സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനെ നിലവില്‍ ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്. 489 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പ്രോട്ടിയാസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.
സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റിയുമായി കളിക്കുന്ന മാര്‍ക്കോ യാന്‍സെനുമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്. മുത്തുസ്വാമി 206 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.
യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും യാന്‍സന് സാധിച്ചു.
ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് മാര്‍ക്കോ യാന്‍സന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കൊപ്പമാണ് യാന്‍സനും ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Marco Jansen In Great Record Achievement In Test Cricket Against India