| Sunday, 23rd November 2025, 3:56 pm

സെഞ്ച്വറി പോയെങ്കിലും വെടിക്കെട്ട് റെക്കോഡ്; പാകിസ്ഥാന്‍ വമ്പന്‍ വാഴുന്ന സിംഹാസനത്തില്‍ യാന്‍സനും

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനെ നിലവില്‍ ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്. 489 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പ്രോട്ടിയാസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.

സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റിയുമായി കളിക്കുന്ന മാര്‍ക്കോ യാന്‍സെനുമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്. മുത്തുസ്വാമി 206 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.

യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും യാന്‍സന് സാധിച്ചു.

ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് മാര്‍ക്കോ യാന്‍സന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കൊപ്പമാണ് യാന്‍സനും ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്.

ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്, വേദി, വര്‍ഷം എന്ന ക്രമത്തില്‍

മാര്‍ക്കോ യാന്‍സന്‍ (സൗത്ത് ആഫ്രിക്ക) – 7 – ഗുവാഹത്തി – 2025

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 7 – ലാഹോര്‍ – 2006

വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) – 6 – ദല്‍ഹി – 1974

മാത്യു ഹൈഡന്‍ (ഓസ്‌ട്രേലിയ) – 6 – ചെന്നൈ – 2001

ഷക്കീബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) – 6 – ചാറ്റോഗ്രാം – 2022

യാന്‍സന്‍ കുല്‍ദീപ് യാദവിന് മുമ്പിലാണ് കീഴടങ്ങിയത്. അര്‍ഹിച്ച സെഞ്ച്വറി നേടാനാകാതെയായിരുന്നു താരത്തിന്റെ മടക്കം. യാന്‍സെന്‍ പുറത്തായതോടെ പ്രോട്ടിയാസ് ഇന്നിങ്സ് 489 ല്‍ അവസാനിക്കുകയായിരുന്നു. കേശവ് മഹാരാജ് 31 പന്തില്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നു.

മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിനായി ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (112 പന്തില്‍ 49), തെംബ ബാവുമ (92 പന്തില്‍ 41), ഏയ്ഡന്‍ മാര്‍ക്രം (81 പന്തില്‍ 38), റിയാന്‍ റിക്കില്‍ട്ടണ്‍ (82 പന്തില്‍ 35) എന്നിവര്‍ മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Marco Jansen In Great Record Achievement In Test Cricket Against India

We use cookies to give you the best possible experience. Learn more