മൂലമ്പള്ളിയില്‍ നിന്ന് മരടിലെത്തുമ്പോള്‍ ഇടത് സര്‍ക്കാരിന് സംഭവിക്കുന്നതെന്ത് ?
ഹരിമോഹന്‍

എറണാകുളം നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ദിവസങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. അനധികൃത നിര്‍മാണങ്ങള്‍ കാരണം മറ്റൊരു പ്രളയം കൂടി കേരളത്തിനു താങ്ങാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പക്ഷേ പാരിസ്ഥിതികാഘാതം പരിശോധിച്ച ശേഷം മാത്രമേ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ശരിയാണ്. അവര്‍ ആശങ്കാകുലരാണ്. ലക്ഷങ്ങള്‍ മുടക്കി ഫ്ലാറ്റുകള്‍ വാങ്ങിക്കൂട്ടിയവര്‍ എങ്ങോട്ട് പോകുമെന്നത് സര്‍ക്കാരിനെയും മാധ്യമങ്ങളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇനി കുറച്ചു പിന്നോട്ടുപോവാം. 2008 ഫെബ്രുവരി ആറിനാണ് മൂലമ്പള്ളിയിലും സമീപ പ്രദേശത്തുമായി മുന്നൂറ്റി പതിനാറ് കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടത്.  അവരുടെ വീടുകള്‍ ജെസിബികള്‍ ഇടിച്ചിട്ടു. പുസ്തകങ്ങള്‍ പൊലീസ് വലിച്ചെറിഞ്ഞു. വൃദ്ധരെ പുറത്തേക്ക് വലിച്ചിട്ടു. ആഹാരസാധനങ്ങള്‍ വലിച്ചെറിഞ്ഞു. സ്ത്രീകളെ മര്‍ദ്ദിച്ചു. ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞതിന്റെ പിറ്റേന്നാണ് മൂലമ്പള്ളിയിലെ നാട്ടുകാരെ പിറന്ന മണ്ണില്‍ നിന്നും അടിച്ചിറക്കിയത്. വീടും പുരയിടവും തിരികെ ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ അന്തസ്സായി പുനരധിവസിപ്പിക്കുമെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വാക്കുകളെ ഇവര്‍ വിശ്വസിച്ചു.

ഇതും യാഥാര്‍ത്ഥ്യമാവില്ലെന്ന തിരിച്ചറിവിലാണ് മൂലമ്പള്ളിക്കാര്‍ നിരത്തില്‍ സമരത്തിന് ഇറങ്ങിയത്.  നക്‌സലുകളാണ് മൂലമ്പള്ളി സമരത്തിന് പിന്നിലെന്ന് വി.എസ് ആരോപിച്ചു. എന്നാല്‍ പിന്നീടത് തിരുത്തി അദ്ദേഹം മാപ്പുപറഞ്ഞിരുന്നു. 12-ാം വര്‍ഷത്തിലേക്ക് പിന്നിട്ടിട്ടും അവരില്‍ ഭൂരിഭാഗത്തിനും ഇന്നും പുനരധിവാസമെന്നത് അന്യമായിത്തന്നെ നിലനില്‍ക്കുന്നു. പലയിടത്തായി അവര്‍ എങ്ങനെയൊക്കെയോ ജീവിക്കുന്നു. അവരെക്കുറിച്ച് മേല്‍പ്പറഞ്ഞ ആശങ്കയുണ്ടായിരുന്നോ ?

ഇനി വേറൊന്ന് പറയാം. ഇക്കാണുന്ന അറുന്നൂറ് കിലോമീറ്ററോളം വരുന്ന ദേശീയപാതയ്ക്കുവേണ്ടി 30 മീറ്റര്‍ സ്ഥലമെടുപ്പ് നടത്തിയപ്പോള്‍ കാസര്‍കോട്ടുനിന്നും തിരുവനന്തപുരം വരെ കുടിയൊഴിപ്പിക്കപ്പെട്ടത് നൂറുകണക്കിനു കുടംബങ്ങളാണ്. ഒരുതവണ കുടിയൊഴിപ്പിക്കപ്പെട്ടതിന്റെ വേദന നന്നായി അനുഭവിച്ചറിഞ്ഞവരാണ് അവര്‍. ഇപ്പോള്‍ ദാ രണ്ടാംതവണയും കുടിയൊഴിപ്പിക്കപ്പെടാനായി വിധിക്കപ്പെട്ടിരിക്കുകയാണ് അവര്‍,  വികസനത്തിനായി. 30 പോര, 15 മീറ്റര്‍ കൂടി വേണമത്രെ ഇനിയും. ആദ്യതവണ കുടിയൊഴിപ്പിക്കപ്പെട്ടതിന്റെ പുനരധിവാസം പോലും നടപ്പായിട്ടില്ല. അപ്പോഴാണ് രണ്ടാംതവണയും. ഇവരെക്കുറിച്ച് എന്തുതരം ആശങ്കയാണ് സര്‍ക്കാരിനുള്ളത് ?

അനധികൃതമായി കെട്ടിപ്പൊക്കിയ വസ്തുവില്‍ ലക്ഷങ്ങള്‍ മുടക്കി താമസിക്കുന്നവരുടെ കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ബദ്ധശ്രദ്ധാലുവാണ്. അവര്‍ക്കുവേണ്ടി പാരിസ്ഥിതികാഘാത പഠനം വരെ നടക്കും. പക്ഷേ നാടിന്റെ വികസന സ്വപ്നങ്ങള്‍ക്കുള്ള നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച് തുടങ്ങിയ പദ്ധതികള്‍ക്കുവേണ്ടി ഭരണകൂടം കുടിയൊഴിപ്പിച്ചവര്‍ക്കു വേണ്ടി വിലപിക്കാനും അവര്‍ക്കുവേണ്ടി നിലകൊള്ളാനും കഴിയാതെ ഇരട്ടത്താപ്പ് നയം സ്വീകരിക്കേണ്ടിവരുന്നതിലെ ജനാധിപത്യം എന്താണ് ?

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