| Thursday, 26th July 2018, 2:45 pm

തൊഴിലാളികളെ ബന്ദികളാക്കിയെന്ന പൊലീസ് വാദം വാസ്തവവിരുദ്ധം; സംഭവിച്ചതെന്താണെന്ന് വിശദീകരിച്ച് സി.പി.ഐ മാവോയിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന ആരോപണം നിഷേധിച്ച് സി.പി.ഐ മാവോയിസ്റ്റ്. കാട്ടിനുള്ളില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മിറ്റിയുടെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലെത്തിച്ച കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

“ഇക്കഴിഞ്ഞ 20ന് വെള്ളിയാഴ്ച വൈകിട്ട് മേപ്പാടിക്കടുത്തുള്ള തൊള്ളായിരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ അതിക്രമിച്ചെത്തിയെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി, ബന്ദികളാക്കി അവര്‍ക്കുനേരെ വെടിയുതിര്‍ത്തു, കെട്ടിയിട്ടു എന്നും മറ്റും പൊലീസ് പ്രചരിപ്പിച്ച വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി അറിയിക്കുന്നു” എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

Also Read:സംസ്ഥാന പ്രസിഡന്റ് ആര്: രണ്ട് മാസമായി ഫാക്‌സ് മെഷീനിലേക്ക് കണ്ണുംനട്ട് മാരാര്‍ജി ഭവന്‍

നാടുകാണി ഏരിയാ സമിതിയുടെ കീഴിലുള്ള ദളം സക്വാഡ് പതിവ് ഗ്രാമസന്ദര്‍ശനത്തിന്റെ ഭാഗമായാണ് അവിടെ എത്തിയത്. ബംഗാള്‍ സ്വദേശികളായ തൊഴിലാളികളോട് അവരുടെ തൊഴിലിനെക്കുറിച്ചും ജീവിത ദുരിതത്തെക്കുറിച്ചും വിശദമായി ചോദിച്ചറിയുകയും മാവോയിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദലിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നിസ്‌കരിക്കാനായി പോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോര്‍ട്ടില്‍ പോയി തങ്ങള്‍ വന്നവിവരം അറിയിക്കുകയായിരുന്നു. മറ്റുള്ളവര്‍ തങ്ങള്‍ പിരിഞ്ഞുപോകുംവരെ ഒപ്പമുണ്ടായിരുന്നെന്നും ഇതാണ് ബന്ദിയാക്കിയെന്നും മറ്റുമുള്ള നുണപ്രചരണമായി മാറിയതെന്നും അവര്‍ പറയുന്നു.

വളരെ മാന്യമായാണ് തൊഴിലാളികളോട് പെരുമാറിയത്. മലയാളികളായ തൊിലാളികള്‍ രാത്രി വരുമെന്നറിഞ്ഞതിനാല്‍ അവരെ കാണാനും സംസാരിക്കാനുമായി രാത്രിവരെ അവിടെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഫോണിലൂടെ കാര്യങ്ങള്‍ അറിയിച്ചപ്പോഴാണ് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതായി അറിയുന്നത്. ഇതേത്തുടര്‍ന്ന് വൈകാതെ തന്നെ അവിടെ വിടുകയായിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Also Read:ഹനാന്‍ ചമ്പക്കര മത്സ്യമാര്‍ക്കറ്റില്‍ വരാറുണ്ട്; ആ പെണ്‍കുട്ടിയുടെ വലിയ മനസിനെ അംഗീകരിക്കുന്നു; പിന്തുണച്ച് മണികണ്ഠന്‍

മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരിത്തേക്കാനും പ്രദേശത്തെ ജനങ്ങളെ തൊഴിലാളികളെ ഭീതിയിലാഴ്ത്തി തങ്ങളില്‍ നിന്ന് അകറ്റാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘം തടഞ്ഞുവെച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more