ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിക്കുന്നു; വിമര്‍ശനവുമായി മനോജ് തിവാരി
Sports News
ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിക്കുന്നു; വിമര്‍ശനവുമായി മനോജ് തിവാരി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st November 2025, 7:45 am

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് മുന്‍ താരം മനോജ് തിവാരി. ഇന്ത്യന്‍ ടീമില്‍ ആശയവിനിമയത്തിന്റേയും വിശ്വാസത്തിന്റേയും പ്രശ്‌നമുണ്ടെന്ന് തിവാരി പറഞ്ഞു. രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഷമി സ്ഥിരമായി വിക്കറ്റ് നേടുന്നുണ്ടെന്നും എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ഷമിയെ സെലഷന്‍ കമ്മിറ്റി അവഗണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല ഷമിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് തിരക്കേണ്ടത് സെലഷന്‍ കമ്മിറ്റിയുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും തിവാരി വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു മുതിര്‍ന്ന കളിക്കാരനാണ് ഷമിയെന്നും തിവാരി ഓര്‍മിപ്പിച്ചു.

‘ടീമില്‍ വിശ്വാസത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രശ്‌നമുള്ളതായി തോന്നുന്നു. ബംഗാളിനായി മുഹമ്മദ് ഷമി സ്ഥിരമായി വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്, പക്ഷേ ടെസ്റ്റുകളിലും ഏകദിനങ്ങളിലും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിച്ചു.

അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ഒരു അപ്ഡേറ്റും ഇല്ലെന്ന് സെലക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ അത് ആരുടെ ഉത്തരവാദിത്തമാണ്? അപ്ഡേറ്റുകള്‍ നല്‍കുക എന്നത് പരിശീലകരുടെയും ഫിസിയോകളുടെയും ജോലിയാണ്. കുറഞ്ഞപക്ഷം, അവര്‍ ഫോണില്‍ വിളിച്ച് കളിക്കാരനെ ബന്ധപ്പെടേണ്ടിയിരുന്നു.

വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു മുതിര്‍ന്ന കളിക്കാരനാണ് അദ്ദേഹം, അദ്ദേഹത്തെ വിളിക്കുന്നത് ഒരു അടിസ്ഥാന നടപടിയായിരിക്കണം. അത് പരിശീലകന്റെയും സെലക്ഷന്‍ കമ്മിറ്റിയുടെയും ഉത്തരവാദിത്തത്തില്‍ പെടുന്നു,’ മനോജ് തിവാരി ഇന്ത്യ ടുഡേയോട് പറഞ്ഞു.

നിലവില്‍ രഞ്ജി ട്രോഫിയിലെ നാല് മത്സരങ്ങളില്‍ നിന്ന് 16.30 ശരാശരിയില്‍ 20 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. എന്നിരുന്നാലും ഫിറ്റ്‌നസിന്റെ പേരില്‍ താരം ടീമില്‍ നിന്ന് അവഗണിക്കപ്പെടുകയാണ്. 2025 മാര്‍ച്ച് നാലിനാണ് ഷമി ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 2023 ജൂണ്‍ ഏഴിന് ഓസ്‌ട്രേലിയക്കെതിരെയാാണ് താരം അവസാന മായി ടെസ്റ്റ് കളിച്ചത്.

2023 ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഷമി പരിക്കിന്റെ പിടിയിലാകുകയായിരുന്നു. ഇതോടെ ഏറെ കാലം കളത്തില്‍ നിന്ന് താരത്തിന് മാറി നില്‍ക്കേണ്ടിവന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും താളം കണ്ടെത്താന്‍ താരം ബുദ്ധിമുട്ടി. പക്ഷെ ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തി ഷമി വീണ്ടും മികവ് തെളിയിക്കുകയാണ്.

Content Highlight: Manoj Tiwary Talking About Mohammad Shami