| Thursday, 19th June 2025, 11:30 am

ലാലേട്ടനെ കണ്ടിട്ട് പോലും ഞാന്‍ അന്ന് സംസാരിച്ചില്ല: മെറീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് മെറീന മൈക്കിള്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ 2014ലാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി എന്ന സിനിമയിലൂടെയാണ് മെറീന നായികയായി എത്തുന്നത്.

ഇപ്പോള്‍ മെറീനയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂടല്‍. ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് ബിബിന്‍ ജോര്‍ജാണ്. ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുങ്ങുന്നത്.

തന്റെ കൂടെ സിനിമയില്‍ പ്രവര്‍ത്തിച്ച മിക്ക നടന്മാരുടെ അടുത്തും താന്‍ നല്ലവണ്ണം സംസാരിച്ചിട്ടില്ലെന്ന് മെറീന പറയുന്നു. മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോള്‍ പോലും താന്‍ സംസാരിച്ചില്ലെന്നും എങ്ങനെ സംസാരിക്കണമെന്ന് തനിക്കറിയില്ലെന്നും അവര്‍ പറയുന്നു.

ഒരു ഉദ്ഘാടനത്തിന് താനും മോഹന്‍ലാലും ഒരേ വേദിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പോകാന്‍ നേരത്ത് തനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തതുകൊണ്ടാണ് ഒന്നും പറയാത്തത് എന്ന് മോഹന്‍ലാലിനോട് പറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു. വിനീതിനോടും ദുല്‍ഖറിനോടും ഒന്നും താന്‍ അധികം സംസാരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും മെറീന പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘എന്റെ കൂടെ അഭിനയിച്ച മിക്ക നടന്മാരുടെ അടുത്തും, മെയ്ന്‍ ലീഡ് നടന്മാരുടെ അടുത്ത് പോലും ഞാന്‍ മര്യാദക്ക് സംസാരിച്ചിട്ടില്ല. ലാലേട്ടനെ നേരിട്ട് കണ്ടിട്ട് പോലും ഞാന്‍ സംസാരിച്ചില്ല. പുള്ളി വിചാരിച്ചിട്ടുണ്ടാകും, എന്നെക്കാളും ജാഡയാണ് ഇവള്‍ക്ക് എന്ന്. ഒരു ഉദ്ഘാടനത്തിന് ഞാന്‍ ലാലേട്ടന്റെ അടുത്ത് തന്നെയുണ്ടായിരുന്നു. ഞങ്ങള്‍ ഒരേ വേദിയിലാണ് നില്‍ക്കുന്നത്. ഞാന്‍ സംസാരിച്ചേ ഇല്ല. ഞാന്‍ ഇങ്ങനെ നില്‍പ്പുണ്ട്. അവസാനം, പുള്ളി ഇപ്പോള്‍ പോകും എന്ന് ആയപ്പോള്‍ ഇനി എങ്ങാനും ലാലേട്ടന് ഈ ചിന്ത വന്നെങ്കിലോ എന്ന് വിചാരിച്ച് ഞാന്‍ പോയി മിണ്ടി.

ഞാന്‍ പതുക്കെ പോയി പറഞ്ഞു ‘ലാലേട്ടാ, എങ്ങനെയാ സംസാരിക്കേണ്ടതെന്ന് എനിക്കറിയാത്തതുകൊണ്ടാണ് ഞാന്‍ വരാത്തത്. ഒന്നും വിചാരിക്കരുത്’ എന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി അത് കുഴപ്പമില്ലെന്ന് പറഞ്ഞു. അതുപോലെ തന്നെയാണ്, വിനീതേട്ടന്റെ അടുത്ത് കാര്യമായി ഇന്‍ട്രാക്റ്റ് ചെയ്തിട്ടില്ല. ദുല്‍ഖറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ട് അദ്ദേഹത്തോടും അങ്ങനെ സംസാരിച്ചിട്ടില്ല’ മെറീന പറയുന്നു.

Content Highlight:  Marina says that she has not spoken well to most of the actors she has worked with in films.

We use cookies to give you the best possible experience. Learn more