തില്ലങ്കേരിയുടേത് കര്‍ഷക സമരത്തിന്റെ ചരിത്രമാണ്, ക്വട്ടേഷന്‍ സംഘങ്ങളുടേതല്ല; ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സംസാരിക്കുന്നു
Interview
തില്ലങ്കേരിയുടേത് കര്‍ഷക സമരത്തിന്റെ ചരിത്രമാണ്, ക്വട്ടേഷന്‍ സംഘങ്ങളുടേതല്ല; ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സംസാരിക്കുന്നു
ജിതിന്‍ ടി പി
Friday, 25th June 2021, 4:22 pm
ഇവരാരും പാര്‍ട്ടിയുടെ ഒരുഘടകത്തിലും പ്രവര്‍ത്തിക്കുന്നവരല്ല. പണ്ടൊക്കെ ഇവര്‍ വിദ്യാര്‍ത്ഥിക്കാലത്ത് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടാകും. അന്നുള്ള ബന്ധങ്ങള്‍ വെച്ച് ആരെയെങ്കിലും പരിചയപ്പെട്ടിട്ടുണ്ടാകും.

രാമനാട്ടുകര വാഹനാപകടം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സ്വര്‍ണ്ണക്കടത്തും അതിന് പിന്നാലെയുള്ള കവര്‍ച്ചയും കണ്ണൂരിലെ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നിവരുടെ ഇടപെടലും വിഷയത്തില്‍ സി.പി.ഐ.എമ്മിനേയും ഡി.വൈ.എഫ്.ഐയേയും പ്രതിക്കൂട്ടിലാക്കിയ പശ്ചാത്തലത്തില്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

‘ഒരു ചുവന്ന റിബണ്‍ കെട്ടി അരാജകപ്രവര്‍ത്തി ചെയ്താല്‍ പാര്‍ട്ടിയുടേയോ സംഘടനയുടേയോ പിന്തുണ കിട്ടും എന്ന തോന്നല്‍ ആര്‍ക്കും വേണ്ട’, സോഷ്യല്‍ മീഡിയയില്‍ താങ്കള്‍ മുന്‍പ് നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശമാണിത്. ഈ പ്രസംഗം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ പ്രസംഗത്തിന്റേയും പരിപാടിയുടേയും സാഹചര്യം എന്തായിരുന്നു?

സ്വര്‍ണ്ണം കടത്തിക്കൊണ്ടുവരുന്ന ആളുകളില്‍ നിന്നും സ്വര്‍ണ്ണം അടിച്ചുമാറ്റുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമായി വരുന്നുണ്ട്. അതില്‍ ഡി.വൈ.എഫ്.ഐക്കാരാണ് എന്ന് തോന്നിക്കുന്ന തരത്തില്‍ ചിലയാളുകള്‍ ഉണ്ടെന്ന വിവരം നമുക്കുണ്ട്.

അവരെ പൊതുസമൂഹത്തിന് മുന്നില്‍ തള്ളിപ്പറയുന്നതിന് വേണ്ടി തന്നെയാണ് ഒരു ജാഥ നടത്തിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഫെബ്രുവരി ഏഴിനായിരുന്നു അത്. കണ്ണൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ആ പരിപാടി.

വെള്ളിയാഴ്ച അര്‍ജുന്‍ ആയങ്കിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. അതില്‍ പറയുന്നത് തലശ്ശേരിയിലേയും മാഹിയിലേയും പാര്‍ട്ടിക്കാര്‍ അദ്ദേഹത്തിന്റെ കൂടെയാണ് എന്നാണ്. എങ്ങനെയാണ് ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയുടേയോ സംഘടനയുടേയോ പേര് പറയാനുള്ള ധൈര്യമുണ്ടാകുന്നത്?

അത് അവര്‍ ഉപയോഗപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. യഥാര്‍ത്ഥത്തില്‍ ഇവരാരും പാര്‍ട്ടിയുടെ ഒരുഘടകത്തിലും പ്രവര്‍ത്തിക്കുന്നവരല്ല. പണ്ടൊക്കെ ഇവര്‍ വിദ്യാര്‍ത്ഥിക്കാലത്ത്  പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടാകും.

