| Sunday, 30th August 2026, 12:07 pm

21ാം സീസണില്‍ 600; ബയേണ്‍ മ്യൂണിക്കിനൊപ്പം ചരിത്രം കുറിച്ച് ന്യൂയര്‍

സുദേവ് എ

ബയേണ്‍ മ്യൂണിക്കിനൊപ്പം ചരിത്രമെഴുതി ജര്‍മന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍. ബവേറിയന്‍സിന് വേണ്ടി 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ന്യൂയറിന് സാധിച്ചത്. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് ന്യൂയറിനെ തേടി ഈ നേട്ടമെത്തിയത്.

ബയേണ്‍ മ്യൂണിക്കിനൊപ്പം തന്റെ 21ാം ബുണ്ടസ് ലീഗ സീസണിലാണ് താരം പന്തുതട്ടുന്നത്. വി.എഫ്.ബി സ്റ്റുട്ഗര്‍ഡിനെതിരെയാണ് ന്യൂയര്‍ ജര്‍മന്‍ ക്ലബ്ബിനൊപ്പം തന്റെ 600ാം മത്സരം കളിച്ചത്. മത്സരത്തില്‍ 5-1ന്റെ വമ്പന്‍ വിജയമായിരുന്നു ജര്‍മനി സ്വന്തമാക്കിയിരുന്നത്.

ബയേണ്‍ മ്യൂണിക്കിനൊപ്പം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ന്യൂയര്‍. തോമസ് മുള്ളര്‍, ഒലിവര്‍ കാന്‍, സെപ് മേയര്‍, ഗെര്‍ഡ് മുള്ളര്‍ എന്നിവരാണ് ന്യൂയറിന് മുമ്പേ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

2011 മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍മുഖത്ത് രക്ഷകനായി നിലയുറപ്പിച്ച ന്യൂയര്‍ ക്ലബ്ബിനൊപ്പം അവിസ്മരണീയമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 269 ക്ലീന്‍ ഷീറ്റുകളാണ് ബയേണ്‍ മ്യൂണിക്കിന് വേണ്ടി ന്യൂയര്‍ സ്വന്തമാക്കിയത്.

ടീമിനൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ ന്യൂയറിന് സാധിച്ചിട്ടുണ്ട്. 13 ബുണ്ടസ് ലീഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ബയേണിനൊപ്പം നേടിയ ന്യൂയര്‍ ഏഴ് ഡി.എഫ്.ബി കിരീടങ്ങളും കൈപ്പിടിയിലാക്കിയിട്ടുണ്ട്.

2026 ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായതിന് പിന്നാലെ ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് ന്യൂയര്‍ വീണ്ടും ലോകകപ്പ് കളിക്കാന്‍ എത്തിയത്.

2024 യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി സ്‌പെയ്‌നിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ജര്‍മന്‍ പോസ്റ്റിന്റെ മുന്നിലുള്ള ന്യൂയറിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കാത്തിരുന്ന മറ്റ് ഗോള്‍കീപ്പര്‍മാര്‍ക്കും വിലങ്ങുതടി ആവുകയായിരുന്നു.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കാണ് ന്യൂയര്‍ വഹിച്ചിരുന്നത്. ഫൈനലില്‍ അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനി തങ്ങളുടെ ചരിത്രത്തിലെ നാലാം ലോക കിരീടം ഉയര്‍ത്തിയത്. ആ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും ന്യൂയറാണ്.

ജര്‍മനിക്ക് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ ന്യൂയര്‍ തന്റെ 40ാം വയസിലും പ്രായം തളര്‍ത്താത്ത പോരവീര്യവുമായി ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്ത താരമായി തുടരുകയാണ്.

അതേസമയം പുതിയ സീസണ്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി നടന്ന ഈ സീസണിലെ ജര്‍മന്‍ കപ്പ് ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയിരുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തകര്‍ത്തുകൊണ്ടായിരുന്നു ബയേണിന്റെ കിരീട നേട്ടം.

മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം. സീസണ്‍ തുടങ്ങുന്നതിന് മുന്നേ തന്നെ കിരീട വേട്ടക്ക് തുടക്കം കുറിച്ച ബയേണ്‍ ഇത്തവണയും ലീഗ് കിരീടം നിലനിര്‍ത്താന്‍ തന്നെയായിരിക്കും ലക്ഷ്യം വെക്കുക. ജര്‍മന്‍ ലീഗില്‍ സെപ്റ്റംബര്‍ അഞ്ചിന് ഷാല്‍ക്കെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം.

Content Highlight: Manuel Neuer becomes fifth player to play 600 games for Bayern Munich

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more