| Saturday, 28th June 2025, 8:46 am

ഡബിള്‍  മീനിങ് ഡയലോഗൊന്നും പടക്കളത്തില്‍ പാടില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു, എന്നിട്ടും ഷറഫിക്കയുടെ ഡയലോഗ് വന്നതിന് ഒരു കാരണമുണ്ട്: മനു സ്വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാന്റസി സിനിമകള്‍ വിരളമായി മാത്രം വരുന്ന മോളിവുഡില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പടക്കളം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച സീനുകളിലൊന്നായിരുന്നു പൂജ മോഹന്‍രാജും ഷറഫുദ്ദീനും ഒന്നിച്ചുള്ള രംഗം. തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ച സീന്‍ ഒ.ടി.ടി റിലീസിന് ശേഷവും വൈറലായി. ആ സീനില്‍ ഷറഫുദ്ദീന്‍ പറയുന്ന ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ മനു സ്വരാജ്.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഒരൊറ്റ ഡബിള്‍ മീനിങ് ഡയലോഗുകള്‍ പോലും വേണ്ടെന്ന് താന്‍ തീരുമാനിച്ചിരുന്നെന്ന് മനു സ്വരാജ് പറഞ്ഞു. സന്ദീപും ഗ്യാങ്ങും തമ്മിലുള്ള രംഗങ്ങളില്‍ തമാശക്ക് പോലും തെറിവിളി പാടില്ലെന്ന് തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷറഫുദ്ദീന്റെ സീന്‍ എടുക്കുന്ന സമയത്ത് ആ ഡയലോഗ് അദ്ദേഹം പെട്ടെന്ന് കൈയില്‍ നിന്ന് ഇട്ടെന്നും അത് കേട്ട് സെറ്റ് മുഴുവന്‍ ചിരിയായിരുന്നെന്നും മനു പറയുന്നു. വിറ്റ് ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘ഷറഫുക്കാന്റെ ആ ഡയലോഗുണ്ടല്ലോ, ‘ഒരു കളി കളിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ’ എന്ന് പറയുന്നത് പുള്ളി കൈയില്‍ നിന്ന് ഇട്ടതാണ്. സെറ്റിലെ ആര്‍ക്കും അതിനെക്കുറിച്ച് ഒരു ഐഡിയയുമില്ലായിരുന്നു. ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോള്‍ തന്നെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. ഇതില്‍ ഡബിള്‍ മീനിങ് ഡയലോഗൊന്നും പാടില്ല എന്ന്.

സന്ദീപും ഗ്യാങ്ങുമൊക്കെയുള്ള സീനില്‍ പോലും ഞാന്‍ അത്തരം ഡയലോഗൊന്നും ചേര്‍ത്തില്ല. അവര്‍ തമ്മില്‍ തെറിവിളി പോലും പാടില്ലെന്ന് ഞാന്‍ ഉറപ്പാക്കിയിരുന്നു. എന്നുവെച്ച് ഡബിള്‍ മീനിങ് ഡയലോഗുകള്‍ക്ക് എതിരാണെന്നല്ല. അടുത്ത പടത്തില്‍ ഞാന്‍ ചിലപ്പോള്‍ അത്തരം ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയെന്ന് വരാം. പക്ഷേ, പടക്കളത്തില്‍ അതൊന്നും ഉണ്ടാകില്ലെന്ന് തീരുമാനിച്ചിരുന്നു.


ഈ സീന്‍ എടുക്കുന്ന സമയത്ത് ഷറഫുക്ക സീന്‍ വായിച്ചിട്ട് ‘ഇതില്‍ ഞാന്‍ ഒരു കാര്യം ചെയ്‌തോട്ടെ’ എന്ന് ചോദിച്ചു. പുള്ളി എന്നിട്ട് കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഷോട്ടിന്റെ സമയത്ത് പുള്ളി ഈ ഡയലോഗ് പറഞ്ഞതും സെറ്റ് മൊത്തം ചിരിച്ചു. അത് കഴിഞ്ഞപ്പോഴാണ് ആ ഡയലോഗ് ഡബിള്‍ മീനിങ്ങാണെന്ന് മനസിലായത്. ഞാന്‍ പുള്ളിയോട് ഇത് പറഞ്ഞപ്പോള്‍ ‘ഇനി ഞാന്‍ റീടേക്ക് എടുക്കില്ല’ എന്ന് പറഞ്ഞിട്ട് പോയി,’ മനു സ്വരാജ് പറയുന്നു.

Content Highlight: Manu Swaraj about Sharafudheen’s dialogue in Padakkalam movie

We use cookies to give you the best possible experience. Learn more