| Friday, 30th May 2025, 5:11 pm

പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടും ബോക്‌സ് ഓഫീസില്‍ 100 മില്യണ്‍ നഷ്ടം, കഷ്ടകാലം തീരാതെ മാര്‍വല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്‍ഡ് ഗെയിമിന് പഴയ പ്രതാപം നഷ്ടപ്പെട്ട അവസ്ഥ തുടരുകയാണ് മാര്‍വല്‍ സ്റ്റുഡിയോസ്. പഴയ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോം, ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് വന്‍ വിജയമായത്. ഷാങ് ചീ, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്: മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്നീ ചിത്രങ്ങള്‍ ശരാശി വിജയം നേടിയപ്പോള്‍ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് ഇറക്കിയ ദി മാര്‍വല്‍സ്, ഇറ്റേണല്‍സ് എന്നീ ചിത്രങ്ങള്‍ പരാജയമായി.

വെബ് സീരീസുകളില്‍ ഷീ ഹള്‍ക്ക്, മിസ്. മാര്‍വല്‍ എന്നിവ മാര്‍വലിന്റെ കരിയറിലെ ഏറ്റവും മോശം റേറ്റിങ്ങും സ്വന്തമാക്കി. ഈ പരാജയങ്ങളെല്ലാം മാര്‍വലിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തണ്ടര്‍ബോള്‍ട്‌സിന്റെ ബോക്‌സ് ഓഫീസ് പ്രകടനം.

നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ചിട്ടും വലിയ രീതിയില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. 180 മില്യണ്‍ ബജറ്റിലൊരുങ്ങിയ ചിത്രം 410 മില്യണാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ചിത്രം ലാഭമാകാന്‍ 520 മില്യണ്‍ വേണമെന്നിരിക്കെയാണ് ഈ മോശം പ്രകടനം. 100 മില്യണാണ് മാര്‍വലിന് നഷ്ടമായത്.

തൊട്ടുമുമ്പ് പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡും ബോക്‌സ് ഓഫീസില്‍ ശോഭിച്ചില്ല. പല തവണ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതേണ്ടി വന്ന ചിത്രം ശരാശരി വിജയം മാത്രമാണ് സ്വന്തമാക്കിയത്. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത് മാത്രമാണ് ഈയടുത്ത് മാര്‍വലിന് ആശ്വസിക്കാന്‍ വക നല്‍കിയത്.

തണ്ടര്‍ബോള്‍ട്‌സിന്റെ പരാജയം മാര്‍വലിനെ ഒന്നുകൂടി ചിന്തിപ്പിക്കുകയാണെന്നാണ് പുതിയ വിവരം. ജൂണില്‍ ഫേസ് സിക്‌സിലെ ആദ്യ സിനിമയായ ഫന്റാസ്റ്റിക് ഫോര്‍ പുറത്തിറങ്ങാനിരിക്കെയാണ് മാര്‍വല്‍ പുനര്‍ചിന്തനം നടത്തുന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ് ഡേ ആദ്യം പ്രഖ്യാപിച്ച തിയതിയില്‍ നിന്ന് റിലീസ് മാറ്റാനാണ് മാര്‍വല്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം മെയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 2026 ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. മാര്‍വലിന്റെ മുഖമെന്ന് അറിയപ്പെട്ടിരുന്ന റോബര്‍ട്ട് ഡൗണി ജൂനിയര്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ കഥാപാത്രമായാണ് ആര്‍.ഡി.ജെ വേഷമിടുന്നത്.

Content Highlight: Marvel’s Thunderbolts movie made 100 million loss in Box Office

Latest Stories

We use cookies to give you the best possible experience. Learn more