മലയാളത്തിലെ അറിയപ്പെടുന്ന നടൻമാരിലൊരാളാണ് ജയറാം. മിമിക്രിയിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും പിന്നീട് സിനിമാരംഗത്ത് തൻ്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് അദ്ദേഹം. 1988ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കാൻ ജയറാമിന് സാധിച്ചു. ഇപ്പോൾ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് മലയാളത്തിൻ്റെ സംവിധായകൻ സത്യൻ അന്തിക്കാട്.
തൻ്റെ സിനിമകളിൽ ജയറാമിനെ കാണാൻ ഇഷ്ടമാണെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഉത്തരം നൽകാനറിയില്ലെന്നും സത്യൻ പറയുന്നു.
തങ്ങൾ തമ്മിലുള്ള മാനസിക ഐക്യം സിനിമകൾക്ക് ഗുണം ചെയ്യുന്നുണ്ടാകുമെന്നും സീൻ വിവരിക്കുമ്പോൾ അഭിനയിച്ചു കാണിക്കാറില്ല എന്നാൽ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി മനസിലാകുമെന്ന് കെ. പി. എ. സി. ലളിത പറയുമെന്നും അദ്ദേഹം പറഞ്ഞു.
ജയറാമിനും അത് അറിയാമെന്നും ക്യാമറയ്ക്ക് പിന്നിൽ നിന്നാണ് താൻ സംവിധാനം ചെയ്യുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു.
അഭിനേതാക്കളുടെ പ്രകടനം നേരിട്ട് കാണാനാണ് ഇഷ്ടമെന്നും അതിൻ്റെ നേട്ടം സീനുകൾക്ക് ലഭിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ സിനിമകളിൽ ജയറാമിനെ കാണാൻ ഇഷ്ടമാണെന്ന് എന്നോടുതന്നെ പലരും പറഞ്ഞിട്ടുണ്ട്. അതെന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ കൃത്യമായൊരുത്തരം നൽകാനറിയില്ല. അതൊരു മാജിക്കാകാം. ഞങ്ങൾ തമ്മിലുള്ള മാനസിക ഐക്യം സിനിമകൾക്ക് ഗുണം ചെയ്യുന്നുണ്ടാകും.
ലളിതച്ചേച്ചി പറയാറുണ്ട് സത്യൻ സീൻ വിവരിക്കുമ്പോൾ അഭിനയിച്ചു കാണിക്കാറില്ല പക്ഷെ സത്യൻ വായിക്കുമ്പോൾ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി മനസിലാകുമെന്ന്. ജയറാമിനും അത് പിടികിട്ടുന്നുണ്ടാകും. മോണിറ്ററുണ്ടെങ്കിലും ക്യാമറയ്ക്ക് പിന്നിൽ നിന്നാണ് ഞാൻ സംവിധാനം ചെയ്യുന്നത്. എൻ്റെ അഭിനേതാക്കളുടെ പ്രകടനം നേരിട്ട് അടുത്തുനിന്ന് കാണുവാനാണെനിക്കിഷ്ടം. അതിന്റെയെല്ലാം നേട്ടം സീനുകൾക്ക് ലഭിക്കുന്നുണ്ടാകും,’ സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Many people have said they would like to see him in my films says Sathyan Anthikkad