മിനിട്ടില്‍ താഴെ ഗോളുകള്‍ അടിച്ചിട്ടുണ്ട്. എന്നാല്‍, ഇവരാരുടെയും പേരിലല്ല പ്രീമിയര്‍ ലീഗില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍. അത് ഐറിഷ് താരം ഷെയിന്‍ ലോങിന്റെ പേരിലാണ്. താരം ഏഴ് സെക്കന്‍ഡിലായിരുന്നു പന്ത് വലയില്‍ എത്തിച്ചത്. 2018 -19 സീസണിലായിരുന്നു ഈ ഗോള്‍.

Content Highlight: Mateus Fernandes scores the  fastest goal in the Premier League 2025 -2026 surpassing Hugo Ekitike

We use cookies to give you the best possible experience. Learn more