| Tuesday, 6th May 2025, 8:49 am

പൊലീസ് സ്റ്റേഷൻ വിൽക്കാൻ OLX ൽ ഇട്ട ലൂക്ക് പി.പി; മരണമാസ്സ് ഒ.ടി.ടിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്ന ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മെയ് 15ന് സ്ട്രീമിങ് ആരംഭിക്കും. വിഷു റിലീസ് ആയി ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മമ്മൂട്ടിയുടെ ബസൂക്ക, നസ്‌ലെൻ്റെ ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾക്കൊപ്പമാണ് മരണമാസ്സ് തിയേറ്ററിലേക്ക് എത്തിയത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഡാർക്ക് ഴോണറിലെത്തിയ ചിത്രമാണ് മരണമാസ്സ്. നടൻ സിജു സണ്ണിയോടൊപ്പം സംവിധായകൻ ശിവപ്രസാദ് കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ബേസിൽ ജോസഫിനെക്കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങൾ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബേസിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

സീരിയൽ കില്ലറും ഒരു മൃതദേഹവും ഒരു കൂട്ടം ആളുകളും ഒരു ബസിൽ പെട്ടുപോകുന്ന സാഹചര്യമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ലൂക്ക് പി.പി എന്ന കഥാപാത്രത്തെ ബേസിലും, സുരേഷ് കൃഷ്‌ണ ബസ് ഡ്രൈവറായും, സിജു സണ്ണി കണ്ടക്‌ടറായായുമാണ് വേഷമിട്ടിരിക്കുന്നത്.

ചമൻ ചാക്കോ എഡിറ്റിങ്ങും ഛായാഗ്രഹണം നീരജ് രവിയും നിർവഹിച്ചിരിക്കുന്നു. ജയ് ഉണ്ണിത്താൻ്റെ സംഗീതത്തിന് വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്.

പൊൻമാൻ, പ്രാവിൻകൂട് ഷാപ്പ്, മരണമാസ്സ് എന്നീ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയ ബേസിലിൻ്റെ ചിത്രങ്ങൾ.

Content Highlight: Maranamass OTT Release Date Out

We use cookies to give you the best possible experience. Learn more