ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ വമ്പന്‍ പ്രതിഷേധ റാലി. ‘ട്രംപ് നോട്ട് വെല്‍ക്കം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തിയത്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, അബോര്‍ഷന്‍ റൈറ്റ്‌സ് പോലുള്ള വനിതാ അസോസിയേഷനുകള്‍, ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധ നടന്നത്. റാലിയില്‍ ഏകദേശം 5,000 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ പാര്‍ലമെന്റിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ നേരിടാന്‍ 1,600ലധികം പൊലീസുകാരെയും വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ അമേരിക്കയുടെ സഹായം ചൂണ്ടിക്കാണിച്ച് ട്രംപിനെതിരെ പലരും രംഗത്ത് വന്നിരുന്നു. ഗസയില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ അമേരിക്ക ഇസ്രഈലുമായി കൂടിയാലോചന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനം.
വെറുപ്പും ഭിന്നതയും സ്വേച്ഛാധിപത്യവും ഉപേക്ഷിക്കാനുള്ള അവസരമാണ് ബ്രിട്ടനുള്ളതെന്നും, സര്‍ക്കാരിന് അത് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ഈ റാലിയെന്നും സ്റ്റോപ്പ് ട്രംപ് സഖ്യത്തിന്റെ വക്താവ് പറഞ്ഞു.
Content Highlight: Massive protest rally in Britain against US President Donald Trump’s visit