ദത്തെടുത്ത അമ്മമാരുടെ പ്രസവാവധി; കുട്ടിയുടെ പ്രായം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
India
ദത്തെടുത്ത അമ്മമാരുടെ പ്രസവാവധി; കുട്ടിയുടെ പ്രായം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
മുഹമ്മദ് നബീല്‍
Wednesday, 18th March 2026, 8:12 am

ന്യൂദൽഹി: ദത്തെടുത്ത അമ്മമാരുടെ പ്രസവാവധിക്ക് കുട്ടിയുടെ പ്രായം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. 12 ആഴ്ച അവധി നൽകണമെന്നാണ് സുപ്രീം കോടതി വിധി.

നേരത്തെ മൂന്ന് മാസത്തിന്‌ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുമ്പോൾ മാത്രമായിരുന്നു പ്രസാവാവധി നൽകിയിരുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് കണക്കാക്കി കോടതി നിലവിലെ സാമൂഹിക സുരക്ഷാ കോഡിലെ വ്യവസ്ഥ റദ്ദാക്കി.

ഒരു കുട്ടിയുടെ ആദ്യകാല വളർച്ചാഘട്ടത്തിൽ മാതാപിതാക്കളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും, ഒരു പിതാവ് തന്റെ കുട്ടിക്ക് നൽകുന്ന കാര്യങ്ങൾ മറ്റൊരു സമയത്തേക്ക് മാറ്റി വെക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി ജഡ്ജിമാരായ ജെ.ബി പാർഥിവാല , ആർ. മഹാദേവ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

‘നിയമപരമായി ഒരു കുട്ടിയെ ദത്തെടുക്കുന്ന വനിതയ്ക്കോ അല്ലെങ്കിൽ ഒരു കമ്മീഷനിംഗ് മദറിനോ ആ കുട്ടിയെ എന്ന് കൈമാറുന്നുവോ ആ തീയതി മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് പ്രസവാനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും,’ കോടതി പറഞ്ഞു.

‘പ്രസവാനുകൂല്യത്തിന്റെ ലക്ഷ്യം പ്രസവം എന്ന പ്രക്രിയയുമായല്ല, മറിച്ച് മാതൃത്വം എന്ന പ്രക്രിയയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒരു അമ്മയുടെ ജീവിതത്തിലേക്ക് കുട്ടി ഏത് രീതിയിൽ എത്തിച്ചേരുന്നു എന്നതിനനുസരിച്ച് പ്രസവാനുകൂല്യത്തിന്റെ ഉദ്ദേശം മാറുന്നില്ല.’ ജസ്റ്റിസ് പാർഥിവാല പറഞ്ഞു

ചുമതലകൾ, ഉത്തരവാദിത്തങ്ങൾ, പരിചരണത്തിനുള്ള കടമകൾ എന്നിവയെല്ലാം പരിഗണിക്കുമ്പോൾ മൂന്ന് മാസത്തിന് താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന സ്ത്രീകളും മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന സ്ത്രീകളും ഒരേ സാഹചര്യത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസവാവധി ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നും, ജോലി നഷ്ടപ്പെടുമെന്ന ഭയം കൂടാതെ സ്വന്തം പ്രത്യുൽപ്പാദനപരമായ തീരുമാനങ്ങൾ എടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ പ്രസവാനുകൂല്യം എന്ന ആശയം ഉറപ്പുവരുത്തുന്നു. ഇതുമൂലം മാതൃത്വം എന്നത് തൊഴിലിടങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടാനുള്ള ഒരു കാരണമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുവെന്നും കോടതി പറഞ്ഞു.

Content Highlight: Maternity leave for adoptive mothers; Supreme Court says age of child should not be considered

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം