ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആരാധകര്‍ സാക്ഷിയായത് ശുഭ്മന്‍ ഗില്ലിന്റെ ക്യാപറ്റന്‍സി അരങ്ങേറ്റത്തിനാണ്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം ടീമിന്റെ നായക കുപ്പായമിട്ട ഗില്‍ പര്യടനത്തിലുടനീളം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയിലും താരം മൂന്ന് മത്സരത്തിലും മികവ് തെളിയിച്ചു.
ഇംഗ്ലണ്ടിനെതിരെ മത്സരങ്ങളില്‍ പല ഭാവത്തിലുമാണ് ഗില്ലിനെ കാണാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ നായകന്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഫീല്‍ഡില്‍ വളരെ ശാന്തനായിരുന്നു. എന്നാല്‍, മൂന്നാം മത്സരത്തില്‍ വളരെ വ്യത്യസ്തനായ ഒരാളെയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഗില്‍ ഇംഗ്ലണ്ട് താരങ്ങളോട് കയര്‍ക്കുന്ന ഒരു അഗ്രസീവ് നായകനായി.
ഇപ്പോള്‍ ഗില്ലിന്റെ അഗ്രസീവ് സ്വഭാവത്തിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഗില്‍ വിരാട് കോഹ്ലിയെ പോലെ അഗ്രസീവാകാന്‍ ശ്രമിക്കുകയാണെന്നും അത് അവന്റെ ബാറ്റിങ്ങിന് ഗുണം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനായതിന് ശേഷം ഗില്‍ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അഗ്രസീവായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്കുകള്‍ കൊണ്ടല്ലാതെ, മത്സരങ്ങള്‍ ജയിച്ചും ഒരാള്‍ക്ക് അഗ്രസീവാകാമെന്നും ഇന്ത്യയ്ക്ക് 2 -1 മുന്നിലെത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ബൂമില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.
‘ക്യാപ്റ്റന്‍ ഗില്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമല്ല. അവന്‍ കഴിഞ്ഞ തവണ വിരാട് ചെയ്തത് പോലെ ചെയ്യാന്‍ ശ്രമിക്കുകയാണ്. അത് അവന്റെ ബാറ്റിങ്ങിന് ഗുണം ചെയ്യുന്നില്ല.
ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷം ഗില്‍ കൂടുതല്‍ അഗ്രസീവായി മാറുന്നതും അമ്പയറോട് കയര്‍ക്കുന്നതും കണ്ടു. ഇങ്ങനെയായിരുന്നില്ല ഗില്‍. അവന്‍ ഇത്രത്തോളം അഗ്രസീവ് ആകേണ്ടതില്ല. വാക്കുകള്‍ കൊണ്ടല്ലാതെ, ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചുകൊണ്ട് അവന് അഗ്രസീവാകാന്‍ കഴിയും.
ഇന്ത്യയ്ക്ക് 2 – 1ന് എളുപ്പത്തില്‍ മുന്നിലെത്താമായിരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനില്‍ നിന്ന് ഇത്തരത്തിലുള്ള അഗ്രഷന്‍ കളിക്ക് നല്ലതല്ല,’ തിവാരി പറഞ്ഞു.
Content Highlight: Manoj Tiwary says that Shubhman Gill trying to copy Virat Kohli’s aggression