സിനിമകളെ തന്റെ രാഷ്ട്രീയം പറയാനുള്ള ശക്തമായ ആയുധമാക്കി മാറ്റിയ സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാളിലൂടെ കരിയര്‍ ആരംഭിച്ച മാരി 2025ലും തന്റെ സംവിധാനമികവ് കൊണ്ട് ഞെട്ടിച്ചു. മാനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ കഥ പറഞ്ഞ ബൈസണ്‍ കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറി.
സിനിമാപ്രേമി എന്ന നിലയില്‍ 2025ല്‍ തന്നെ അത്ഭുതപ്പെടുത്തിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മാരി സെല്‍വരാജ്. പ്രദീപ് രംഗനാഥന്‍ നായകനായ ഡ്രാഗണ്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് മാരി പറഞ്ഞു. തന്റെ സോണിലുള്ള സിനിമയല്ലാത്തതിനാല്‍ കാണാതെ ഒഴിവാക്കിവിടാന്‍ ആദ്യം ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു മാരി സെല്‍വരാജ്.
‘പടത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തന്നെ കാണണമോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു ഞാന്‍. റിലീസിന് ശേഷം പലരും എന്നോട് ഡ്രാഗണ്‍ കാണണമെന്ന് ആവശ്യപ്പെട്ടു. അവരുടെയെല്ലാം നിര്‍ബന്ധം കാരണമാണ് ഞാന്‍ ആ സിനിമ കണ്ടത്. എനിക്ക് ആ സിനിമ വല്ലാതെ ഇഷ്ടമായി. എന്തോ ഒരു പ്രത്യേകത ആ സിനിമക്കുണ്ടെന്ന് തോന്നി.
ഡ്രാഗണ്‍ Photo: Screen Grab/ Think Music India
നായകന്‍ നല്ല ഗുണമുള്ളയാളൊന്നുമല്ല. പക്ഷേ, അയാളുടെ കൂടെയുള്ള ചില കഥാപാത്രങ്ങള്‍ മനസില്‍ തട്ടി നിന്നു. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ചിത്രം പൊളിറ്റിക്കലി കറക്ടാകുന്നുണ്ട്. അവിടെയാണ് എനിക്ക് ഒരുപാട് ഇഷ്ടമായത്. ചെയ്ത തെറ്റിന് നായകന് ശിക്ഷിക്കപ്പെടുന്നത് കാണിച്ചത് വ്യത്യസ്തമായ കാര്യമായി തോന്നി,’ മാരി സെല്‍വരാജ് പറയുന്നു.
തന്റെ അസിസ്റ്റന്റുകളോട് താന്‍ ഡ്രാഗണെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം പറയുന്നു. മികച്ച കൊമേഴ്‌സ്യല്‍ സിനിമകള്‍ക്ക് ഡ്രാഗണ്‍ ഒരു ഉദാഹരണമാണെന്നും അത്തരം സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നുമായിരുന്നു തന്റെ ഉപദേശമെന്നും മാരി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് അര്‍ഹിച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡ്രാഗണ്‍ Photo: Screen Grab/ Think Music India
ഓ മൈ കടവുളേ എന്ന ഗംഭീര ഹിറ്റിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഡ്രാഗണ്‍ മാറി. ബോക്‌സ് ഓഫീസില്‍ 150 കോടിയിലേറെയാണ് ചിത്രം നേടിയത്. മിഷ്‌കിന്‍, അനുപമ പരമേശ്വരന്‍, ജോര്‍ജ് മരിയന്‍. കയേദു ലോഹര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Mari Selvaraj praising Dragon movie