അല്ലാതെ ഏതെങ്കിലും ഉയര്‍ന്ന ഘടകത്തില്‍ അംഗമൊന്നുമല്ല. അന്നുള്ള ബന്ധങ്ങള്‍ വെച്ച് ആരെയെങ്കിലും പരിചയപ്പെട്ടിട്ടുണ്ടാകും. അത് പിന്നെ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ദുരുപയോഗം ചെയ്തിട്ടുണ്ടാകും.

മനു തോമസ്

നേതാക്കളുടെ കൂടെ ഫോട്ടോ എടുത്തതൊക്കെ സോഷ്യല്‍ മീഡിയയില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ടാകും. പുറത്തുനിന്ന് കാണുന്നവര്‍ക്ക് ഇത് പാര്‍ട്ടിയോ ഡി.വൈ.എഫ്.ഐയോ ഒക്കെ ആയി തോന്നാം. അതാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്.

മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ പാര്‍ട്ടിയോ സംഘടനയോ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കുന്ന സാഹചര്യമുണ്ടായിരുന്നോ?

ഒരിക്കലുമില്ല. ഇവരെ നമ്മള്‍ നേരത്തെ തന്നെ പുറത്ത് നിര്‍ത്തിയതാണ്. അര്‍ജുന്‍ എന്നയാളെ പാര്‍ട്ടിയും ഡി.വൈ.എഫ്.ഐയും മൂന്ന് നാല് കൊല്ലം മുന്‍പേ പുറത്ത് നിര്‍ത്തിയതാണ്.

എന്തായിരുന്നു അതിന് കാരണം?

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തത് കൊണ്ടാണ് അത്. ഡി.വൈ.എഫ്.ഐയ്ക്ക് ഇവരുമായി യാതൊരു ബന്ധവുമില്ല. അത്തരം ആളുകള്‍ക്ക് ഈ സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ തിരിച്ചറിയണം.

അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി

സംഘടനയിലേക്ക് വരുന്നതിന് മുന്‍പ് കൊടുക്കുന്ന പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ അഭാവം ചെറുപ്പക്കാര്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിന് കാരണമാകുന്നുണ്ടോ?

ഏതെങ്കിലും സംഘടനാ വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് തോന്നുന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം പഠനങ്ങളുടെ കുറവുണ്ട്. തില്ലങ്കേരി എന്ന് പറയുന്ന പ്രദേശം ഒരു വലിയ കര്‍ഷകസമരത്തിന്റെ ഭാഗമായുള്ളതാണ്. തില്ലങ്കേരി ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.

പക്ഷെ തില്ലങ്കേരിയുടെ ആ ചരിത്ര ബോധ്യം പുതിയ തലമുറയ്ക്ക് നഷ്ടപ്പെടുകയും അതിന് പകരം ഈ രീതിയിലുള്ള ചിലയാളുകളുടെ പേരിനൊപ്പം ചേര്‍ത്തുവെക്കുകയും അതാണ് തില്ലങ്കേരിയുടെ മഹത്വമെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു ചരിത്രബോധത്തിന്റെ കുറവ് പുതിയ തലമുറയില്‍ ഒരുപാടുണ്ട്.

അത് സംഘടനാ വിദ്യാഭ്യസത്തിന്റെ അഭാവമല്ല. സംഘടനയ്ക്ക് പുറത്തുള്ളവരും ഒരുപാട് പേരുണ്ടല്ലോ. അവരെല്ലാം ഇങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. അവരെയാണ് ഇത്തരം ആളുകള്‍ അവരുടെയൊരു ഫാന്‍സായിട്ട് കാണുന്നത്. അതാണ് അതിന്റെ പ്രശ്‌നം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manu Thomas DYFI Kannur District President Ramanattukara Accident Akash Thillankery

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.