ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മ മെയ് ഏഴിന് ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിരമിക്കലിനെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തത്.
രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ സീനിയര്‍ താരങ്ങളടക്കം അഭിനന്ദിച്ചും മറ്റും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ രോഹിത് ഒരു വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.
രോഹിത് ശര്‍മ സോഷ്യല്‍ മീഡിയയിലൂടെയല്ല, കളിച്ചതിന് ശേഷം മൈതാനത്ത് നിന്ന് വിരമിച്ചിരുന്നെങ്കില്‍, അത് കൂടുതല്‍ ഉചിതമായ ഒരു യാത്രയയപ്പ് ആയിരിക്കുമായിരുന്നുവെന്ന് തിവാരി പറഞ്ഞു. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.
‘രോഹിത് ശര്‍മ സോഷ്യല്‍ മീഡിയയിലൂടെയല്ല, കളിച്ചതിന് ശേഷം മൈതാനത്ത് നിന്ന് വിരമിച്ചിരുന്നെങ്കില്‍, അത് കൂടുതല്‍ ഉചിതമായ ഒരു യാത്രയയപ്പ് ആയിരിക്കുമായിരുന്നു. നമുക്കെല്ലാവര്‍ക്കും അത് നന്നായി തോന്നുമായിരുന്നു,’ തിവാരി പറഞ്ഞു.
രോഹിത്തിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലെ റെക്കോഡിനെക്കുറിച്ചും യുവതാരങ്ങളിക്കിടയിലെ രോഹിത്തിന്റെ പ്രീതിയെ കുറിച്ചും തിവാരി സംസാരിച്ചു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോഡും വിജയനിരക്കും മികച്ചതാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ രോഹിത് വളരെ ജനപ്രിയനായ ക്യാപ്റ്റനായിരുന്നുവെന്നും തിവാരി പറഞ്ഞു. യുവതാരങ്ങള്‍ പോലും അവന്റെ കീഴില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബംഗാള്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോഡ് നോക്കൂ, അത് വളരെ നല്ലതാണ്. അദ്ദേഹം 12 ടെസ്റ്റുകള്‍ ജയിച്ചപ്പോള്‍ 9 എണ്ണം തോല്‍ക്കുകയും 3 എണ്ണം സമനിലയുമായി. അതിനാല്‍ അവന്റെ വിജയ നിരക്കിനെക്കുറിച്ച് യാതൊരു സംശയവുമില്ല – അത് മികച്ചതാണ്.
ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ രോഹിത് വളരെ ജനപ്രിയനായ ക്യാപ്റ്റനായിരുന്നു. യുവതാരങ്ങള്‍ പോലും അവന്റെ കീഴില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. ‘രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു’ എന്ന് അവര്‍ എപ്പോഴും അവരുടെ അഭിമുഖങ്ങളില്‍ പറയുന്നത് നമ്മള്‍ കേള്‍ക്കാറുണ്ട്,’ തിവാരി പറഞ്ഞു.
Content Highlight: Manoj Tiwary says Rohit Sharma deserved a proper retirement from test cricket